| Sunday, 22nd October 2023, 8:46 am

സിനിമയില്‍ മെന്റല്‍ സ്ട്രെയിനുണ്ട്; പല സിറ്റുവേഷനിലും ഞാന്‍ ഡൗണാകും: ബിജു മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ സ്ട്രെയിന്‍ ഉള്ള കാര്യമാണ് അഭിനയമെന്ന് നടന്‍ ബിജു മേനോന്‍. തനിക്ക് സിനിമ സ്ട്രെയിന്‍ നല്‍കുന്ന കാര്യമാണെന്നും ഒരു സമയത്ത് ഒരു സിനിമ മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും താരം പറയുന്നു.

പല സിറ്റുവേഷനിലും താന്‍ ഡൗണാകുമെന്നും ബിജു പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഒരാള്‍ക്ക് ഒരു ക്യാരക്ടറിലേക്ക് ആഴത്തില്‍ പോകാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. എന്തായാലും എനിക്ക് പറ്റാറില്ല. മറ്റുള്ളവര്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് അറിയില്ല. എല്ലാം അഭിനയിക്കുന്ന സമയത്ത് നടക്കുന്നതാണ്.

ആ സമയം ഒരുപാട് കാര്യങ്ങള്‍ ചിന്തിക്കാനുണ്ട്. ഭയങ്കരമായിട്ട് ബ്രെയിന്‍ വര്‍ക്ക് ചെയ്യേണ്ടതുണ്ട്. ആ സമയത്ത് പൂര്‍ണമായും ഒരു കഥാപാത്രത്തിലേക്ക് എത്താനൊന്നും പറ്റില്ല. ഓരോ സീനിലും എവിടെ തിരിയണം, എവിടെ ഡയലോഗ് പറയണമെന്നൊക്കെയുള്ള കാര്യങ്ങള്‍ നമ്മളുടെ ബ്രെയിനില്‍ നടക്കും.

എന്നാല്‍ ഓരോ സിനിമയുടെ ഷൂട്ട് കഴിയുമ്പോഴും ഞാന്‍ പരമാവധി ഒന്ന് റിഫ്രഷാവാന്‍ ശ്രമിക്കാറുണ്ട്. അത് ആ സിനിമയ്ക്ക് വേണ്ടിയോ അല്ലെങ്കില്‍ ഒരു കഥാപാത്രത്തിന് വേണ്ടിയോ അല്ല.

എന്റെ കുടുംബത്തിന് വേണ്ടിയാണ്. കുറച്ച് സമയം അവരുടെ കൂടെ ഇരിക്കാന്‍ വേണ്ടിയാണ്. ഓരോ സിനിമ കഴിയുമ്പോഴും എനിക്ക് മൈന്‍ഡ് ഒന്ന് ഫ്രീയാക്കണം. ഭയങ്കര സ്ട്രെയിന്‍ ഉള്ള കാര്യമാണ് അഭിനയം.

എനിക്ക് സിനിമ നല്ല സ്ട്രെയിന്‍ തരുന്ന കാര്യമാണ്. ഒരു സമയത്ത് എനിക്ക് ഒരു സിനിമ മാത്രമേ ചെയ്യാന്‍ സാധിക്കുള്ളു. അതിന് എന്നെ കൊണ്ട് പറ്റുന്ന രീതിയില്‍ ഞാന്‍ ഔട്ട്പുട്ട് കൊടുക്കും.

സിനിമയില്‍ മെന്റല്‍ സ്ട്രെയിനുണ്ട്. ഫിസിക്കല്‍ സ്ട്രെയിന്‍ അല്ലാതെ ചിലപ്പോ മെന്റല്‍ സ്ട്രെയിന്‍ ഉണ്ടാകാം. പല സിറ്റുവേഷനിലും നമ്മള്‍ ഡൗണാകും.

അപ്പോള്‍ ഒരു മാസമൊക്കെ മാറിനിന്ന് കുറച്ച് ദിവസം ബ്രേക്ക് എടുത്ത് ഫാമിലിയുടെയും ഫ്രണ്ട്‌സിന്റെയും കൂടെ ഇരിക്കും. യാത്രകളൊക്കെ ചെയ്യുമ്പോള്‍ ഒന്ന് മൈന്‍ഡ് ഫ്രീയാകും. അല്ലാതെ ഒരു കഥാപാത്രം ഇറങ്ങി പോകാന്‍ വേണ്ടി ഞാന്‍ ബ്രേക്ക് എടുക്കാറില്ല,’ ബിജു മേനോന്‍ പറയുന്നു.

Content Highlight: Actor Biju Menon Talks About Mental Strain In Movies

We use cookies to give you the best possible experience. Learn more