ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുമായുള്ള സൗഹൃദത്തിന്റെയും ചില പിണക്കങ്ങളുടെയും അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് നടന്‍ ബിജു മേനോന്‍. മലയാളപ്പാട്ടുകളെ ഇംഗ്ലീഷ് വത്കരിക്കുന്ന ഒരു ശീലം തനിക്ക് പണ്ടുണ്ടായിരുന്നെന്നും ഗിരീഷ് പുത്തഞ്ചേരിയാണ് അത് നിര്‍ത്തിച്ചെന്നതുമാണ് ബിജു മേനോന്‍ പറയുന്നത്. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കുനാഥന്‍ സിനിമയുടെ ഷൂട്ടിംഗ് ഹരിദ്വാറില്‍ നടക്കുന്നതിനിടയില്‍ ബാലേട്ടന്‍ എന്ന ചിത്രത്തിലെ ഗിരീഷ് തന്നെ എഴുതിയ ‘ഇന്നലെ എന്റെ നെഞ്ചിലെ’ എന്ന ഗാനം മംഗ്ലിഷീല്‍ പാടിയത് കേട്ട് അദ്ദേഹം ദേഷ്യപ്പെട്ടിറങ്ങിപ്പോയെന്ന് ബിജു മേനോന്‍ പറയുന്നു.
എന്നാല്‍ തൊട്ടടുത്ത ദിവസം അദ്ദേഹത്തിന് ഇങ്ങനെയൊരു സംഭവം നടന്നതിന്റെ ഒരു പ്രശ്‌നവുമില്ലാതെ അദ്ദേഹം പെരുമാറിയെങ്കിലും മംഗ്ലീഷില്‍ പാടുന്ന ശീലം താന്‍ പിന്നീട് തുടര്‍ന്നില്ലെന്നാണ് ബിജു മേനോന്‍ പറയുന്നു.
‘ഹരിദ്വാറില്‍ വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ആശ്രമത്തിന്റെ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. വൈകുന്നേരങ്ങളില്‍ എല്ലാവരും ഒത്തുകൂടുന്ന പതിവുണ്ട്. മിക്കവാറും ലാലേട്ടന്റെ റൂമിലായിരിക്കും. വെടിവെട്ടങ്ങള്‍ പറഞ്ഞിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഞാനൊരു പാട്ട് പാടിയത്.
പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോള്‍ ആസ്വദിച്ച മട്ടിലാണ് ഗിരീഷ് പുത്തഞ്ചേരിയെ കണ്ടത്. പെട്ടെന്ന് പുള്ളിക്കാരന്റെ മട്ടും ഭാവവും മാറി. എന്നോട് ദേഷ്യപ്പെടാന്‍ തുടങ്ങി ‘നിനക്ക് അക്ഷരം അറിയാമോടാ’ എന്ന് ആക്രോശിച്ചുകൊണ്ട് അദ്ദേഹം എനിക്ക് വായിക്കാന്‍ തന്ന എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പുസ്തകവും തിരികെ വാങ്ങി മുറിക്ക് പുറത്തിറങ്ങി.
അദ്ദേഹം ദേഷ്യപ്പെടാന്‍ കാരണമുണ്ട്. ഞാന്‍ പാടിയത് ഗിരീഷ് തന്നെ എഴുതിയ ബാലേട്ടനിലെ പ്രശസ്തമായ ആ ഗാനമാണ്. ‘ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ…’ എന്ന് തുടങ്ങുന്ന ഗാനം. പക്ഷേ ഞാന്‍ മംഗ്ലീഷിലാണ് പാടിയത്. ‘യെസ്റ്റര്‍ഡേ എന്റെ ചെസ്റ്റിലെ സ്മാള്‍ സോയില്‍ ലാമ്പ് ഊതിയില്ലേ…’എന്ന്.
ആ പാട്ടിനെ വികൃതമാക്കിയതിന്റെ ദേഷ്യമാണ് അന്ന് ഗിരീഷ് പുത്തഞ്ചേരി പ്രകടിപ്പിച്ചത്. അതിന്റെ പേരില്‍ പിണങ്ങിയിറങ്ങിയെങ്കിലും പിറ്റേന്ന് അങ്ങനെയൊരു സംഭവം നടന്ന ഭാവംപോലും അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. പതിവുപോലെ സൗഹൃദത്തോടെ പെരുമാറി.
പക്ഷേ അന്നത്തെ സംഭവത്തോടെ പാട്ടുകളെ മംഗ്ലീഷ് വല്‍ക്കരിക്കുന്നത് ഞാന്‍ നിര്‍ത്തി,’ ബിജു മേനോന്‍ പറഞ്ഞു.
മോഹന്‍ലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമൊപ്പമുള്ള നിരവധി ഓര്‍മ്മകളും ബിജു മേനോന്‍ ഈ അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.
ആര്‍ക്കറിയാമാണ് ബിജു മേനോന്റെ അവസാനമിറങ്ങിയ ചിത്രം. ലളിതം സുന്ദരം, ഒറ്റക്കൊമ്പന്‍, ഒരു തെക്കന്‍ തല്ലു കേസ് എന്നീ ചിത്രങ്ങളിലായിരിക്കും താരം ഇനിയെത്തുക.