സംയുക്ത വര്‍മയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നാണെന്ന് ചോദിക്കുന്നവരാണ് ഒട്ടുമിക്ക ആരാധകരും. ഇപ്പോഴിതാ സംയുക്തയുടെ തിരിച്ചുവരവിനെ കുറിച്ച് പറയുകയാണ് നടനും സംയുക്തയുടെ ഭര്‍ത്താവുമായ ബിജു മേനോന്‍.
സിനിമയില്‍ അഭിനയിക്കണോ എന്നതിനെ കുറിച്ച് തീരുമാനം എടുക്കേണ്ടത് സംയുക്ത തന്നെയാണെന്ന് ബിജു മേനോന്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ അഭിനയത്തിലെയ്ക്ക് തിരിച്ചു വരാന്‍ സംയുക്തക്ക് താല്‍പ്പര്യമില്ലെന്നും ബിജു മേനോന്‍ പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.
”സംയുക്ത എന്നാണ് സിനിമയിലേക്ക് തിരിച്ചുവരിക എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. സിനിമയിലഭിനയിക്കണോ എന്ന കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള അവകാശം സംയുക്തക്കുണ്ട്. ഞാനൊരിക്കലും നിര്‍ബന്ധിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ അഭിനയിക്കാന്‍ അവള്‍ക്ക് താല്‍പ്പര്യമില്ല. ഞങ്ങള്‍ക്ക് ഒരു മോനുണ്ട്. അവന്റെ കാര്യങ്ങള്‍ നോക്കുന്നതിനാണ് മുന്‍ഗണന. അഭിനയിക്കണമെന്ന് തോന്നുകയാണെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട്”- ബിജു മേനോന്‍ പറഞ്ഞു.
തന്റെ അഭിനയം ബോറാണെന്ന് സംയുക്ത പല അവസരത്തിലും പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ആ സിനിമയുടെ പേരുകള്‍ പുറത്തു പറഞ്ഞാല്‍ മറ്റു പലര്‍ക്കും വിഷമമാകുമെന്നും ബിജു പറഞ്ഞു. ‘സിനിമ അറിയാത്ത ഭാര്യയായിരുന്നെങ്കില്‍ പലതും ബോധ്യപ്പെടുത്താന്‍ വിഷമമുണ്ടാകുമായിരുന്നു. ഇവിടെ അങ്ങനെയുള്ള പ്രശ്‌നമില്ല’- ബിജു കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്കു വേണ്ടി വോട്ട് ചോദിക്കാനെത്തിയത് എന്തുകൊണ്ടാണെന്നും ബിജു മേനോന്‍ വിശദീകരിച്ചു.
‘ആ സംഭവത്തില്‍ ഒട്ടും നിരാശ തോന്നിയിട്ടില്ല. ചേട്ടന്റെ സ്ഥാനത്തുള്ള ഒരാള്‍ക്ക് വിജയാശംസ നേരേണ്ടത് തന്റെ ബാധ്യതയും കടമയുമാണ്. ആ വിശ്വാസത്തിലാണ് പ്രചാരണത്തിന് പോയത്. ചില കമന്റുകള്‍ വിഷമിപ്പിച്ചിരുന്നു’-ബിജു മേനോന്‍ പറഞ്ഞു.
‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രമാണ് ബിജു മേനോന്റെതായി തിയേറ്ററില്‍ എത്താനുള്ളത്. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സജീവ് പാഴൂരാണ്. സംവൃത സുനിലാണ് നായിക. നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. ശ്രുതി ജയന്‍, ശ്രീകാന്ത് മുരളി, സുധി കോപ, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ്, അലന്‍സിയര്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.