അവിടെ വെച്ചായിരുന്നു ആ വാര്‍ത്ത പുറത്ത് വന്നത്, അങ്ങനൊരു അനുഭവം ആദ്യമായിരുന്നു: ബിജു മേനോന്‍
Entertainment news
അവിടെ വെച്ചായിരുന്നു ആ വാര്‍ത്ത പുറത്ത് വന്നത്, അങ്ങനൊരു അനുഭവം ആദ്യമായിരുന്നു: ബിജു മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd January 2023, 9:58 am

സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന തങ്കം സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് നടന്‍ ബിജു മേനോന് ദേശീയ പുരസ്‌കാരം ലഭിച്ചു എന്ന വാര്‍ത്ത് പുറത്ത് വരുന്നത്. ബിജു മേനോന് മാത്രമല്ല ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പലര്‍ക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ആ നിമിഷം എങ്ങനെയായിരുന്നു എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് ബിജു മേനോന്‍. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഷൂട്ടിന്റെ ആവശ്യത്തിനായി ഹോട്ടല്‍ റൂമിലിരിക്കുമ്പോഴാണ് ടി.വിയിലൂടെ ഈ വാര്‍ത്ത അറിയുന്നതെന്നും അന്ന് ഒപ്പമുണ്ടായിരുന്ന പലരും അവാര്‍ഡ് ജേതാക്കളായിരുന്നു എന്നും ബിജു മേനോന്‍ പറഞ്ഞു. തന്റെ ജീവിതത്തില്‍ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്നും എല്ലാവരും ഒരുമിച്ച് ഒരു സെല്‍ഫിയെടുത്താണ് തങ്കത്തിന്റെ ഷൂട്ട് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘തങ്കത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന്റെ തലേദിവസം കൊസ്റ്റിയൂമൊക്കെ നോക്കുന്ന ഒരു പരിപാടിയുണ്ടായിരുന്നു. അങ്ങനെ നമ്മള്‍ എല്ലാവരും കൂടി ഒരു ഹോട്ടലില്‍ ഇരിക്കുമ്പോഴാണ് എനിക്ക് അവാര്‍ഡ് കിട്ടിയെന്ന വാര്‍ത്ത ടി.വിയില്‍ വരുന്നത്. ഹോട്ടലിന്റെ റൂമില്‍ നിന്നും ഓരോരുത്തരും ഇറങ്ങി വരാന്‍ തുടങ്ങി. ഇറങ്ങി വരുന്നവരെല്ലാം തന്നെ അവാര്‍ഡ് ജേതാക്കളാണ് എന്നതായിരുന്നു അതിന്റെ തമാശ.

അങ്ങനെ പെട്ടെന്ന് ഞങ്ങള്‍ എല്ലാവരുംകൂടി ടി.വിക്ക് മുന്നില്‍ കൂടിച്ചേര്‍ന്നു. ശരിക്കും പറഞ്ഞാല്‍ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണത്. അടുത്ത ദിവസം ഷൂട്ട് തുടങ്ങാന്‍ പോകുന്ന സിനിമയിലെ ഏതാണ്ട് എല്ലാവര്‍ക്കും തന്നെ അവാര്‍ഡ് കിട്ടുക എന്നത് ചെറിയ കാര്യമല്ലല്ലോ. ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുന്ന ഒരു സെല്‍ഫിയിലാണ് ഷൂട്ട് തുടങ്ങിയത്.

പിന്നെ പറയുകയാണെങ്കില്‍ ഒരുപാട് പോസിറ്റീവ് കാര്യങ്ങള്‍ സംഭവിച്ച സിനിമയായിരുന്നു തങ്കം. ഒരുപാട് യാത്രകളൊക്കെ ചെയ്ത സിനിമ കൂടിയായിരുന്നു. സിനിമയുടെ സ്വഭാവം അങ്ങനെയായിരുന്നു. തൃശൂരില്‍ നിന്നും തുടങ്ങി കോയമ്പത്തൂര്‍ ബോംബെ അങ്ങനെ ഒരുപാട് സഥലത്ത് ഷൂട്ട് നടത്തിയിരുന്നു. ഇതുപോലെ യാത്രകളുമൊക്കെയായി ബന്ധപ്പെട്ട സിനിമയാണിത്. സിനിമയെ കുറിച്ച് അങ്ങനെ ഒരുപാട് കാര്യങ്ങളൊന്നും പറയാന്‍ സാധിക്കില്ല,’ ബിജു മേനോന്‍ പറഞ്ഞു.

ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന് പുറമെ വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിലൊരുങ്ങുന്ന സിനിമ ജനുവരി 26നാണ് തിയേറ്റിലെത്തുന്നത്.

CONTENT HIGHLIGHT: ACTOR BIJU MENON ABOUT NATIONAL AWARD