മലയാള സിനിമയില്‍ തനിക്ക് ഏറ്റവും അടുപ്പമുള്ള വ്യക്തിയെ കുറിച്ച് പറയുകയാണ് നടന്‍ ബിജു മേനോന്‍. ലാലേട്ടനോടും മമ്മൂക്കയോടും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ അത്രയും സ്വാതന്ത്ര്യം എടുക്കാനുള്ള ഒരു ധൈര്യം തനിക്ക് ഉണ്ടാവാറില്ലെന്നുമാണ് ബിജു മേനോന്‍ പറയുന്നത്.
മോഹന്‍ലാല്‍, മമ്മൂട്ടി സുരേഷ് ഗോപി ഇവരില്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം എടുക്കാവുന്നത് ആരുടെ അടുത്താണെന്ന ചോദ്യത്തിന് അത് സുരേഷ് ഗോപിയുടെ അടുത്താണെന്നായിരുന്നു ബിജു മേനോന്റെ മറുപടി. മലയാള സിനിമയില്‍ തനിക്ക് ഏറ്റവും അടുപ്പമുള്ള ഒരു വ്യക്തിയും അദ്ദേഹമാണെന്ന് ബിജു മേനോന്‍ പറഞ്ഞു.
മമ്മൂക്കയോടും ലാലേട്ടനോടും ഏത് കാര്യവും സ്വാതന്ത്ര്യത്തില്‍ സംസാരിക്കാവുന്ന സ്‌പേസ് അവര്‍ തരുമെങ്കിലും അതിനുള്ള ധൈര്യം തനിക്ക് ഉണ്ടാവാറില്ലെന്നും ബിജു മേനോന്‍ പറഞ്ഞു.
ലാലേട്ടന്റെ അടുത്ത് ഞാന്‍ ഫ്രണ്ട്‌ലിയാണ്. പിന്നെ അദ്ദേഹത്തെ നമുക്ക് അധികം അങ്ങനെ കിട്ടില്ലല്ലോ. പിന്നെ നമ്മള്‍ കണ്ടുവളര്‍ന്നത് ഇവരെ ആണല്ലോ. ഇവര്‍ അടുത്ത് ഇരിക്കുമ്പോള്‍ അത് റിയാലിറ്റിയാണോ എന്ന് പോലും തോന്നിയിട്ടുണ്ട്. ഇപ്പോഴും അവരെ ആ രീതിയിലേ കാണാന്‍ പറ്റൂ. ലാലേട്ടന്റേയും മമ്മൂക്കയുടേയും ഒക്കെ അടുത്ത് പോയി തമാശയൊക്കെ പറയണമെന്നുണ്ടാകും. പക്ഷേ അതിന് പറ്റാതെ വരും, ബിജു മേനോന്‍ പറയുന്നു.
സുരേഷേട്ടനൊപ്പം ഒരുപാട് സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹവുമായി വലിയ അടുപ്പമുണ്ട്. പിന്നെ ഞാന്‍ അദ്ദേഹത്തിനൊപ്പമാവുമ്പോള്‍ ഭയങ്കരമായി കംഫര്‍ട്ടബിള്‍ ആയിരിക്കും. ഒരു ചേട്ടനെപ്പോലെയാണ് അദ്ദേഹത്തെ കാണുന്നത്. എന്തുകാര്യവും ചോദിക്കാനും പറയാനുമൊക്കെ കഴിയുന്ന സൗഹൃദമാണ് ഞങ്ങളുടേത്.
പുള്ളി വളരെ ഓപ്പണ്‍ ആയിട്ടാണ് കാര്യങ്ങളെ സമീപിക്കുക. വിവാദമൊന്നും അദ്ദേഹം നോക്കില്ല. പറയുന്ന കാര്യങ്ങള്‍ വളരെ ജനുവിന്‍ ആയിട്ടാണ് അദ്ദേഹം പറയുക. ഞാന്‍ പരിചയപ്പെട്ടതിലും സംസാരിച്ചതിലും വെച്ച് വളരെ സത്യസന്ധനായ, നല്ലൊരു മനുഷ്യനാണ് സുരേഷേട്ടന്‍.
എന്റെ വിവാഹക്കാര്യത്തിലടക്കം സഹോദരസ്ഥാനത്ത് അദ്ദേഹം ഉണ്ടായിരുന്നു. ഒരാളുടെ വേദന അദ്ദേഹത്തിന് പെട്ടെന്ന് മനസിലാകും. ഒരുപക്ഷേ അദ്ദേഹം അത്തരത്തില്‍ കടന്നുപോയതുകൊണ്ടായിരിക്കാം. നല്ലൊരു മനുഷ്യത്വമുള്ള വ്യക്തിയാണ്. ഇപ്പോഴും ആ അടുപ്പമാണ് എനിക്ക് അദ്ദേഹത്തോടുള്ളത്, ബിജു മേനോന്‍ പറഞ്ഞു.