| Tuesday, 19th October 2021, 1:58 pm

ആദ്യ സിനിമ പരാജയപ്പെട്ടതോടെ രണ്ടാമത്തെ സിനിമയ്ക്ക് നല്‍കിയ അഡ്വാന്‍സ് അവര്‍ തിരിച്ചുവാങ്ങി; ബിജു മേനോന്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയനടന്മാരില്‍ ഒരാളാണ് ബിജു മേനോന്‍. ഏത് തരത്തിലുള്ള കഥാപാത്രങ്ങളേയും അനായാസമായി അവതരിപ്പിക്കാനുള്ള അപാരമായ കഴിവ് തന്നെയാണ് മറ്റു നടന്മാരില്‍ നിന്ന് ബിജു മേനോനെ വ്യത്യസ്തനാക്കുന്നത്. കോമഡിയായാലും സീരിയസ് കഥാപാത്രങ്ങളായാലും ഒരുപോലെ അഭിനയിച്ചുഫലിപ്പിക്കാന്‍ ബിജു മേനോന് സാധിച്ചിട്ടുണ്ട്.

ഇപ്പോള്‍ തന്റെ സിനിമാ കരിയറിനെ കുറിച്ചും ആദ്യ സിനിമ പരാജയപ്പെട്ട ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ബിജു മേനോന്‍. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തെ കുറിച്ച് ബിജു മേനോന്‍ മനസുതുറന്നത്.

”ആദ്യത്തെ സിനിമ കഴിഞ്ഞ് എന്തുചെയ്യണമെന്ന് അറിയാത്ത ഒരു കണ്‍ഫ്യൂഷനില്‍ ഇരിക്കുകയാണ് ഞാന്‍. പഠിത്തം തുടരണോ അതോ സിനിമയാണോ എന്നുള്ള ആശയക്കുഴപ്പത്തിലായിരുന്നു.

എന്റെ ആദ്യ സിനിമ ഇറങ്ങിയ ശേഷം രണ്ടാമത്തെ സിനിമയ്ക്ക് ഒരാള്‍ അഡ്വാന്‍സ് തന്നു. എന്നാല്‍ ആദ്യ സിനിമ ഫ്‌ളോപ്പായതോടെ ഇവര്‍ ആ അഡ്വാന്‍സ് തിരിച്ചുവാങ്ങി. ആ സമയത്ത് എനിക്ക് അറിയില്ല എന്തായിരിക്കും സിനിമയിലെ എന്റെ ഭാവിയെന്ന്.

എന്തുചെയ്യണമെന്ന് ഞാന്‍ അച്ഛനോട് ചോദിച്ചു. നീ ഇതുവരെ എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്നായി അദ്ദേഹത്തിന്റെ ചോദ്യം.  പഠിക്കുകയായിരുന്നു എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ തുടര്‍ന്ന് പഠിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.

അങ്ങനെ പഠിക്കാന്‍ വേണ്ടി വീണ്ടും തയ്യാറെടുക്കുമ്പോഴാണ് പ്രേം പ്രകാശ് ഹൈവേ എന്ന ചിത്രത്തിന് വേണ്ടി എന്നെ വിളിക്കുന്നത്. ഒരു പൊലീസ് കഥാപാത്രമാണെന്നും വലിയ റോളൊന്നുമല്ലെന്നും പക്ഷേ നീ ചെയ്താല്‍ നന്നാവുമെന്നും പറഞ്ഞു. അങ്ങനെയാണ് ഹൈവേയില്‍ അഭിനയിക്കാനായി പോകുന്നത്.

എന്റെ ആദ്യ സിനിമയില്‍ വലിയ ആര്‍ടിസ്റ്റുകളൊന്നും ഇല്ല. ഷമ്മി ചേട്ടന്‍, ചിപ്പി പോലുള്ള താരങ്ങളാണ് ഉള്ളത്. ഇവിടെ ചെന്നപ്പോള്‍ സുരേഷ് ഗോപി, ഭാനുപ്രിയ, ജനാര്‍ദ്ദനന്‍ ചേട്ടന്‍ അങ്ങനെ കുറേപ്പേരുണ്ട്.

എനിക്കാണെങ്കില്‍ ഭയങ്കരമായ ചമ്മലായിരുന്നു. ലൊക്കേഷനില്‍ ഞാന്‍ അവരുടെയൊന്നും അടുത്തേക്ക് പോകാതെ മാറി മാറി നില്‍ക്കുകയായിരുന്നു. അങ്ങനെ ബ്രേക്ക് ടൈമില്‍ സുരേഷേട്ടന്‍ എന്നെ വിളിച്ചു. എന്താണ് മാറിയിരിക്കുന്നതെന്ന് ചോദിച്ചു. എല്ലാവരും ഒരുമിച്ചിരിക്കണമെന്നും ഒന്നിച്ചു ഭക്ഷണം കഴിക്കണമെന്നുമൊക്കെ പറഞ്ഞു. അത്തരത്തില്‍ എനിക്ക് ആദ്യമായി ഒരു ഊഷ്മളമായ ഒരു അനുഭവം കിട്ടിയത് സുരേഷേട്ടനില്‍ നിന്നാണ്,” ബിജു മേനോന്‍ പറയുന്നു.

പുതിയ താരങ്ങളെപ്പോലെ എന്തുകൊണ്ട് ജിമ്മും വര്‍ക്ക് ഔട്ടും ഒന്നുമില്ലെന്ന ചോദ്യത്തിന് ഞാന്‍ ജിമ്മിലൊക്കെ പോകാന്‍ തീരുമാനിക്കുമ്പോഴായിരിക്കും ചില ഏജ്ഡ് ആയിട്ടുള്ള കഥാപാത്രങ്ങളൊക്കെ വരികയെന്നായിരുന്നു ബിജു മേനോന്റെ മറുപടി. അവര്‍ക്ക് മസില്‍ പറ്റില്ലല്ലോയെന്നും ചിരിയോടെ ബിജു മേനോന്‍ പറയുന്നു.

പൊതുവേ ഫിറ്റ്‌സിനോടൊന്നും അത്ര വലിയ ചായ്‌വ് ഇല്ലാത്ത ആളാണ് ഞാന്‍. നടത്തമൊക്കെയുണ്ടെന്നല്ലാതെ വേറെ ഒന്നും ഇല്ല. പിന്നെ അത്തരത്തിലൊരു ബോഡി ഇഷ്ടമല്ലെന്ന് വേണമെങ്കില്‍ പറയാം. പിന്നെ നാടന്‍ കഥാപാത്രങ്ങളൊക്കെ ചെയ്യുമ്പോള്‍ ആ രീതിയിലുള്ള ഫിസിക് പറ്റില്ല. പിന്നെ കഥാപാത്രങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ നോക്കാവുന്നതേയുള്ളൂ, ബിജു മേനോന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Biju Menon About His cinema career

We use cookies to give you the best possible experience. Learn more