കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബിജു മേനോന്‍. നായകനായും സഹ നടനായും വില്ലനായുമെല്ലാം വെള്ളിത്തിരയില്‍ തിളങ്ങിയ താരം സിനിമയില്‍ 25 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.
ഗൗരവമുളള കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച ബിജു മേനോന്‍ പിന്നീട് കോമഡി കഥാപാത്രങ്ങള്‍ക്കും ജീവന്‍ കൊടുത്തു. 2010ല്‍ ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മേരിയ്ക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ബിജു മേനോന്‍ അവതരിപ്പിച്ച ജോസേട്ടന്‍ എന്ന കഥാപാത്രം സിനിമയില്‍ അദ്ദേഹത്തിന്റെ ഗ്രാഫ് ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. എന്നാല്‍, ഈ കഥാപാത്രം തനിക്ക് അപ്രതീക്ഷിതമായി ലഭിച്ചതാണെന്നാണ് ബിജു മേനോന്‍ പറയുന്നത്.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘സുരേഷ് ഗോപിയോ ലാലോ ആയിരുന്നു ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത്. പിന്നീടത് എന്നിലേക്ക് വന്നു ചേരുകയായിരുന്നു’, അദ്ദേഹം പറഞ്ഞു.
ഈ സിനിമയാണ് തനിക്ക് ഒരു കൊമേഴ്‌സ്യല്‍ ബ്രേക്ക് തന്നതെന്നും പിന്നീട് ഇത്തരം സിനിമകള്‍ ഇങ്ങോട്ട് തേടിയെത്തുകയായിരുന്നെന്നും ബിജു മേനോന്‍ പറയുന്നു. കാര്യമായ ഡയലോഗുകള്‍ ഒന്നുമില്ലെങ്കിലും സാഹചര്യങ്ങള്‍ കഥ പറയുന്ന രീതിയാണ് ‘ജോസേട്ടനെ’ വ്യത്യസ്തനാക്കുന്നത് എന്നാണ് താരത്തിന്റെ അഭിപ്രായം.
പിന്നീട് വന്ന സിനിമകള്‍ എല്ലാം ഇരു കൈയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു. അതുകൊണ്ട് തന്നെ ഇത്തരം സിനിമകള്‍ ഒരേ സമയം ഉത്തരവാദിത്തവും ബാധ്യതയുമായി മാറിയെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
‘സിനിമയെ സംബന്ധിച്ച് വിജയം അനിവാര്യ ഘടകമാണ്. നര്‍മം കലര്‍ന്ന സിനിമകളോടാണ് ആളുകള്‍ക്ക് താല്‍പര്യം. സിനിമയില്‍ ഏത് കഥാപാത്രം അഭിനയിക്കാനും എനിക്ക് ഇഷ്ടമാണ് ‘, അദ്ദേഹം പറഞ്ഞു.
റിയലിസ്റ്റിക് സിനിമകളോട് തനിക്ക് അടങ്ങാത്ത പ്രേമമാണെന്നും അത്തരം സിനിമകളില്‍, അഭിനയിക്കാതെ ജീവിക്കാമല്ലോ എന്നുമാണ് ബിജു മേനോന്‍ പറഞ്ഞവസാനിപ്പിക്കുന്നത്.