| Saturday, 25th February 2023, 8:44 am

സിനിമാമേഖലയില്‍ ഗൗരവമായി ആലോചിക്കേണ്ട വിഷയമാണത്, എപ്പോള്‍ വേണെങ്കിലും ആര്‍ക്കും എന്തും ഇറക്കാമെന്ന അവസ്ഥയാണ്: ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകള്‍ തുടര്‍ച്ചയായി റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അടിയന്തരമായി ചര്‍ച്ച നടത്തണമെന്ന് നടന്‍ ബൈജു. വെള്ളിയാഴ്ച മാത്രമായി 8 ചിത്രങ്ങളാണ് ഒരു ദിവസം റിലീസായത്. ഇത് സിനിമയുടെ പരാജയത്തിന് കാരണമാവില്ലെയെന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.

ഒരു ആഴ്ച മൂന്ന് സിനിമകളില്‍ കൂടുതല്‍ റിലീസ് ചെയ്യാന്‍ പാടില്ലെന്നുള്ള നിയമം മുമ്പ് ഉണ്ടായിരുന്നുവെന്നും ഇന്ന് അതൊക്കെ എവിടെയാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേ ഗൗരവത്തില്‍ എടുക്കേണ്ട മറ്റൊരു വിഷയം ടിക്കറ്റ് റേറ്റാണന്നും ബൈജു പറഞ്ഞു. ബൂമറാംഗ് എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് താരം തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

”ശരിയാണ്, സിനിമാ മേഖലയില്‍ ഒരു ചര്‍ച്ചയുടെ സമയമായി. ഒരു പത്ത്, പതിനഞ്ച് വര്‍ഷം മുമ്പ് അങ്ങനെയൊരു തീരുമാനം നിലവില്‍ വന്നിരുന്നു. ഒരു ആഴ്ച മൂന്ന് പടങ്ങളില്‍ കൂടുതല്‍ ഇറക്കരുതെന്ന് പറഞ്ഞു കൊണ്ട് ഒരു നിയമം ഉണ്ടായിരുന്നു. അതൊക്കെ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല.

ഇപ്പോള്‍ അങ്ങനെയൊരു സംഭവം ഇല്ല. എപ്പോള്‍ വേണെങ്കിലും ആര്‍ക്കും എന്തും ഇറക്കാം എന്ന അവസ്ഥയാണ്. ഇതെല്ലാം കൂടി ഒരുമിച്ച് റിലീസ് ചെയ്താല്‍ ആളുകള്‍ ഏതാണ് കാണുക. പ്രേക്ഷകര്‍ക്ക് ഒരു ശ്വാസം വിടാനുള്ള സമയം കൊടുക്കേണ്ടെ. ശരിക്കും ഇതിനൊക്കെ ഒരു മാറ്റം വേണം. വളരെ ഗൗരവകരമായി ആലോചിക്കേണ്ട കാര്യമാണ് സിനിമ റിലീസിങ്.

പിന്നെ അതുപോലെ ഒന്നാണ് ടിക്കറ്റ് റേറ്റ്. അതൊരു മുഖ്യ ഘടകമാണ്. ഞാന്‍ ഇന്ന് മാളില്‍ പോയപ്പോള്‍ എനിക്ക് മനസിലായ കാര്യമാണത്. ടിക്കറ്റ് റേറ്റിന്റെ കാര്യത്തില്‍ ആളുകള്‍ക്ക് കൊണ്ടു പോവാന്‍ പറ്റുന്നില്ല.

സാധാരണക്കാര് വന്നാല്‍ അല്ലെ സിനിമ വിജയിക്കുകയുള്ളു. അവര്‍ക്ക് വരാന്‍ പറ്റാത്ത അവസ്ഥയാണ്. ഈ ടിക്കറ്റ് റേറ്റ് കാരണമാണ് അവര്‍ വരാത്തത്. അതിന് ഒരു അടിയന്തരമായ ചര്‍ച്ച ആവശ്യമാണ്,” ബൈജു പറഞ്ഞു.

content highlight: actor biju about film release

We use cookies to give you the best possible experience. Learn more