മരതകം എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിലുണ്ടായ രസകരമായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ ബിബിന്‍ ജോര്‍ജ്. മരതകം ഒരു ലൂപ് സിനിമയായിരുന്നു എന്നും അഭിനേതാക്കളെല്ലാം ഒരേ സീന്‍ തന്നെ മൂന്ന് ദിവസത്തോളം ആവര്‍ത്തിച്ച് കൊണ്ടിരിക്കുക ആയിരുന്നുവെന്നും താരം പറഞ്ഞു.
ആ സമയത്ത് സെറ്റില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ നടന്‍ ഉല്ലാസ് പന്തളം തന്റെ അഭിനയം മോശമായതുകൊണ്ടാണ് വീണ്ടും സീന്‍ ആവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ് കരഞ്ഞുവെന്നും ബിബിന്‍ പറഞ്ഞു. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് പരിപാടിയില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഞാനും വിഷ്ണുവും കൂടി മരതകം എന്നൊരു പടം ചെയ്തു. ഒരു ലൂപ് സിനിമയായിരുന്നു അത്. മലയാളത്തിലെ ആദ്യത്തെ ലൂപ് സിനിമയാണത്. അതായത് ഒരേ സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് വരും. നായകന് മാത്രമാണ് ഇത് മനസിലാവുക വേറെ ആര്‍ക്കും മനസിലാവുകയില്ല.
ബാക്കി എല്ലാവരും അതിനനുസരിച്ച് ഒരേ സീനും ഡയലോഗും വീണ്ടും വീണ്ടും അഭിനയിച്ച് കൊണ്ടിരിക്കണം. ഉല്ലാസ് ചേട്ടനും സിനിമയില്‍ ഉണ്ടായിരുന്നു. എനിക്ക് പടത്തിന്റെ കഥ അറിയാമയിരുന്നു. പക്ഷെ ചേട്ടന് സിനിമ ലൂപ്പാണെന്ന കാര്യത്തില്‍ ഒരു ധാരണ ഉണ്ടായിരുന്നില്ല. തിരക്കഥാകൃത്തിനോട് ഇതെന്താ കഥയെന്ന് മാത്രം പുള്ളി ചോദിച്ചിരുന്നു. ലൂപ്പാണെന്ന് അദ്ദേഹം മറുപടി കൊടുത്തു.
എന്നാല്‍ ചേട്ടന് ലൂപ് എന്താണെന്ന് മനസിലായില്ല. പക്ഷെ ഈഗോ കൊണ്ട് അതെന്താണെന്ന് ഉല്ലാസേട്ടന്‍ ചോദിച്ചുമില്ല. ഉല്ലാസേട്ടനാണെങ്കില്‍ ഓരോ ദിവസവും ഡയലോഗുകള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. മൂന്ന് ദിവസവും ഒരേ ഡയലോഗ് തന്നെയാണ് ആവര്‍ത്തിക്കുന്നത്.
മൂന്നാമത്തെ ദിവസം ഷൂട്ട് കഴിഞ്ഞ് ഞാന്‍ നോക്കുമ്പോള്‍ ഉല്ലാസേട്ടന്‍ ഒരിടത്ത് പോയിരുന്ന് കരയുന്നു. കരഞ്ഞുകൊണ്ട് പറയുകയാണ് ദൈവമേ എന്റെ അഭിനയ ജീവിതം തീര്‍ന്നു, ഞാന്‍ ചെയ്യുന്നത് ശരി ആകാഞ്ഞിട്ട് ഇവന്‍ വീണ്ടും വീണ്ടും എന്നെ കൊണ്ട് ചെയ്യിപ്പിക്കുകയാണെന്ന്,’ ബിബിന്‍ പറഞ്ഞു.
content highlight: actor bibin george about ullas panthalam