രാഷ്ട്രീയ പ്രവേശനത്തിനിടയിലെ നാടകീയ സംഭവങ്ങൾക്കെതിരെ ഉയർന്നുവന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടി പറയുകയാണ് നടൻ ഭീമൻ രഘു.
ട്രോളുകളെല്ലാം തനിക്ക് ഇഷ്ടമാണെന്നും താനത് സ്വീകരിക്കുന്നുണ്ടെന്നുമാണ് ഭീമൻ രഘു പറയുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എനിക്കെതിരെ വരുന്ന വിമർശനങ്ങളെ കുറിച്ചും ട്രോളുകളെ കുറിച്ചും ഞങ്ങൾ വീട്ടിൽ സംസാരിക്കാറുണ്ട്. എന്നെ കുറിച്ച് ആദ്യമായി വരുന്ന ഇങ്ങനെയുള്ള വിമർശനങ്ങൾ നല്ല രസകരമാണെന്നാണ് ഭാര്യ പറയാറ്.
അവളെന്നോട് ചോദിക്കാറുണ്ട് ചേട്ടനിത് എങ്ങനെയാണ് എടുക്കുകയെന്ന്. ഞാനിത് സന്തോഷകരമായി കോമഡിയായി അതങ്ങ് സ്വീകരിക്കും. അല്ലാതെ അതിന് മറുപടി കൊടുക്കാനൊന്നും ശ്രമിക്കാറില്ല. ഇത് വരെ കൊടുത്തിട്ടുമില്ല.
ട്രോളുകളെല്ലാം എനിക്ക് ഇഷ്ടമാണ് ഞാൻ അത് അംഗീകരിക്കുന്നുണ്ട്. ആ സംഭവം ട്രോൾ ചെയ്യ്തത് കൊണ്ട് നല്ല റീച്ചായി. എന്നോടാരും ഇനി അങ്ങനെ ചെയ്യരുത് എന്നൊന്നും പറഞ്ഞിട്ടില്ല. എന്നെ അറിയുന്നവർ എന്റെ കൂടെ തന്നെയുണ്ട്.
കാരണം എന്റെ ഭാഗത്ത് ഒരു തെറ്റുമില്ല. ഞാൻ ഉള്ള കാര്യം സത്യമായിട്ടങ്ങ് തുറന്ന് പറഞ്ഞു. അത് ജനങ്ങൾ പല രീതിയിൽ എടുക്കും. അവരുടെ സംസ്കാരത്തിലൂടെ അവർ ട്രോൾ ചെയ്തു എന്റെ സംസ്കാരത്തിലൂടെ ഞാൻ പ്രതികരിക്കാതിരുന്നു,’ ഭീമൻ രഘു പറയുന്നു.
നടൻ ധ്യാൻ ശ്രീനിവാസനെ കുറിച്ചുള്ള രസകരമായ ഓർമകളും ഭീമൻ രഘു അഭിമുഖത്തിൽ പങ്കുവച്ചു.
“ശ്രീനിവാസന്റെ ഇളയ മകൻ ധ്യാൻ കുഞ്ഞായിരുന്നപ്പോൾ ഞാൻ ഒരിക്കൽ ശ്രീനിയെ ഫോൺ ചെയ്തു. അപ്പോൾ ശ്രീനി പറഞ്ഞു ‘വിശേഷമൊന്നുമില്ല ഞാനിപ്പോൾ എന്നും രഘുവിനെ ഓർക്കും’ എന്ന്. ഞാൻ കാരണം ചോദിച്ചപ്പോൾ ശ്രീനി പറഞ്ഞത് ധ്യാൻ ആഹാരമൊന്നും കഴിക്കില്ല പക്ഷേ ഇപ്പോൾ ഭീമൻ രഘുവാണ് വിളിക്കുന്നതെന്ന് പറഞ്ഞാൽ അപ്പോൾ ധ്യാൻ ആഹാരം കഴിക്കുമെന്നാണ്. അവന് കുട്ടിക്കാലത്ത് എന്നെ ഭയങ്കര പേടിയായിരുന്നു. വളർന്ന് സിനിമയിൽ വന്നതിന് ശേഷം അവനെ നേരിൽ കണ്ടിട്ടില്ല,’ ഭീമൻ രഘു പറഞ്ഞു.
Content Highlight : Actor Bheeman Raghu Talk About Trolls Against Him