ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ആള്‍ക്കാര്‍ക്കൊക്കെ നമ്മളോട് പുച്ഛം, സിനിമയും കിട്ടാതായി: ഭീമന്‍ രഘു
Entertainment news
ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ആള്‍ക്കാര്‍ക്കൊക്കെ നമ്മളോട് പുച്ഛം, സിനിമയും കിട്ടാതായി: ഭീമന്‍ രഘു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th February 2023, 7:53 pm

ജയന്റെ പിന്‍ഗാമിയെന്ന വിശേഷണത്തോടെ മലയാള സിനിമയില്‍ ചുവടുവെച്ച നടനാണ് ഭീമന്‍ രഘു. പിന്നീട് ഒരുപിടി മികച്ച വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരം പില്‍ക്കാലത്ത് കോമഡി റോളുകളിലൂടെയും തിളങ്ങി.

ഒരിടക്ക് വെച്ച് രാഷ്ട്രീയക്കളരിയിലും അങ്കം കുറിക്കാനിറങ്ങിയ താരത്തിന് പക്ഷെ തോറ്റ് കരക്കിരിക്കാനായിരുന്നു വിധി.

രാഷ്ട്രീയത്തിലിറങ്ങാനുള്ള തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് താരം തന്നെ പിന്നീട് പല വേദികളിലും തുറന്ന് സമ്മതിച്ചിട്ടുണ്ട്. അങ്ങനെയൊരു ഇന്റര്‍വ്യൂവാണ് സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലായിരിക്കുന്നത്.

രാഷ്ട്രീയത്തില്‍ വന്നത് തെറ്റായിപ്പോയെന്നും ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ആളുകളൊക്കെ തന്നെ പുച്ഛിക്കാന്‍ തുടങ്ങിയെന്നുമാണ് ഭീമന്‍ രഘു പറഞ്ഞത്.

രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരാന്‍ താല്‍പര്യമുണ്ടോയെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘രാഷ്ട്രീയ ജീവിതത്തിലോട്ട് ഇറങ്ങിയപ്പോള്‍ തന്നെ എനിക്ക് പടങ്ങള്‍ ഒരുപാട് കുറഞ്ഞു. എന്നെ ആരും വിളിക്കാതെയായി. പ്രത്യേകിച്ചും ബി.ജെ.പിയിലേക്ക് വന്നതോടെ ആളുകളൊക്കെ നമ്മളെ പുച്ഛിക്കാന്‍ തുടങ്ങി. അത് കൊണ്ട് ഇനി രാഷ്ട്രീയത്തിലേക്കില്ല,’ ഭീമന്‍ രഘു പറഞ്ഞു.

2016ല്‍ നടന്ന ഉപതെരഞ്ഞടുപ്പിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഭീമന്‍ രഘു മത്സരത്തിനിറങ്ങിയത്. നടന്മാരായ ജഗദീഷും ഗണേഷ് കുമാറും മത്സരരംഗത്തുണ്ടായിരുന്നു. തോല്‍ക്കുമെന്ന് ഉറപ്പിച്ച തനിക്ക് നിര്‍ബന്ധിപ്പിച്ച് സീറ്റ് തന്നതാണെന്ന് ഇദ്ദേഹം ആദ്യമേ പറഞ്ഞിരുന്നു.

വെറുതെ ഒന്ന് നിന്ന് രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കാമെന്ന് തന്നോട് ബി.ജെ.പി നേതാക്കള്‍ പറഞ്ഞെന്നും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നെ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Actor Bheeman raghu says about his political career