കോളേജില്‍ പഠിക്കുമ്പോള്‍ ഇടതുപക്ഷമായിരുന്നു, അന്ന് കുറെ ബഹളം വെച്ച് കോളേജ് അടപ്പിച്ചിട്ടുണ്ട്: ഭീമന്‍ രഘു
Entertainment news
കോളേജില്‍ പഠിക്കുമ്പോള്‍ ഇടതുപക്ഷമായിരുന്നു, അന്ന് കുറെ ബഹളം വെച്ച് കോളേജ് അടപ്പിച്ചിട്ടുണ്ട്: ഭീമന്‍ രഘു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th March 2023, 8:35 pm

ബി.ജെ.പിയുമായി ഇപ്പോള്‍ ബന്ധമില്ലെന്നും ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും നടന്‍ ഭീമന്‍ രഘു. കോളേജില്‍ പടിക്കുന്ന സമയത്ത് താന്‍ ഇടതുപക്ഷക്കാരനായിരുന്നു എന്നും പിണറായി വിജയനേയും നരേന്ദ്ര മോദിയേയും തനിക്ക് ഇഷ്ടമാണെന്നും ഭീമന്‍ രഘു പറഞ്ഞു. ആദ്യമായി സംവിധാനം ചെയ്യുന്ന ചാണ എന്ന ചിത്രത്തോടനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പത്തനാപുരത്ത് രണ്ട് സിനിമാക്കാര്‍ മത്സരിക്കുന്നുണ്ട്. ആര്‍ട്ടിസ്റ്റെന്ന നിലയില്‍ മത്സരിച്ചൂടെ എന്ന് ദല്‍ഹിയില്‍ നിന്നും ഒരാള്‍ വിളിച്ച് ചോദിച്ചു. എന്റെ പൊന്നുസാറേ എനിക്ക് ഇതിനെ പറ്റി യാതൊന്നും അറിയില്ല എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഇടതുപക്ഷമായിരുന്നു. ലെഫ്റ്റ് ചായ്‌വായിരുന്നു എനിക്ക്. അന്ന് കുറെ ബഹളങ്ങളൊക്കെ വെച്ച് കോളേജ് അടപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ കുറെ ആള്‍ക്കാര്‍ ഉണ്ടായിരുന്നു. ഇപ്പോഴും അവരൊക്കെ ഉണ്ട്.

ബി.ജെ.പിക്ക് വേണ്ടി ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ബി.ജെ.പിയുടെ രാഷ്ട്രീയത്തോട് ഇതുവരെ താല്‍പ്പര്യം തോന്നിയിട്ടില്ല. ഇപ്പോള്‍ ഒരു ബന്ധവുമില്ല. നടന്‍ എന്ന നിലയില്‍ ഒന്നു നിന്നാല്‍ മതിയെന്ന് പറഞ്ഞാണ് മത്സരിപ്പിച്ചത്. എനിക്ക് വളരെ ഇഷ്ടമുള്ളയാളാണ് പിണറായി വിജയന്‍. പലരും പല കുഴപ്പങ്ങളും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ കേരളത്തെ ഒരു കുഴപ്പവും കൂടാതെ കൊണ്ടുപോകാന്‍ പിണറായിക്ക് കഴിയുന്നുണ്ട്.

പ്രധാനമന്ത്രിയെ പറ്റി പലതും പറയുന്നുണ്ട്. അവിടെ പോയി ഇവിടെ പോയി എന്നൊക്കെ. ഇന്ത്യക്ക് വേണ്ടിയാണ് പോയത്. പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിയുമായുള്ള ബന്ധമൊക്കെ പോയി. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല,’ ഭീമന്‍ രഘു പറഞ്ഞു.

Content Highlight: Actor Bheeman Raghu has said that he has no connection with the BJP and will not contest the elections again