മമ്മൂക്കക്ക് എന്നെ പേടിയാണ്, മുഖമൊന്നും ഇടിച്ചുപൊളിച്ച് കളയല്ലെയെന്നാണ് ഫൈറ്റ് സീനിന് മുമ്പ് പറയുക: ഭീമന്‍ രഘു
Entertainment news
മമ്മൂക്കക്ക് എന്നെ പേടിയാണ്, മുഖമൊന്നും ഇടിച്ചുപൊളിച്ച് കളയല്ലെയെന്നാണ് ഫൈറ്റ് സീനിന് മുമ്പ് പറയുക: ഭീമന്‍ രഘു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th February 2023, 3:33 pm

മമ്മൂട്ടിയുമൊത്തുള്ള സിനിമാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ഭീമന്‍ രഘു. മമ്മൂട്ടിയുടെ കൂടെ കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രത്യേകിച്ച് അഭിപ്രായങ്ങളൊന്നും മമ്മൂട്ടി പറയാറില്ലെന്ന് ഭീമന്‍ രഘു പറഞ്ഞു.

ഫൈറ്റ് സീന്‍ മാത്രമാണ് മമ്മൂട്ടിക്കൊപ്പം ഉണ്ടാവാറുള്ളുവെന്നും അല്ലാത്ത സീനുകള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഫൈറ്റ് ചെയ്യുന്നതിന് മുമ്പ് സൂക്ഷിച്ച് ചെയ്യണമെന്നും തന്റെ മുഖമൊന്നും ഇടിച്ച് പൊളിക്കരുതെന്ന് മമ്മൂട്ടി പറയാറുണ്ടെന്നും ഭീമന്‍ രഘു പറഞ്ഞു.

”മമ്മൂട്ടിയുടെ കൂടെ ഞാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതുപോലെ ചെയ്യണം, ഇങ്ങനെ വേണമെന്നുള്ള അഭിപ്രായങ്ങളൊന്നും അദ്ദേഹം അങ്ങനെ പറയില്ല. പിന്നെ ഇരിക്കുന്ന സമയത്ത് അങ്ങോട്ടും ഇങ്ങോട്ടും എന്തെങ്കിലും കുശലങ്ങള്‍ പറയുമെന്നല്ലാതെ ഒന്നുമില്ല.

മിക്കവാറും എനിക്ക് സീന്‍സ് ഒക്കെ കുറവായിരിക്കും. ഫൈറ്റ് സീന്‍ ആയിരിക്കും മിക്കവാറും മമ്മൂക്കയോടൊപ്പം ഉണ്ടാവുക. ഫൈറ്റൊക്കെ തുടങ്ങുന്നതിന് മുമ്പ് എടോ… എടോ സൂക്ഷിച്ച് കേട്ടോ, എന്റെ മുഖമൊന്നും ഇടിച്ച് പൊളിച്ച് കളയല്ലെയെന്നാണ് ആദ്യം പറയുക.

നിന്റെ കയ്യും കാലും തൊട്ടാല്‍ എനിക്ക് പേടിയാണെന്നാണ് മമ്മൂക്ക പറഞ്ഞത്. ഇല്ല സാര്‍ പതുക്കെയെ ചെയ്യുകയുള്ളൂ എന്ന് അദ്ദേഹത്തോട് പറയും. എന്നോട് അങ്ങനെ ചെയ്യണമെന്നൊന്നും പറഞ്ഞിട്ടില്ല. വേറെ ആര്‍ട്ടിസ്റ്റുകളോട് ചിലപ്പോള്‍ പറയുമായിരിക്കും. അത് എനിക്കറിയില്ല,” ഭീമന്‍ രഘു പറഞ്ഞു.

content highlight: actor bheeman raghu about mammootty