| Tuesday, 18th October 2022, 6:05 pm

ആര്‍ട്ടിലെ കണ്ണന്‍ ഫുള്‍ ടൈം പ്ലാവിലാണ്, ദര്‍ശനയുടെ ബര്‍ത്ത് ഡേക്ക് വരെ ചക്കയാണ് കട്ട് ചെയ്തത്: ജയ ജയ ജയ ജയഹേ വിശേഷങ്ങളുമായി ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിക്കുന്ന പുതിയ സിനിമയാണ് ജയ ജയ ജയ ജയഹേ. മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ സിനിമകളിലുടെ പ്രശസ്തനായ വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ്‌ബേസിലും ദര്‍ശനയും. ഷൂട്ടിങ് സെറ്റിലെ ചക്ക വിശേഷങ്ങളെക്കുറിച്ചാണ് ബേസില്‍ സംസാരിക്കുന്നത്.

‘ചക്ക സീസണിലാണ് സിനിമ ഷൂട്ട് ചെയ്യുന്നത്. കൊല്ലം ഭാഗത്ത് നല്ല പ്ലാവ്, മാവ്, എല്ലാമുണ്ട്. നല്ല ലൊക്കേഷനുമാണ്. പുതിയൊരു ലൊക്കേഷനില്‍ പോകുമ്പോള്‍ പ്ലാവ് ആദ്യം തന്നെ നമ്മള്‍ നോട്ട് ചെയ്ത് വെക്കും. സെറ്റിലെ എല്ലാവര്‍ക്കും ചക്ക ഇഷ്ടമാണ്. അസീസ്‌ക്കക്ക് ഇഷ്ടമാണ്, ക്യമറാമാന്‍ ബബ്ലുവിന് ഇഷ്മാണ്, എനിക്കും ഇഷ്ടമാണ്.

അസീസ്‌ക്ക നാല് ചക്കയൊക്കെ വണ്ടിയുടെ ഡിക്കിയില്‍ ഇട്ടിട്ട് പോകും. വണ്ടിയില്‍ ഇരുന്നാല്‍ കുറച്ചുകൂടി പെട്ടെന്ന് പഴുക്കും. പഴുത്ത് കഴിയുമ്പോള്‍ നമ്മള്‍ ലൊക്കേഷനില്‍ വെച്ച് മുറിക്കും. പക്ഷേ എല്ലാവര്‍ക്കും കൊടുക്കാനുണ്ടാവില്ല. നമ്മടെ ആര്‍ത്തി കഴിഞ്ഞിട്ട് വേണമല്ലോ… പകുതി ചക്ക ദര്‍ശനക്ക് കൊടുക്കണം. അതുകൊണ്ട് നമ്മള്‍ സീക്രട്ടായാണ് കഴിക്കുന്നത് (ചിരിക്കുന്നു).

നമ്മള്‍ ചെന്ന് മുറിക്കുമ്പോള്‍ മണത്ത് മണത്ത് വരും ആള്‍ക്കാര്. അപ്പോഴേക്കും നമ്മള്‍ പകുതി ആക്കിയിട്ടുണ്ടാകും ചക്ക. അപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ചതാണെന്ന് വരുന്നവരോട് നമ്മള്‍ പറയും. അങ്ങനെ വന്നവര്‍ വന്നവര്‍ ബാക്കി ചക്ക കഴിക്കും.

ആര്‍ട്ടിലെ കണ്ണന്‍ ഫുള്‍ ടൈം പ്ലാവിലാണ്, ഏത് ലൊക്കേഷനിലാണെങ്കിലും. ഡയറക്ടര്‍ക്ക് ഇപ്പോള്‍ എന്തെങ്കിലും ആര്‍ട് റിക്വയര്‍മെന്റ് വന്നാല്‍ ആര്‍ട്ട്( അലറുന്നു) എന്ന് വിളിക്കാനൊക്കെ പേടിയാണ്. കാരണം പ്ലാവിന്റെ മേലെ നിന്നെങ്ങാനും പേടിച്ചിട്ട് വീണാലോ. ചക്കയിട്ടുകൊണ്ടിരിക്കുകയായിരിക്കും.. ഡും… ജംഗിള്‍ ബുക്കില്‍ ബാലു കരിടി വീഴില്ലേ, തേന്‍ കട്ടുതിന്നാന്‍ വേണ്ടി കേറുമ്പോള്‍, അതുപോലെ ആര്‍ട്ടിലെ കണ്ണന്‍ വീഴേണ്ടതായിരുന്നു.

സെറ്റില്‍ വെച്ച് ദര്‍ശനയുടെ ബര്‍ത്ത് ഡേക്ക് കട്ട് ചെയ്തത് വരെ ചക്കയായിരുന്നു,’ ബേസില്‍ പറയുന്നു.

ഫാമിലി എന്റര്‍ടെയ്‌നര്‍ ആയ ചിത്രത്തില്‍ വലിയ താരനിര അണിനിരക്കുന്നുണ്ട്. ആനന്ദ് മന്‍മഥന്‍, അസീസ്, സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച സിനിമയില്‍ തമാശയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ദീപാവലി റിലീസായാണ് ‘ജയ ജയ ജയ ജയഹേ’ തിയേറ്ററുകളിലെത്തുന്നത്.

Content Highlight: Actor Basil Joseph sharing Jaya Jaya Jaya Jaya Hey Shooting Memories

We use cookies to give you the best possible experience. Learn more