| Tuesday, 1st November 2022, 1:47 pm

വൈകി കിട്ടിയ കനകം; അമ്മയുടെ റോളിലെത്തിയ കനകത്തെക്കുറിച്ച് ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ജയ ജയ ജയ ജയഹേ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

ബേസില്‍ ജോസഫും ദര്‍ശനയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പോലെ തന്നെ ആളുകള്‍ ഏറ്റെടുത്ത കഥാപാത്രമാണ് വിലാസിനിയമ്മ. നാടക ആര്‍ട്ടിസ്റ്റായ കനകമാണ് സ്വതസിദ്ധമായ അഭിനയം കൊണ്ട് കഥാപാത്രത്തെ ഭംഗിയാക്കിയത്.

ഏറെ പ്രേക്ഷകപ്രീതി നേടിയ കനകത്തിനെ അഭിനന്ദിച്ചു കൊണ്ട് ബേസില്‍ ജോസഫ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. ‘വൈകി കിട്ടിയ കനകം , കുടശ്ശനാട് കനകം. രാജേഷിന്റെ അമ്മ’ എന്ന അടിക്കുറിപ്പോടെയാണ് കനകത്തിന്റെ ചിത്രം ബേസില്‍ പോസ്റ്റ് ചെയ്തത്.

‘കുറച്ചു ഇടിയപ്പം എടുക്കട്ടേ?’ എന്ന ഡയലോഗും ബേസില്‍ ഒപ്പം ചേര്‍ത്തിട്ടുണ്ട്. നിരവധി ആളുകളാണ് കനകത്തിന്റെ അഭിനയത്തെക്കുറിച്ച് പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്. കോമഡി രംഗങ്ങള്‍ കൈകാര്യം ചെയ്ത സീനുകളിലെ കനകത്തിന്റെ പെര്‍ഫോമന്‍സ് വിവരിച്ചുകൊണ്ടാണ് കൂടുതല്‍ പേരും കമന്റ് ചെയ്തിരിക്കുന്നത്.

മലയാള സിനിമയില്‍ മകനെ കാത്തിരിക്കുന്ന അമ്മ മാത്രം പോരെന്നും സാധാരണ മനുഷ്യരുടെ അമ്മമാരും വേണമല്ലോ എന്നൊക്കെയാണ് ചിലര്‍ കുറിക്കുന്നത്. ബേസിലും അമ്മയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളെക്കുറിച്ചും പറയുന്നവരുമുണ്ട്. ചിത്രം കണ്ട് ഇറങ്ങിയാലും പ്രേക്ഷകര്‍ ഓര്‍ക്കുന്ന കഥാപാത്രമാണ് കനകം അവതിപ്പിച്ച വിലാസിനി അമ്മ.

തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഒരേസമയം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന ചിത്രമെന്ന രീതിയിലാണ് ജയ ജയ ജയ ജയഹേ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ജയഭാരതി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറഞ്ഞ് പോകുന്നത്. ദര്‍ശനയാണ് ടൈറ്റില്‍ റോളിലെത്തുന്നത്.

content highlight: actor basil joseph  about Kanakam taking on the role of his mother in the movie jaya jaya jaya jaya hey

We use cookies to give you the best possible experience. Learn more