Entertainment
ജാന്‍ എ മന്നിലും ഗുരുവായൂരമ്പലനടയിലും കള്ളുകുടി സീനുകളുണ്ട്; പക്ഷേ ചലഞ്ചിങ് ആയത് ആ സിനിമ: ബേസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 19, 04:37 am
Wednesday, 19th March 2025, 10:07 am

സിനിമകളിലെ കള്ളുകുടി സീനുകളെ കുറിച്ചും അത് പെര്‍ഫോം ചെയ്ത് എടുക്കുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ബേസില്‍ ജോസഫ്.

കള്ളുകുടിച്ച് അഭിനയിക്കുക എന്നത് ചലഞ്ചിങ് തന്നെയാണെന്ന് ബേസില്‍ പറയുന്നു. മദ്യപിച്ചു കഴിഞ്ഞശേഷമുള്ള പെര്‍ഫോമന്‍സിനെ കുറിച്ചും ശരീരഭാഷയെ കുറിച്ചുമൊക്കെയാണ് ബേസില്‍ സംസാരിക്കുന്നത്.

പൊന്മാനിലെ അജേഷും ജാന്‍ എ മന്നിലെ ജോയ് മോനും ഗുരുവായൂരമ്പലനടയിലെ വിനുവുമൊക്കെ ഇത്തരം സീനുകളില്‍ വ്യത്യസ്തമാകുന്നത് എങ്ങനെയാണെന്നും ബേസില്‍ പറയുന്നുണ്ട്.

കുടിയന്‍ ക്യാരക്ടറുകളിലെ റഫറന്‍സിനെ കുറിച്ചും പൊന്മാനില്‍ ഒരു ക്യാരക്ടര്‍ ആര്‍ക്ക് ബില്‍ഡ് ചെയ്തതിനെ കുറിച്ചുമൊക്കെ ബേസില്‍ സംസാരിക്കുന്നുണ്ട്.

‘മുന്‍പ് ഞാന്‍ ചെയ്ത സിനിമകളില്‍ കുടിക്കുന്ന സീനുകളിലൊക്കെ അതിന്റെ പ്രൈമറി മോട്ടീവ് ആളുകളെ ചിരിപ്പിക്കുക എന്നതായിരുന്നു.

ജാന്‍ എ മന്നിലാണെങ്കിലും ഗുരുവായൂരമ്പല നടയില്‍ ഫോണിലൂടെ കള്ളുകുടിക്കുന്ന ആ സീനിലൊക്കെ ആളുകളെ ചിരിപ്പിക്കുക, ബോഡി ലാംഗ്വേജിലൊക്കെ ആ മാറ്റം കൊണ്ടുവരുക എന്നതായിരുന്നു മോട്ടീവ്.

കള്ളുകുടിച്ചിരിക്കുന്ന മാനറിസത്തില്‍ തന്നെ ഒരു കോമഡിയുണ്ടല്ലോ. അതിലൂടെ ആളുകളെ ചിരിപ്പിക്കുക എന്നതാണ്. പക്ഷേ പൊന്മാനില്‍ പ്ലോട്ട് വളരെ സീരിയസ് ആയി മൂവ് ചെയ്തുകൊണ്ടിരിക്കുകയാണ്.

മരിയാനോയുടെ മുന്നില്‍ നിന്നാണ് ഇതൊക്കെ സംസാരിക്കുന്നത്. പിന്നെ അജേഷിന്റെ ഡയലോഗിലൊക്കെ അതുണ്ട്. കഴുത്തിന്റെ മേലെ അജേഷ് ഫിറ്റാകത്തില്ല. ആ ബ്രീഫിങ് ഉണ്ട്.

ഒരു പോയിന്റിനപ്പുറത്തോട്ട് അജേഷ് പോകില്ല. കല്യാണത്തിന് സ്വര്‍ണം കൊടുത്ത് നില്‍ക്കുമ്പോഴും തന്റെ മുതല്‍ കൈമറിഞ്ഞ് നില്‍ക്കുകയാണ്. പക്ഷേ അജേഷ് ചാവത്തൊന്നും ഇല്ല. അടിക്കും. രാവിലെ അണ്ടര്‍വെയര്‍ ഇട്ടോട്ട് ഓടും. പക്ഷേ കൃത്യസമയത്ത് അജേഷ് എണീക്കും.

ജോലിക്ക് പോകും. ജോലിക്കും അദ്ദേഹത്തിന്റെ ആ മുതലിനും എത്രമാത്രം സ്‌റ്റേറ്റ്‌സ് ഉണ്ടെന്ന് സിനിമ കാണിക്കുന്നുണ്ട്. ഈ ബ്രീഫിങ് ഉണ്ടായിരുന്നു.

പ്രൈമറി മോട്ടീവ് കോമഡിയല്ല. ആ ക്യാരക്ടര്‍ ഇങ്ങനെയാണെന്നതുകൊണ്ടാണ് വേറൊരു രീതിയില്‍ ആ സീനുകള്‍ വന്നത്. കള്ളുകുടി എന്നത് ഒരു തരത്തില്‍ ചലഞ്ചിങ് തന്നെയാണ്. കള്ളുകുടിച്ചതുപോലെ ഫീല്‍ ചെയ്യണമല്ലോ. അതിന്റേതായുള്ള വ്യത്യാസം ആ ബേസിക് കഥയില്‍ ഉണ്ടായിരുന്നു.

പിന്നെ കള്ളുകുടിക്കുന്ന സീനിലും അല്ലാതെയുമൊക്കെ ആ കണ്‍സിസ്റ്റന്‍സി കീപ്പ് ചെയ്യാന്‍ വേണ്ടി ബുക്ക് ഞാന്‍ കുറേ തവണ വായിച്ചു. അത് എന്നെ അത്രയും എക്‌സൈറ്റ് ചെയ്യിച്ചിരുന്നു.

ഓരോ സീനുകളുടേയും ആത്മാവ് പോകാതിരിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നെ കൊണ്ട് പറ്റുന്ന രീതിയിലൊക്കെ ഞാന്‍ ജസ്റ്റിനോടും ജ്യോതിഷേട്ടനോടുമൊക്കെ മുഴുവന്‍ സമയവും കഥാപാത്രത്തെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു.

മുന്‍പ് ഞാന്‍ അഭിനയിച്ച സിനിമകളേക്കാള്‍ ഞാന്‍ ഇതില്‍ ഇന്‍വോള്‍വ് ചെയ്തിരുന്നു. ആ ക്യാരക്ടറിന്റെ എല്ലാം സ്‌ക്രിപ്റ്റ് വായിക്കാതെ തന്നെ അറിയാമെന്നതാണ്.

ഒരു ഡയലോഗ് സ്‌ക്രിപ്റ്റില്‍ കണ്ടില്ലെങ്കില്‍ ആ ഡയലോഗ് എവിടെപ്പോയി എന്ന് ചോദിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ഏത് സമയത്ത് സീന്‍ എടുത്താലും കഥാപാത്രത്തിന്റെ ഇമോഷന്‍സ് കൊണ്ടുവരാന്‍ പറ്റിയിരുന്നു,’ ബേസില്‍ പറയുന്നു.

Content Highlight: Actor Basil Joseph about Challenging Scene in Ponman Movie