| Monday, 24th October 2022, 10:21 pm

ബഡ്ജറ്റ് കുറേ ഉണ്ടെന്ന് വെച്ചിട്ട് എല്ലാം വി.എഫ്.എക്‌സില്‍ ചെയ്യാമെന്ന് ചിന്തിക്കരുത്; ആദിപുരുഷിന്റെ ടീസറിനെക്കുറിച്ച് ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ സ്വന്തം സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. സിനിമയിലെ കഥാപാത്രങ്ങളുടെ അമാനുഷിക കഴിവുകളെ കാണിക്കാന്‍ ചിത്രത്തില്‍ വി.എഫ്.എക്‌സ് ഉപയോഗിച്ചിട്ടുണ്ട്. മികച്ച രീതിയിലാണ് സംവിധായകന്‍ ബേസില്‍ വി.എഫ്.എക്‌സിന്റെ സഹായത്തോടെ ചിത്രം മനോഹരമാക്കിയത്.

അടുത്തിടെ പുറത്തിറങ്ങിയ ആദിപുരുഷ് എന്ന 500 കോടി ചിത്രത്തിന്റെ ടീസര്‍ വി.എഫ്.എക്‌സിന്റെ പേരില്‍ ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങിയതിനെക്കുറിച്ച് പറയുകയാണ് ബേസില്‍. വി.എഫ്.എക്‌സ് മാത്രം മനസില്‍ കണ്ടുകൊണ്ട് സിനിമ ചെയ്യാന്‍ പാടില്ലെന്നും കുറേ ബഡ്ജറ്റ് ഉണ്ടെന്ന് വെച്ചിട്ട് മുഴുവന്‍ വി.എഫ്.എക്‌സ് വെച്ചിട്ട് ചെയ്യാമെന്ന് ചിന്തിക്കരുതെന്നും ബേസില്‍ പറഞ്ഞു.

പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആദിപുരുഷ് എന്ന പ്രഭാസ് ചിത്രത്തിന്റെ ടീസറിന്റെ വി.എഫ്.എക്‌സ് ട്രോളുകള്‍ ഏറ്റുവാങ്ങാനുള്ള കാരണത്തെക്കുറിച്ച് പറഞ്ഞത്.

”ആദിപുരുഷിന്റെ വി.എഫ്.എക്‌സ് പരാജയപ്പെടാനുള്ള കാരണമെന്താണെന്ന് എനിക്ക് അറിയില്ല. മിന്നല്‍ മുരളിയില്‍ വി.എഫ്.എക്‌സ് ഉപയോഗിച്ചതിന്റെ അനുഭവത്തില്‍ പറയുകയാണെങ്കില്‍, ഒരു സിനിമയുടെ തിരക്കഥ ആലോചിക്കുന്ന സമയം തൊട്ട് തന്നെ വി.എഫ്.എക്‌സ് നമ്മളുടെ പ്ലാനിന്റെ ഭാഗമായിരിക്കണം.

ഷൂട്ട് ചെയ്ത് കഴിഞ്ഞിട്ട് അതിനെക്കുറിച്ച് ചിന്തിക്കുകയല്ല വേണ്ടത്. വി.എഫ്.എക്‌സ് ആര്‍ട്ടിസ്റ്റ് തുടക്കം മുതല്‍ തന്നെ നമ്മുടെ കൂടെ വേണം. സിനിമയുടെ പ്രൊഡക്ഷന്‍ സമയം തൊട്ട് അതിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കണം. ഒരു സീന്‍ ആലോചിക്കുമ്പോള്‍ തന്നെ എങ്ങനെ അതിലേക്ക് വി.എഫ്.എക്‌സ് കൊണ്ടുവരാന്‍ കഴിയുമെന്ന് നമ്മള്‍ ആലോചിക്കണം.

കുറേ ബഡ്ജറ്റ് ഉണ്ടെന്ന് വെച്ചിട്ട് മുഴുവന്‍ വി.എഫ്.എക്‌സ് വെച്ചിട്ട് ചെയ്യാമെന്ന് ചിന്തിക്കാന്‍ പാടില്ല. കഥയില്‍ എത്രത്തോളം അതിന്റെ വര്‍ക്ക് ഉണ്ടെന്നും ഇതൊന്നുമില്ലാതെ എത്രത്തോളം ചെയ്യാന്‍ പറ്റുമെന്നൊക്കെ നന്നായി മനസിലാക്കണം.

വി.എഫ്.എക്‌സ് മാത്രം മനസില്‍ കണ്ടുകൊണ്ട് സിനിമ ചെയ്യാന്‍ പാടില്ല. ഒരു സിനിമയില്‍ കഥാപാത്രങ്ങള്‍ അവരുടെ ഇമോഷന്‍സ് ഇതെല്ലാം നന്നായി വര്‍ക്ക് ചെയ്യണം. അതിന്റെ മേലെ വി.എഫ്.എക്‌സ് കൂടെ വര്‍ക്കായി കഴിഞ്ഞാല്‍ സിനിമ വിജയമായി. സിനിമയില്‍ കഥയും കഥാപാത്രങ്ങളുമാണ് വലുത്. അതിന് പ്രാധാന്യം നല്‍കണമെന്നാണ് ഞാന്‍ മനസിലാക്കിയത്.” ബേസില്‍ പറഞ്ഞു.

അയോദ്ധ്യയില്‍ സരയൂ നദിക്കരയില്‍ വെച്ചായിരുന്നു ആദിപുരുഷിന്റെ ടീസര്‍ റിലീസ് ചെയ്തത്. തുടര്‍ന്ന് ടീസറിനെ പരിഹസിച്ചുകൊണ്ട് ട്രോളുകളായിരുന്നു സോഷ്യല്‍ മീഡിയ നിറയെ. ‘കൊച്ചു ടി.വിയെ വെല്ലുന്ന ഗ്രാഫിക്സുമായി പ്രഭാസിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ആദിപുരുഷ് ടീസര്‍’ എന്ന ട്രോളുകളുമായാണ് സോഷ്യല്‍ മീഡിയ ടീസറിനെ വരവരവേറ്റിരിന്നത്.

സോണി പ്ലേ സ്റ്റേഷന്‍ ഇറക്കിയ രാമായണത്തിന്റെ ഗെയിമാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി ഇത് റ്റി സീരിസ് ഇറക്കുന്ന പുതിയ ത്രീഡി ചിത്രമാണ് എന്നൊക്കെയായിരുന്നു ടീസറിനു നേരെയുള്ള പരിഹാസ ട്രോളുകള്‍.

content highlight: actor basil joseph about adipurush teaser vfx trolls

We use cookies to give you the best possible experience. Learn more