ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് വിഷു റിലീസായി എത്തുന്ന ചിത്രമാണ് മരണമാസ്. നടന്‍ സിജു സണ്ണിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിലെ സിവിക് സെന്‍സ് എന്ന പ്രൊമോ വീഡിയോയും ഫ്ലിപ്പ് സോങ്ങും സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായി മാറിയിരുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. പോസ്റ്ററിലെ ബേസിലിന്റെ ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. സുരേഷ് കൃഷ്ണ, രാജേഷ് മാധവന്‍ തുടങ്ങി മികച്ച ഒരു താരനിരയും ചിത്രത്തിലുണ്ട്.
നടന്‍ സുരേഷ് കൃഷ്ണയെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. സുരേഷ് കൃഷ്ണയെ തങ്ങള്‍ക്കൊക്കെ ഭയങ്കര പേടിയായിരുന്നെന്നും പിടിച്ചിടിക്കുമോ എന്നുള്ള ഭയം ശരിക്കുമുണ്ടായിരുന്നെന്നും ബേസില്‍ പറയുന്നു.
എന്നാല്‍ ബേസിക്കലി സുരേഷേട്ടന്‍ ഒരു പൂക്കിയാണെന്നായിരുന്നു ബേസില്‍ പറഞ്ഞത്.
‘ ഞങ്ങള്‍ക്കൊക്കെ സുരേഷേട്ടനെ പേടിയായിരുന്നു. എന്റമ്മോ പിടിച്ചിടിക്ക്വോ എന്നൊക്കെ തോന്നി. പക്ഷേ പുള്ളി പാവമാണ്. ബേസിക്കലി സുരേഷേട്ടന്‍ പൂക്കിയാണ്. നമ്മളേക്കാള്‍ ചെറുപ്പക്കാരനായിട്ടുള്ള ആളാണ് ഉള്ളുകൊണ്ട്.
പുള്ളി ഇപ്പോള്‍ കൃത്യമായിട്ടുള്ള സ്ഥലത്തേക്ക് ലാന്‍ഡ് ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. ഓരോ ആക്ടറിനും അവരുടേതായ സമയം വരുമല്ലോ. ജഗദീഷേട്ടനാണെങ്കിലുമൊക്കെ വേറൊരു ഫേസില്‍ നില്‍ക്കുകയാണല്ലോ. എല്ലാവര്‍ക്കും അതിന്റേതായ ഒരു സമയം വരും. സുരേഷേട്ടന്റെ 2.0 സമയമാണ് ഇപ്പോള്‍.
ഇപ്പോഴത്തെ പുതിയ ജനറേഷന്റെ മിക്ക സിനിമയിലും സുരേഷേട്ടന്‍ ഭാഗമാണ് പല രീതിയിലും. പല ടൈപ്പ് ഓഫ് കഥാപാത്രങ്ങള്‍. ആക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തെ വേറെ രീതിയില്‍ വിവിധ സിനിമകളില്‍ പ്രസന്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.
പിന്നെ വില്ലന്‍ റോളുകളൊക്കെ ചെയ്തിട്ട് തന്നെയാണല്ലോ സുരേഷേട്ടന്‍ ഇന്ന് ഇത്രയും പോപ്പുലറായത്. അത് ചെയ്യേണ്ടെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിയേനെ. ഇപ്പോള്‍ 2.0 വന്നത് അന്ന് അങ്ങനെ ഒരു 1.0 ഉണ്ടായതുകൊണ്ടല്ലേ. അപ്പോള്‍ പിന്നെ നോ റിഗ്രറ്റ്‌സ്,’ എന്നായിരുന്നു ബേസില്‍ പറഞ്ഞത്.
അന്നത്തെ സിനിമയുടെ രീതി തന്നെ ഇന്ന് മാറിയെന്നും പണ്ടുണ്ടായിരുന്ന സിനിമയല്ല ഇന്നെന്നുമായിരുന്നു ഇതിനോടുള്ള സുരേഷ് കൃഷ്ണയുടെ മറുപടി. ഇനിയൊന്നും അങ്ങനത്തെ കഥാപാത്രങ്ങളൊന്നും വരാന്‍ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘തെറ്റിദ്ധിരിക്കപ്പെട്ടതില്‍ സങ്കടമൊന്നും ഇല്ല. സ്ഥിരം ഒരേ ടൈപ്പ് ചെയ്യുമ്പോള്‍ വിഷമം വരും. കാക്കിയിട്ടാല്‍ കുറേ കാലത്തേക്ക് കാക്കി തന്നെ. സ്ഥിരമായി നെഗറ്റീവ് ചെയ്ത കാലഘട്ടമുണ്ടായിരുന്നു.
നമ്മള്‍ ചെയ്യാത്ത തെറ്റിനൊക്കെ ഇടി വാങ്ങുന്നു. എന്തിനാണ് ഇടി വാങ്ങുന്നതെന്ന് പോലും അറിയില്ല. സെറ്റില്‍ ചെന്ന പാടെ ഇടിയായിരിക്കും. ക്രെയിന്‍ വരുന്നത് കാണുമ്പോള്‍ തന്നെ നമ്മള്‍ റെഡിയാകും. പിന്നെ നിരാശയൊന്നും ഇല്ല. എക്‌സ്പീരിയന്‍സാണ് അതൊക്കെ. സിനിമയെ പറ്റി കൂടുതല്‍ പഠിക്കാന്‍ പറ്റിയത് അതുകൊണ്ടാണ്,’ സുരേഷ് കൃഷ്ണ പറഞ്ഞു.
Content Highlight: Actor Basil Joseph about Actor Suresh krishna