സോഷ്യൽ മീഡിയയിൽ ‘ദി ആക്ടർ ഡോക്ടർ‘ എന്നറിയപ്പെടുന്ന ബാഷിദ് ബഷീർ ഡബ്സ്മാഷിലൂടെ വീഡിയോകൾ ചെയ്താണ് അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. പിന്നീട് ടിക്ടോക് വീഡിയോകൾ ചെയ്തും ഇൻസ്റ്റഗ്രാം, യൂട്യൂബ് വീഡിയോകൾ ചെയ്തും ബാഷിദ് നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്തു. യഥാർത്ഥ ജീവിതത്തിൽ ഡോക്ടറാണ് ബാഷിദ്.
തലവൻ, തല്ലുമാല എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച ബാഷിദ് കഴിഞ്ഞ വർഷം ഇറങ്ങിയ ആനന്ദ് ശ്രീബാല എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഡോക്ടർ എന്ന പ്രൊഫഷൻ വിട്ട് ആക്ടിങ്ങിലേക്ക് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ബാഷിദ്.
ഒർജിനൽസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാഷിദ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ ഡോക്ടർ എന്ന് പറഞ്ഞ പ്രൊഫഷൻ വിടുകയാണല്ലോ എന്നൊന്നും ഞാൻ സത്യത്തിൽ ചിന്തിച്ചിട്ടില്ല. ഞാനൊരു ജോലി ചെയ്യുന്നു, എനിക്ക് ഇഷ്ടമില്ല. ഇഷ്ടമില്ലായെന്നല്ല. എനിക്ക് അതിനേക്കാളും താത്പര്യവും ഞാനിഷ്ടപ്പെടുന്നതും വേറൊന്നാണ്. അപ്പോൾ ആ റീസൺ കൊണ്ട് ജോലി വിടണം ആക്ടിങ് ചെയ്യണം ഇത്രയേ ഉള്ളു.
പ്രധാനപ്പെട്ട ചിന്ത ഫൈനാൻഷ്യൽ സ്റ്റെബിലിറ്റി വരുന്നുണ്ട്. ഞാൻ എന്ത് ചെയ്യും. കാരണം അന്ന് നോ പ്രമോഷൻസ് ആൻ്റ് കൊളാബറേഷൻ ടൈം ആണ്. കൊച്ചിയിലേക്കാണ് വരുന്നത്. എനിക്ക് വേറെ വരുമാന മാർഗമില്ല. അപ്പോൾ എനിക്ക് പി.എഫ് കിട്ടാൻ ഉണ്ടെന്ന് എനിക്കറിയാം. ഒരു ലക്ഷത്തിനടുത്ത് പി.എഫ് കിട്ടും. ആ പണം കൊണ്ട് ഒരു അഞ്ച് മാസമൊക്കെ തള്ളിനീക്കാൻ പറ്റും. ആ ധൈര്യത്തിൽ മാത്രം ഇറങ്ങിയതാണ്.
അപ്പോൾ അതൊരു കൺസേൺ ആയിരുന്നു ഞാൻ പൈസയ്ക്ക് എന്ത് ചെയ്യും. ജീവിക്കാൻ എന്ത് ചെയ്യും. അതിനെന്തെങ്കിലും പണിയെടുക്കേണ്ടി വരും. സൊമാറ്റോ പോകേണ്ടി വരും അല്ലെങ്കിൽ ഊബർ ഓടാം അങ്ങനത്തെ പരിപാടികളൊക്കെ മനസിൽ ഉണ്ടായിരുന്നു.
എനിക്കറിയാം, ലോങ് റണ്ണിൽ ഒരുപക്ഷെ ഞാൻ നിന്ന് പോകാൻ സാധ്യത സാമ്പത്തിക ബാധ്യത വരുമ്പോഴായിരിക്കും. വേറൊന്നിനും എന്നെ പിടിച്ച് നിർത്താൻ പറ്റില്ല. ഇപ്പോൾ വീട്ടുകാർ എന്നോട് പറയുകയാണ് സിനിമ മതി എന്ന് പറഞ്ഞാൽ ഞാൻ നിർത്തില്ല. ഞാൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുമെന്നല്ലാതെ ഞാൻ സിനിമ നിർത്താൻ പോകുന്നില്ല.
പക്ഷെ സപ്പോർട്ടീവ് ആണ്. ഭയങ്കര ഓർത്തഡോക്സ് ഫാമിലിയാണ്, അച്ഛനും ഓർത്തഡോക്സ് ആണ്. പക്ഷെ പുള്ളി ഇങ്ങനെയാണ് പറഞ്ഞത് ‘അവന് ഇതാണ് താത്പര്യമെങ്കിൽ അവനത് ചെയ്യട്ടെ, അല്ലാതിപ്പോ എന്ത് ചെയ്യാനാ’ എന്നാണ്.
ആനന്ദ് ശ്രീബാലയൊക്കെ ഞാൻ തിയേറ്ററിൽ കൊണ്ടുപോയി കാണിച്ചു. തലവനും തല്ലുമാലയും ഇറങ്ങിയപ്പോൾ എന്നോട് പറഞ്ഞു ‘അത് കുറച്ചല്ലേ ഉള്ളു, ഫുൾ ഉള്ളത് വരട്ടെ അപ്പോൾ കാണാം’ എന്നായിരുന്നു. ആനന്ദ് ശ്രീബാല കണ്ടപ്പോൾ എല്ലാവർക്കും ഭയങ്കര ഹാപ്പിയായി.
Content Highlight: Actor Bashid Basheer says he is a Doctor but he is Interested in Acting