| Friday, 7th October 2022, 1:05 pm

വേറെ രീതിയില്‍ ചിന്തിക്കുന്ന വ്യക്തി, കോണ്‍ഫിഡന്‍സാണ് ഷൈനിനെ മികച്ച നടനാക്കിയത്: ബാലു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ പതിനാലിന് ചിത്രം തിയേറ്ററുകളിലെത്തും. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാലു വര്‍ഗീസ്, കനി കുസൃതി, ലാല്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാണ്.

ബാലു വര്‍ഗീസും ഷൈനും ഒരുമിച്ച് അഭിനയിച്ച് ഏറെ പ്രേക്ഷകപ്രീതി നേടിയ സിനിമയായിരുന്നു ഇതിഹാസ. അന്നുമുതല്‍ രണ്ട് പേരും നല്ല സുഹൃത്തുകളാണ്. ഒരു നടനെന്ന നിലയിലുള്ള ഷൈനിന്റെ മാറ്റത്തെക്കുറിച്ച് ജാങ്കോ സ്‌പേസിനോട് പറയുകയാണ് ബാലു വര്‍ഗീസ്.

”ഷൈനിന്റെ കൂടെ ഞാന്‍ ആദ്യമായി വര്‍ക്ക് ചെയ്ത സിനിമയാണ് ഇതിഹാസ. 2014ലായിരുന്നു ചിത്രമിറങ്ങിയത്. നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അതിന് ശേഷം ഓപ്പറേഷന്‍ ജാവയിലും അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്.

നല്ല രസമാണ് ഷൈനിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍. നേരത്തെ അസിസ്റ്റന്റ് ഡയറക്ടറായതുകൊണ്ട് അതിന്റെ എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്. എല്ലാ കാര്യത്തിലും ഇടപെടും മൊത്തത്തില്‍ എല്ലാത്തിലുമുണ്ടാകയും ചെയ്യും.

സിനിമയിലെ വേറെ നടന്മാരുടെ കാര്യങ്ങളില്‍ വരെ അദ്ദേഹം ഇടപെടും. അവരോട് ചെന്ന് അതെന്തിനാഡാ അങ്ങനെ നിനക്ക് ഇങ്ങനെ പറഞ്ഞാല്‍ പോരെയെന്നൊക്കെ ചോദിക്കും. അദ്ദേഹത്തിന്റെ ഇടപെടല്‍ കൊണ്ട് സിനിമക്ക് വളരെ ഗുണമാണ്. സിനിമ ഏറ്റവും നന്നായി ആളുകളുടെ മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് നമ്മുടെയെല്ലാം ലക്ഷ്യം ആ കാര്യത്തില്‍ വളരെ നല്ല ഇടപെടലാണ് ഷൈനിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറുള്ളത്.

ഒരു സുഹൃത്ത് എന്ന നിലയില്‍ ഷെനിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ഒരുപാട് സഹായം ഒപ്പം അഭിനയിക്കുന്നവര്‍ക്ക് കിട്ടും. ഇതിഹാസയില്‍ അഭിനയിക്കുമ്പോഴുള്ള ഷൈനല്ല ഇപ്പോഴുള്ള ഷൈന്‍. ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം ഒരുപാട് മാറിയിട്ടുണ്ട്. പലരീതിയിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്ന രീതിയിലേക്ക് അദ്ദേഹം വളര്‍ന്നിട്ടുണ്ട്.

നമ്മുടെ സുഹൃത്ത് നല്ല രീതിയില്‍ ഉയരുന്നത് കാണുമ്പോള്‍ അതില്‍ ഒരുപാട് സന്തോഷമുണ്ട്. കോണ്‍ഫിഡന്‍സാണ് ഒരാളെ മെച്ചപ്പെടുത്തുന്നത്. ഷൈനിന്റെ കോണ്‍ഫിഡന്‍സ് നന്നായി വര്‍ധിച്ചിട്ടുണ്ട്. അതാണ് വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്, കൂടെ അഭിനയിക്കുമ്പോള്‍ നമുക്കും ആ കോണ്‍ഫിഡന്‍സ് കിട്ടുന്നുണ്ട്.

ഇതിഹാസയില്‍ അഭിനയിക്കുന്ന സമയം തൊട്ട് വേറെ രീതിയില്‍ ചിന്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ഇന്നത്തെ നിലയില്‍ ഷൈനിന് എത്താന്‍ കഴിയുമെന്ന് അന്ന് കൂടെ അഭിനയിക്കുമ്പോള്‍ തന്നെ തോന്നിയിരുന്നു,” ബാലു വര്‍ഗീസ് പറഞ്ഞു.

അതേസമയം വിചിത്രത്തില്‍ കനി കുസൃതി അവതരിപ്പിക്കുന്ന മാര്‍ത്ത എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടികള്‍ നേടിയെടുത്തിട്ടുള്ള കനി കുസൃതിയുടെ മറ്റൊരു മികച്ച കഥാപാത്രമായിരിക്കും ഇതെന്ന് പോസ്റ്റര്‍ ഉറപ്പ് നല്‍കുന്നുണ്ട്.

Content Highlight: Actor Balu varghese about Shine tom chakko

We use cookies to give you the best possible experience. Learn more