മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. അഭിനയത്തിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ ഇഷ്ട നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ ബറോസ് ആദ്യം മുതലെ ചർച്ചാ വിഷയമാണ്.
ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. വിവിധ ഭാഷകളിൽ റിലീസാവുന്ന ചിത്രം ത്രീ.ഡിയിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക. ഈയിടെ ഇറങ്ങിയ ചിത്രത്തിന്റെ ട്രയ്ലറിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
ബറോസിന്റെ വർക്കുകൾ തുടങ്ങിയ സമയത്ത് താൻ മോഹൻലാലിനോട് ഒരു അവസരം ചോദിച്ചിരുന്നുവെന്ന് പറയുകയാണ് നടൻ ബാലാജി ശർമ . എന്നാൽ സിനിമയിൽ അധികവും വിദേശീയരാണ് അഭിനയിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞുവെന്നും ബാലാജി പറയുന്നു. ഇത്ര വലിയ നടനായിട്ടും മോഹൻലാൽ തനിക്ക് മറുപടി തന്നെന്നും അദ്ദേഹത്തിന് ശരിക്കും അതിന്റെ ആവശ്യമില്ലെന്നും ബാലാജി പറഞ്ഞു. മാസ്റ്റർ ബിന്നിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഓരോ സിനിമകൾ വരുമ്പോഴേക്കും ഞാൻ ലാലേട്ടന് മെസേജ് അയക്കും. ബറോസിന്റെ ഷൂട്ട് തുടങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തിന് ഒരു അവസരം ചോദിച്ച് മെസേജ് അയച്ചിരുന്നു. മെസേജിനൊക്കെ തിരിച്ച് മറുപടിയും അദ്ദേഹം തരും. അത്രയും തിരക്കുള്ള മനുഷ്യനാണെന്ന് ഓർക്കണം. ബറോസിൽ എന്തെങ്കിലും വേഷമുണ്ടോയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം, ഇല്ല ഇതിനകത്ത് മുഴുവൻ ഫോറിൻ ആക്‌ടേഴ്‌സ് ആണ്, ബാലാജി സോറി എന്ന് പറഞ്ഞാണ് തിരിച്ച് മെസേജ് അയച്ചത്.
പുള്ളിക്ക് ശരിക്കും ഇതൊന്നും മൈൻഡ് ചെയ്യേണ്ട ആവശ്യമില്ല. എത്രപേരെങ്ങനെ തിരിച്ച് മെസേജ് അയക്കും. ലാലേട്ടനെ പോലെ വലിയൊരു ആളുടെ അടുത്തല്ലേ നമ്മൾ ചോദിക്കുന്നത്. എന്നെ നിങ്ങൾ ഉപയോഗിക്കൂ, ഉപയോഗിച്ചാൽ ദോഷമുണ്ടാവില്ല എന്ന ധൈര്യം എനിക്കുള്ളത് അവസരം കൊണ്ടാണ് ചോദിക്കുന്നത്.
അവസരങ്ങൾ നമ്മൾ ചോദിച്ചാൽ മാത്രമേ കിട്ടുകയുള്ളൂ. സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല, സിനിമയെ നമ്മുക്കാണ് ആവശ്യം. മമ്മൂക്ക പറഞ്ഞിട്ടുള്ളതാണത്. എല്ലാവരും എപ്പോഴെങ്കിലും അവസരം ചോദിച്ചിട്ടുണ്ട്. ലാലേട്ടനെ പോലെ ആ പൊസിഷനിലൊക്കെ ഇരിക്കുന്നവരെ തേടി അവസരം വരും. ലാലേട്ടന്റെ അടുത്ത് പോകുന്നതാണ് ആ സംവിധായകന്റെ അവസരം,’ബാലാജി ശർമ പറയുന്നു.
Content Highlight: Actor Balaji Sharma About Mohanlal and Baroz Movie