സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമായ താരമാണ് നടന്‍ ബാലാജി ശര്‍മ. എന്നും സിനിമ തന്നെയാണ് തന്റെ പാഷനെന്നും സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ പോലും സിനിമയില്‍ ലഭിക്കുന്ന നല്ല വേഷങ്ങളൊന്നും താന്‍ നഷ്ടപ്പെടുത്താറില്ലെന്നുമാണ് ബാലാജി പറയുന്നത്.
നടന്‍ മമ്മൂട്ടിയുമൊത്തുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബാലാജി. ജീവിതത്തില്‍ മറക്കാനാകാത്ത സംഭവമായിരുന്നു അതെന്നും എന്നും തന്റെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്ന സ്വകാര്യ അഹങ്കാരം കൂടിയാണ് അതെന്നും ബാലാജി പറയുന്നു.
”അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള എന്നോട് ഒരു ദിവസം പറഞ്ഞു അദ്ദേഹം മമ്മൂക്കയോട് ഒരു കഥപറയാനായി പോയപ്പോള്‍ മമ്മൂക്ക ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നെന്നും ടിവിയില്‍ അപ്പോള്‍ ഞാന്‍ അഭിനയിച്ച ഒരു സീരിയല്‍ ഉണ്ടായിരുന്നെന്നും എന്നെ കണ്ടിട്ട് ഇതാരാണ്, കൊള്ളാലോ എന്ന് മമ്മൂക്ക ചോദിച്ചെന്നും.
പിന്നേ മമ്മൂക്ക ഇരുന്ന് സീരിയല്‍ കാണുകയാണല്ലോ ചുമ്മാ ഓരോന്ന് പറയാതെ പോടാ എന്ന് ഞാന്‍ അപ്പോള്‍ തന്നെ മറുപടിയും കൊടുത്തു. എന്നാല്‍ എന്റെ മനസില്‍ ഇനി അങ്ങനെ ഉണ്ടാകുമോ എന്നൊരു തോന്നല്‍ ബാക്കിയായിരുന്നു. അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരിക്കല്‍ ഷാജി കൈലാസ് സര്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ പൂജ നടക്കുകയാണ്.
ഞാന്‍ എങ്ങനെയെങ്കിലും സിനിമയില്‍ കയറാനായിട്ട് നടക്കുന്ന കാലമാണ്. ഷാജി കൈലാസിന്റെ അസോസിയേറ്റായ ദീപന്‍ ചേട്ടന്‍ വഴി ഷാജി കൈലാസിനെ പരിചയപ്പെട്ട് സിനിമയില്‍ കയറുകയെന്നതാണ് ലക്ഷ്യം. ഞാന്‍ സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയം കൂടിയാണ്. അങ്ങനെ ഞാന്‍ അവിടെ പോകുന്നു. മമ്മൂക്ക അവിടെ ഉണ്ട്. മമ്മൂക്കയെ ഒന്ന് പരിചയപ്പെടാന്‍ പറ്റിയാല്‍, അല്ലെങ്കില്‍ മമ്മൂക്ക എന്നെ തിരിച്ചറിഞ്ഞാല്‍ രാജേഷ് പിള്ള പറഞ്ഞത് സത്യമാവുമല്ലോ എന്നൊക്കെ കരുതി ഞാന്‍ അവിടെ നില്‍ക്കുകയാണ്.
അങ്ങനെ ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി ഞാന്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ പെട്ടെന്ന് മമ്മൂക്ക അടുത്തുവന്നു. എന്താ പേര് എന്ന് ചോദിച്ചു. എന്റെ വായില്‍ നിന്ന് ശബ്ദം പുറത്തു വരുന്നില്ല. ശിവജി എന്നല്ലേ എന്നായി മമ്മൂക്ക. ഞാന്‍ പതുങ്ങിയ ശബ്ദത്തില്‍ ബാലാജി എന്ന് പറഞ്ഞു.
ഷാജീ, ഇതാണ് ഞാന്‍ അന്ന് പറഞ്ഞ ആര്‍ടിസ്റ്റെന്ന് പറഞ്ഞ് മമ്മൂക്ക എന്നെ ഷാജി കൈലാസിന് പരിചയപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ ഞാന്‍ അവിടെ പോയത് എങ്ങനെയെങ്കിലും ഷാജി കൈലാസ് സാറിനെ ഒന്നു പരിചയപ്പെടാനാണ്. അപ്പോഴാണ് മമ്മൂക്ക എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തുന്നത്. ഇതും പറഞ്ഞ് മമ്മൂക്ക നടന്നങ്ങു പോയി. എനിക്കാണെങ്കില്‍ ഇത് വിശ്വസിക്കാന്‍ പറ്റുന്നില്ല. പുള്ളി നേരത്തെ നമ്മളെ എവിടെയൊക്കെയോ കണ്ട് നോട്ട് ചെയ്ത് വെച്ച് ഷാജി കൈലാസിനോട് നേരത്തെ തന്നെ പറഞ്ഞുകൊടുത്തിരിക്കയാണ്.
അതിന് ശേഷം മമ്മൂക്കയുമായി ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചു. ഒരിക്കല്‍ ഞാന്‍ മമ്മൂക്ക, എന്റെ പേര് ബാലാജി എന്നാണെന്ന് പറഞ്ഞപ്പോള്‍ ‘ ഞാനല്ലേ നിന്നെ അങ്ങോട്ട് പരിചയപ്പെട്ടതെന്ന്’ അദ്ദേഹം ചോദിച്ചു. അതുപോലെ മമ്മൂക്കയുടെ അഭിനയത്തിന്റെ വ്യാപ്തി മനസിലാക്കിയ നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഷൂട്ടിന്റെ സമയത്ത് അദ്ദേഹം ചില സജഷന്‍സ് നമുക്ക് പറഞ്ഞു തരും. അപ്പോള്‍ നമുക്ക് തോന്നും അത് വേണോ എന്ന്. പിന്നെ പുള്ളി പറഞ്ഞതല്ലേ ചെയ്യാമെന്ന് കരുതും. എന്നാല്‍ അത് സ്‌ക്രീനില്‍ കാണുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു അദ്ദേഹം ഉദ്ദേശിച്ചതെന്ന് മനസിലാകുക.
കുഞ്ഞനന്തന്റെ കടയില്‍ ഞാനൊരു രാഷ്ട്രീയക്കാരനാണ്. അല്‍പ്പം പ്രായമുള്ള കഥാപാത്രമാണ്. അപ്പോള്‍ എന്നോട് മമ്മൂക്ക പറഞ്ഞു നീ കണ്ണൂരില്‍ നിന്നുള്ള രാഷ്ട്രീയക്കാരനാണ്, പ്രായമുള്ള കഥാപാത്രമാണ്. ഡയലോഗുകള്‍ നിര്‍ത്തി നിര്‍ത്തി പറയണമെന്ന്. മമ്മൂക്ക പറഞ്ഞതല്ലേ, ഞാനും അതുപോലെ തന്നെ പറഞ്ഞു. പക്ഷേ അത് സ്‌ക്രീനില്‍ കണ്ടപ്പോഴാണ് ആ ഭംഗി എനിക്ക് മനസിലായത്. കണ്ണൂരില്‍ നിന്നുള്ള രാഷ്ട്രീയക്കാരുടെ സംസാര രീതി അതാണ്. ആ ടൈമിങ്ങിനെ കുറിച്ചായിരുന്നു അദ്ദേഹം എനിക്ക് പറഞ്ഞു തന്നത്, ബാലാജി പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Balaji sarma Share an Experiance with Mammootty