സിനിമയിലെ ചിലരെ തനിക്ക് ഇഷ്ടമല്ലെന്ന് നടന്‍ ബാല. തന്റെ കഥാപാത്രങ്ങളേക്കാള്‍ കൂടുതല്‍ ഇഷ്ടം മോഹന്‍ലാല്‍ അഭിനയിക്കുന്ന കഥാപാത്രങ്ങളെയാണെന്നും താരം പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘സിനിമയിലെ കുറച്ച് ആളുകളെ എനിക്ക് ഇഷ്ടപ്പെട്ടില്ല. അതാരാണ് എന്ന് ഞാന്‍ പറയില്ല. ചില ആളുകള്‍ ജീവിതത്തില്‍ ചെയ്യുന്ന ചിലകാര്യങ്ങള്‍ എനിക്ക് തെറ്റാണെന്ന് തോന്നി. പക്ഷെ അവര്‍ എത്രത്തോളം സത്യം പറഞ്ഞാലും അത് ശരിയാവില്ല. അതുകൊണ്ട് ഞാന്‍ അഡ്ജസ്റ്റ് ചെയ്യും.
ഞാന്‍ അഭിനയിച്ച ചില കഥാപാത്രത്തെക്കാളും എനിക്ക് ഇഷ്ടപ്പെട്ട ഒരു കഥാപാത്രമുണ്ട്. അത് മലയാളത്തിലെ മികച്ച നടന്‍ മോഹന്‍ലാലിന്റേതാണ്. അദ്ദേഹത്തെ ഞാന്‍ കണ്ടുകണ്ട് പഠിക്കുകയാണ് ഇപ്പോള്‍. അദ്ദേഹത്തിന് ഒപ്പം എത്താന്‍ ഞാന്‍ ശ്രമിക്കുകയാണ്. അവിടെ എത്തും എന്നാണ് ഞാന്‍ കരുതുന്നത്.
ഇനിയും ഒരുപാട് പഠിക്കാനുണ്ട്. പഠിച്ച് പഠിച്ചല്ലേ കയറി വരാന്‍ പറ്റൂ. അദ്ദേഹം എന്തൊരു നടനാണല്ലേ. ഞങ്ങള്‍ എല്ലാവരും കലാകാരന്മാരാണ്. ഞങ്ങളുടെ വിഷമങ്ങള്‍ എല്ലാം മാറ്റിവെച്ചിട്ടാണ് ഞങ്ങള്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത്. അതാണ് കലാകാരന്‍ എന്നുപറയുന്നത്.
ഒരു ആക്‌സിഡന്റില്‍ എന്റെ കണ്ണിന് പരിക്ക് പറ്റിയിരുന്നു. അതിനാണ് ഞാന്‍ എപ്പോഴും കണ്ണട വെക്കുന്നത്. നിങ്ങളെ രസിപ്പിക്കുക എന്നതാണല്ലോ എന്റെ ലക്ഷ്യം, അതുകൊണ്ടാണ് ഇതൊന്നും ആരെയും അറിയിക്കാതിരുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ എന്നെ പലരും കളിയാക്കാറുണ്ട്.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ പലപ്പോഴും എനിക്ക് സങ്കടം വരാറുണ്ട്. കുറേ കഴിയുമ്പോള്‍ എനിക്ക് കരച്ചില്‍ വരും. അപ്പോഴുള്ള ഏറ്റവും വലിയ സങ്കടം ഒറ്റപ്പെടലാണ്. ഇതൊന്നും പറയാന്‍ എനിക്ക് ആരുമില്ലല്ലോ. എല്ലാവരെയും ബഹുമാനിക്കണം. ഒരാളെ കുറ്റപ്പെടുത്താനും കളിയാക്കാനും ആര്‍ക്കും അധികാരമില്ല,’ ബാല പറഞ്ഞു.
നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്ത ഷെഫീക്കിന്റെ സന്തോഷമാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. ഉണ്ണി മുകുന്ദന്‍ നായകനായ സിനിമയില്‍ ആത്മീയ രാജന്‍, ദിവ്യ പിള്ള, മനോജ് കെ. ജയന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. നവംബര്‍ 25ന് തിയേറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. മേപ്പടിയാനുശേഷം ഉണ്ണിമുകുന്ദന്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം.
content highlight: actor bala talks about his dreams