Malayalam Cinema
'നെഗറ്റീവ് റിവ്യൂ മമ്മൂട്ടിക്കും മോഹൻലാലിനും പ്രശ്നമല്ല, പാവപ്പെട്ടവന്റെ ചോറാണ് ഇല്ലാതാവുന്നത്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 29, 03:23 am
Sunday, 29th October 2023, 8:53 am

സിനിമകൾക്ക്‌ നെഗറ്റീവ് റിവ്യൂ പറയുന്നത് ഒരാളെ അവകാശമില്ലാതെ ഉപദ്രവിക്കുന്നതിന് തുല്യമാണെന്നാണ് നടൻ ബാല പറയുന്നത്. അവർ ചിന്തിക്കുന്നത് മാത്രമല്ല നിയമം. ഇത്‌ വല്ലാതെ കൈവിട്ട് പോവുന്നുണ്ടെന്നും ബാല കൂട്ടിച്ചേർത്തു.

സിനിമകൾക്കെതിരെ വലിയ രീതിയിൽ നെഗറ്റീവ് റിവ്യൂവുകൾ ഉയർന്നു വരുന്നു എന്ന ആരോപണത്തെ കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കുകയായിരുന്നു ബാല. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഒരു സിനിമയെ കുറിച്ച് എടുത്ത് ചാടി അഭിപ്രായം പറയരുത്. അതിന് ആർക്കും അവകാശമില്ല. മമ്മൂട്ടി, മോഹൻലാൽ, രജനി, വിജയ് തുടങ്ങി എല്ലാ ഭാഷയിലെയും സൂപ്പർ താരങ്ങളെ ഇതൊന്നും ബാധിക്കില്ല. വളർന്നു വരുന്ന പുതിയ ആളുകൾക്കാണ് ഇത്‌ വലിയ ബുദ്ധിമുട്ടാവുക. അവർ പിന്നെ എങ്ങനെ മുന്നോട്ട് പോവും.

ഈയിടെ ആർ.ഡി.എക്സ് എന്ന ഒരു സിനിമ ഇറങ്ങി. അതിലെ ഒരു നടനെ കുറിച്ച് എന്തൊക്കെയാണ് മോശമായി പറഞ്ഞിരുന്നത്. ആ സിനിമ കണ്ടിട്ട് ഇതിൽ ഒന്നുമില്ല വെറുമൊരു അടിപടമാണെന്ന് പറഞ്ഞാൽ ആ സിനിമ പരാജയപ്പെടില്ലേ. പക്ഷെ മലയാളികൾ ആ സിനിമ ഒരുപാട് ആഘോഷിച്ചില്ലേ.

ഞാൻ ഇത്രയെ പറയുന്നുള്ളു. സിനിമാ നിരൂപണം നടത്തുന്നവർ ഒരു സിനിമ കണ്ടിട്ട് അവരുടെ വ്യക്തിപരമായ അഭിപ്രായം ഒരു പൊതു അഭിപ്രായമായി പറയരുത്. അതിന് ആർക്കും അവകാശമില്ല. എല്ലാവർക്കും ഒരു തലയും ഒരു മൈൻഡുമാണ് ഉള്ളത്. അവർ ചിന്തിക്കുന്നത് മാത്രം നിയമമല്ല. ഇത്‌ കൈവിട്ട് പോകുന്നുണ്ട്.

കൊറോണ സമയത്ത് സിനിമയില്ലാത്തപ്പോൾ സിനിമയിലെ ടെക്നിഷ്യൻസ് എന്താണ് ചെയ്തതെന്ന് ആർക്കെങ്കിലും അറിയുമോ. അവരുടെ കുടുംബം എങ്ങനെയാണ് ജീവിച്ചതെന്ന് ആരെങ്കിലും അന്വേഷിച്ചിരുന്നോ. സിനിമാ റിവ്യൂ നടത്തുന്നവർ അവരെ പോയി സഹായിച്ചിരുന്നോ.

ഇപ്പോൾ സിനിമ തിരിച്ച് നല്ല അവസ്ഥയിലേക്ക് വരുമ്പോൾ എല്ലാവർക്കും ജോലി കിട്ടുന്നുണ്ട്. അതുംകൂടെ പറച്ചെടുത്താൽ എങ്ങനെയാണ്. അവകാശമില്ലാതെ ഉപദ്രവിക്കുകയാണ്. അത് സിനിമയിലെ എല്ലാവരെയും ബാധിക്കുന്നുണ്ട്.

ഞാൻ സംസാരിക്കുന്നത് പാവപ്പെട്ടവർക്ക് വേണ്ടിയാണ്. നെഗറ്റീവ് റിവ്യൂ മമ്മൂട്ടിക്കും മോഹൻലാലിനും പ്രശ്നമല്ല. ആസ്തിയെല്ലാം വിറ്റിട്ട് ഈ തൊഴിലിൽ വിശ്വസിച്ച് സിനിമ ചെയ്യാൻ ഇറങ്ങുന്നവരുടെ ചോറാണ് ഇല്ലാതെയാവുന്നത്,’ ബാല പറയുന്നു.

Content Highlight: Actor Bala Talk About Negative Review Against Films