സൗത്ത് ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ബാല. തമിഴിലും തെലുങ്കിലും ചെറിയ വേഷങ്ങള്‍ ചെയ്ത ബാല മലയാളത്തിലൂടെയാണ് നായകവേഷത്തില്‍ അരങ്ങേറിയത്. കളഭം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വരവറിയിച്ച ബാല പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി. മലയാളത്തിലും തമിഴിലും നായകനായും വില്ലനായും തിളങ്ങിയ ബാല ഹിറ്റ്‌ലിസ്റ്റ് എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും തന്റെ സാന്നിധ്യമറിയിച്ചു.
ബാലയുടെ കരിയറില്‍ വഴിത്തിരിവായ ചിത്രങ്ങളിലൊന്നായിരുന്നു 2007ല്‍ പുറത്തിറങ്ങിയ ബിഗ് ബി. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മുരുകന്‍ എന്ന കഥാപാത്രത്തെയാണ് ബാല അവതരിപ്പിച്ചത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാല. താന്‍ ഇന്നും നടനായി നിലനില്‍ക്കുന്നതിന് കാരണം ബിഗ് ബി എന്ന സിനിമയും മമ്മൂട്ടി എന്ന നടനുമാണെന്ന് ബാല പറഞ്ഞു.
ഒരു പുതുമുഖമായ തനിക്ക് ബിഗ് ബി വലിയൊരു വഴിത്തിരവായിരുന്നെന്നും മമ്മൂട്ടിയെപ്പോലൊരു നടന്‍ നായകനായ സിനിമയില്‍ ഒരു റൊമാന്റിക് സോങ് കിട്ടിയത് വലിയൊരു കാര്യമായിരുന്നെന്നും ബാല കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് വേണമെങ്കില്‍ അതൊന്നും തനിക്ക് കൊടുക്കരുതെന്ന് പറയാമായിരുന്നെന്നും എന്നാല്‍ അത് ചെയ്തില്ലെന്നും ബാല പറഞ്ഞു.
താന്‍ ഇന്നും നടനായി നില്‍ക്കുന്നതിന്റെ കാരണം മമ്മൂട്ടിയാണെന്നും ബാല പറഞ്ഞു. ഷൂട്ടിനിടയില്‍ ബ്രേക്ക് കിട്ടുമ്പോള്‍ മമ്മൂട്ടി തന്നെ കാരവനിലേക്ക് വിളിക്കുമെന്നും ഭക്ഷണമെല്ലാം വിളമ്പിത്തരുമായിരുന്നെന്നും ബാല കൂട്ടിച്ചേര്‍ത്തു. പിന്നീട് ആരെയെങ്കിലും കാണുമ്പോള്‍ തന്റെ മസിലിന് കാരണം അദ്ദേഹം തന്ന ഫുഡ്ഡാണെന്ന് മമ്മൂട്ടി പറയുമായിരുന്നെന്നും ബാല പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ബാല.
‘ബാല എന്ന നടന്‍ ഇന്നും ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം മമ്മൂട്ടി എന്ന നടനാണ്. അതില്‍ യാതൊരു സംശയവുമില്ല. കാരണം, എന്നെപ്പോലെ ഒരു പുതുമുഖനടന് കിട്ടാവുന്ന വലിയൊരു അവസരമായിരുന്നു ബിഗ് ബി എന്ന സിനിമ. അതില്‍ എനിക്ക് റൊമാന്റിക് പോര്‍ഷനുണ്ട്, ആക്ഷനുണ്ട്, ഒരു പാട്ടുണ്ട്. മമ്മൂക്കയെപ്പോലെ ഒരു സൂപ്പര്‍സ്റ്റാര്‍ നായകനാകുന്ന പടത്തില്‍ അതെല്ലാം കിട്ടുക എന്ന് പറഞ്ഞാല്‍ വലിയൊരു കാര്യമല്ലേ.
മമ്മൂക്കക്ക് വേണമെങ്കില്‍ അതൊക്കെ ഒഴിവാക്കാന്‍ പറായാമായിരുന്നു. അല്ലെങ്കില്‍ എനിക്ക് പകരം വേറെ ആരെയെങ്കിലും സജസ്റ്റ് ചെയ്യാമായിരുന്നു. പക്ഷേ അദ്ദേഹമത് ചെയ്തില്ല. അത് മാത്രമല്ല, ബ്രേക്കിന്റെ സമയത്ത് എന്നെ കാരവനിലേക്ക് വിളിച്ച് ഭക്ഷണമൊക്കെ തരും. അപ്പോഴും അദ്ദേഹം ഓയിലൊന്നും ഇല്ലാത്ത ഫുഡ് മാത്രമേ കഴിക്കുള്ളൂ. പക്ഷേ, പിന്നീട് ആരെയെങ്കിലും കാണുമ്പോള്‍ ‘ബാലയുടെ മസിലൊക്കെ കണ്ടോ, നമ്മള്‍ ഫുഡ് കൊടുത്ത് ഉണ്ടാക്കിയതാ’ എന്ന് പറയുമായിരുന്നു. നല്ല കെയറിങ്ങാണ് അദ്ദേഹത്തിന്റേത്,’ ബാല പറയുന്നു.
Content Highlight: Actor Bala saying Mammootty and Big B movie made a big influence in his career