| Saturday, 2nd January 2021, 11:55 am

'കഷ്ടപ്പെട്ടുണ്ടാക്കിയ ആസ്തിയുടെ എഴുപതുശതമാനവും മറ്റൊരാള്‍ക്കു കൊടുക്കേണ്ടി വന്നു, ചിലര്‍ പച്ചയ്ക്ക് ചതിച്ചു'; തുറന്നുപറഞ്ഞ് ബാല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: സ്വകാര്യ ജീവിതത്തിലെ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞ് നടന്‍ ബാല. ജീവിതത്തില്‍ ഒരു പാപവും താന്‍ ഇന്നുവരെ ചെയ്തിട്ടില്ലെന്നും എന്നിട്ടും വലിയ നഷ്ടങ്ങള്‍ ജീവിതത്തില്‍ തനിക്ക് ഉണ്ടായെന്നുമാണ് ബാല വീഡിയോയില്‍ പറഞ്ഞത്.

സിനിമയില്‍ നിന്നും കഷ്ടപ്പെട്ടുണ്ടാക്കിയ തന്റെ ആസ്തിയുടെ എഴുപതുശതമാനവും മറ്റൊരാള്‍ക്കു കൊടുക്കേണ്ടി വന്നുവെന്നും അങ്ങനെ ചെയ്യാന്‍ താന്‍ നിര്‍ബന്ധിക്കപ്പെടുകയാരുന്നെന്നും ബാല പറയുന്നു. ചിലര്‍ക്ക് ഞാന്‍ പറയുന്ന കാര്യങ്ങള്‍ മനസിലാകുമെന്നും ബാല പറയുന്നു.

ലോക്ഡൗണ്‍ കാലത്താണ് തന്റെ കയ്യിലുണ്ടായിരുന്ന എഴുപത് ശതമാനത്തോളം സ്വത്തുക്കള്‍ നഷ്ടപ്പെട്ടതെന്നും പിന്നീടെടുത്ത ചില നിര്‍ണായക തീരുമാനങ്ങള്‍ ജീവിതത്തില്‍ വഴിത്തിരിവായതെന്നും ബാല പറഞ്ഞു.

2020 മാര്‍ച്ച് 16നാണ് ലോക്ഡൗണ്‍ തുടങ്ങുന്നത്. മറക്കാന്‍ പറ്റാത്ത ദിവസം. അതിന് മുന്‍പ് ഫെബ്രുവരിയില്‍ തന്നെ അതിന്റെ സൂചനകളൊക്കെ തുടങ്ങി. ഇതിപ്പോള്‍ പറയാനുള്ള കാരണം കഴിഞ്ഞ വര്‍ഷം ഡിസംബറിലും ജനുവരിയിലുമായി എന്റെ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടി വന്നു. ചിലര്‍ക്ക് അതെന്താണെന്ന് മനസിലാവും. അതിന്റെ കൂടുതല്‍ കാര്യങ്ങളിലേക്ക് ഞാന്‍ പോവുന്നില്ല.

എനിക്ക് ചില സാഹചര്യങ്ങള്‍ വന്നു. റോഡിലും മഴയിലും ഒരുപാട് കഷ്ടപ്പെട്ട് സിനിമ ഇന്‍ഡസ്ട്രിയില്‍ കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കിയ, ഇന്ന് വരെ ജീവിതത്തില്‍ ഉണ്ടാക്കിയ പൈസ അതില്‍ 60 മുതല്‍ 70 ശതമാനം എനിക്ക് കൊടുക്കേണ്ടി വന്നു. മനസിനകത്ത് ഭയങ്കര
സങ്കടങ്ങള്‍ ഉണ്ടായിരുന്നു. ജീവിതത്തില്‍ ഞാന്‍ ആരോടും തെറ്റ് ചെയ്തിട്ടില്ല. പക്ഷേ സ്വത്തുക്കള്‍ നല്‍കാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. വേറൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല.

ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ എന്ന ചോദ്യം പിന്നെയും പിന്നെയും മനസിനകത്ത് വന്നു. ഞാന്‍ എന്തെങ്കിലും പാപം ചെയ്തിരുന്നോ എന്നുള്ള ചിന്താഗതികള്‍ മനസില്‍ വന്നിരുന്നു.

മാര്‍ച്ചില്‍ ലോക്ഡൗണ്‍ വന്നപ്പോള്‍ ഭാവിയിലുള്ള പ്രോജക്ടുകളും നിര്‍ത്തി വെക്കേണ്ടി വന്നു. ആ സമയത്താണ് എന്റെ സ്വന്തം ആസ്തിയില്‍ മുപ്പത് ശതമാനം മാത്രമായി പോയത്. ഞാന്‍ പറയുന്നത് എന്റെ ആസ്തിയുടെ മാത്രം കാര്യമാണ്.’

‘ചെന്നൈയില്‍ അച്ഛനും അമ്മയും നല്ല രീതിയില്‍ ജീവിക്കുന്നവരാണ്. ചേച്ചിയും ചേട്ടനുമുണ്ട്. ചേട്ടന്‍ പ്രശസ്ത സംവിധായകനാണ്. ഞങ്ങള്‍ എല്ലാവരും സെല്‍ഫ് മേഡ് പേഴ്‌സണ്‍സാണ്. ഞങ്ങള്‍ ആരും മറ്റൊരാളെ ആശ്രയിച്ച് നിന്നിട്ടില്ല. എല്ലാം ബ്ലോക്കായി പോയി. പൈസ ഉള്ള ഒരു നടനായിട്ട് പോലും ഇതുപോലൊരു സാഹചര്യം വന്നപ്പോള്‍ എനിക്ക് പോലും വലിയ ബുദ്ധിമുട്ടായിപ്പോയി.

തൊഴിലില്ല, വരുമാനമില്ല, കൊവിഡിന് തൊട്ട് മുന്‍പ് 70 ശതമാനം സ്വത്തും കൊടുക്കേണ്ടി വന്നു. ചില ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ എന്നെ പച്ചയ്ക്ക് ചതിച്ചു. അത് എന്റെ മനസാക്ഷിക്ക് അറിയാം.

ലോക്ഡൗണില്‍ മുഴുവന്‍ സമയവും ഞാന്‍ വീട്ടിനകത്തായിരുന്നു. അപ്പോഴാണ് ഞാന്‍ പുറത്തുള്ളവരെക്കുറിച്ച് ചിന്തിക്കുന്നത്. എന്റെ അവസ്ഥ ഇതാണെങ്കില്‍ പാവപ്പെട്ട ഒരാളുടെ ജീവിതം എങ്ങനെയായിരിക്കും. ആ ചിന്തയാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്.’

‘ബാക്കി ജീവിക്കാനുള്ള വക എനിക്ക് ഉണ്ടെങ്കിലും ബുദ്ധിമുട്ടേണ്ടി വന്നു. അപ്പോഴാണ് അതുപോലും ഇല്ലാത്ത പാവപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചത്. ചെറുപ്പത്തിലെ ഞാന്‍ ചാരിറ്റി വര്‍ക്ക് ചെയ്യാറുണ്ട്. അതില്‍ നിന്നും കുറച്ച് കൂടി മാറി ചിന്തിച്ചു.

ശരിക്കും അവരുടെ ബുദ്ധിമുട്ടുകള്‍ എന്റെ പേഴ്‌സണല്‍ ബുദ്ധിമുട്ടായി ഞാന്‍ കാണാന്‍ തുടങ്ങി. അവിടെയാണ് ജീവിതത്തില്‍ ഒരു ടേണിങ് പോയിന്റ് ഉണ്ടാവുന്നത്.

കൊവിഡ് 19 ല്‍ അവര്‍ക്കൊപ്പം നില്‍ക്കണം. ഇത്രയേ ഉള്ളൂ. ആത്മാര്‍ത്ഥമായി ഞാന്‍ പ്രാര്‍ത്ഥിച്ചു. അന്ന് തുടങ്ങിയതാണ്. ഇന്ന് വരെ ഒരു കാര്യവും മുടങ്ങിയിട്ടില്ല. ഇത് പറയാനുള്ള കാര്യം, ഏറ്റവും വലിയ ശക്തി മുകളില്‍ ഉണ്ട്. അത് വിശ്വസിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ദൈവത്തിന്റെ ശക്തി എന്താണെന്ന് തിരിച്ചറിയാന്‍ കഴിയും.

ശിവ എന്ന കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി സഹായം എത്തിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയും ബാല വീഡിയോയില്‍ തുടര്‍ന്ന് പങ്കുവെച്ചു.
ഞാന്‍ സ്‌നേഹിക്കുന്ന ശിവ ഇവിടെ ഉണ്ട്. ശിവയുടെ ഓപ്പറേഷന്‍ കഴിഞ്ഞു. അവന്‍ എന്നെ കാണാന്‍ വന്നു’, ബാല വീഡിയോയില്‍ പറഞ്ഞു.

അവശത അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ബാലയുടെ തന്നെ യൂട്യൂബ് ചാനലിലെ ‘ലീവ് ടു ഗിവ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content highlight: Actor Bala Reveal His personnel Life Issues

Latest Stories

We use cookies to give you the best possible experience. Learn more