തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന അധിക്ഷേപ കമന്റുകളില്‍ പ്രതികരണവുമായി നടന്‍ ബാല. തടി കുറഞ്ഞപ്പോള്‍ താന്‍ ഷുഗര്‍ പേഷ്യന്റാണെന്ന തരത്തില്‍ വന്ന കമന്റുകള്‍ക്കെതിരെയാണ് ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ബാല പ്രതികരിച്ചത്.
‘ഞാന്‍ എല്ലാ ഇന്റര്‍വ്യൂകളിലും പറഞ്ഞ് പറഞ്ഞ് മടുത്ത് പോയ കാര്യമാണിത്. ലാലേട്ടന്‍ തടി കുറച്ചാല്‍ കഥാപാത്രം, പൃഥ്വിരാജ് തടി കുറച്ചാല്‍ കഥാപാത്രം. ബാല തടി കുറച്ചാല്‍ ഷുഗര്‍ പേഷ്യന്റ്. ഇത് എന്തൊരു ന്യായമാണ്. നിങ്ങള്‍ തന്നെ ആലോചിച്ച് നോക്ക്. ഞാന്‍ നല്ല ആരോഗ്യമായാണ് ഇരിക്കുന്നത്. കഥാപാത്രത്തിനനുസരിച്ചാണ് ശരീരം നോക്കുന്നത്. ഒരു പി.ആര്‍.പിയും ചെയ്തിട്ടില്ല, ഒരു ട്രാന്‍സ്പ്ലാന്റും ചെയ്തിട്ടില്ല. എന്റെ മുടി നീളം വെച്ചിട്ടുണ്ട്. അത് ഒരു കഥാപാത്രത്തിന് വേണ്ടി ചെയ്യുന്നതാണ്,’ ബാല പറഞ്ഞു.
മലയാളത്തിലും മറ്റ് ഭാഷകളിലും അഭിനയിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യത്യാസത്തെ പറ്റിയും ബാല സംസാരിച്ചു.
‘മലയാളത്തിലും മറ്റ് ഭാഷകളിലും അഭിനയിക്കുന്നതില്‍ വ്യത്യാസമുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് അയ്യപ്പനും കോശിയും. അത് തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. രണ്ട് പടത്തിന്റേയും ക്ലൈമാക്‌സ് തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അങ്ങനെ വ്യത്യാസങ്ങളുണ്ടാവും. അത് അഡാപ്റ്റ് ചെയ്യണം.
ഞാന്‍ ഒരു ഐ.ടി. എഞ്ചിനീയറായിരുന്നു. പരീക്ഷയില്‍ സംസ്ഥാനത്ത് തന്നെ നമ്പര്‍ വണ്‍ ആയിരുന്നു. പക്ഷേ അച്ഛന്‍ എന്നോട് പറഞ്ഞത് ഞാന്‍ ഒരു നടനാണെന്നാണ്, ഇതല്ല നിന്റെ കരിയറെന്ന്. ഒരു അച്ഛനും അങ്ങനെ പറയില്ല. ഇപ്പോള്‍ എന്റെ അച്ഛന്‍ ജീവിച്ചിരിപ്പില്ല,’ ബാല കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ഒരു പരിപാടിക്കിടയില്‍ ടിനി ടോമും രമേഷ് പിഷാരടിയും ബാലയെ അനുകരിക്കുന്ന വീഡിയോ വൈറലായിരുന്നു. ബാല സംവിധാനം ചെയ്ത ഒരു സിനിമയിലേക്ക് ടിനിയെ അഭിനയിക്കാന്‍ വിളിച്ചതുമായി ബന്ധപ്പെട്ട ഒരു സംഭവമായിരുന്നു അത്. ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടായിരുന്നു ടിനി സംഭവം വിവരിച്ചത്.
ഇത് വൈറലായതിന് തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളില്‍ നിറഞ്ഞു. സംഭവത്തില്‍ പ്രതികരണവുമായി ബാലയും രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ തനിക്ക് വലിയ സന്തോഷം തോന്നുന്നില്ലെന്നും നേരില്‍ കണ്ടാല്‍ ടിനിടോമിനെയും പിഷാരടിയേയും കൊല്ലാനുള്ള ദേഷ്യമുണ്ടെന്നുമാണ് ബാല തമാശ മട്ടില്‍ പറഞ്ഞത്.
Content Highlight: Actor Bala responded to the abusive comments coming against him on social media