അദ്ദേഹം ഇല്ലെങ്കിൽ മലയാള സിനിമയിൽ ബാല എന്ന വ്യക്തി ഇല്ല, എന്റെ കം ബാക്കിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു: ബാല
Entertainment
അദ്ദേഹം ഇല്ലെങ്കിൽ മലയാള സിനിമയിൽ ബാല എന്ന വ്യക്തി ഇല്ല, എന്റെ കം ബാക്കിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു: ബാല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th June 2023, 8:20 am

അസുഖങ്ങളെ തുടർന്ന് സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടൻ ബാല. ചികിത്സക്ക് ശേഷം അദ്ദേഹം വീണ്ടും പ്രേക്ഷകരിലേക്ക് തിരികെയെത്താൻ പോകുകയാണ്. തന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട്, പ്രേക്ഷകർ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാല.

നടൻ മമ്മൂട്ടി തന്നെ വിളിച്ചെന്നും തന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. സംഭാഷണത്തിൽ ബിഗ് ബി പാർട്ട് 2നെ പറ്റി താൻ സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക് പേജ് വഴി പങ്കുവെച്ച വീഡിയോയിൽ ആണ് താരം ബിഗ് ബിയുമായി ബന്ധപ്പെട്ട സൂചന നൽകിയത്.

‘ദൈവം സഹായിച്ച് എനിക്ക് ജീവിതം തിരിച്ച് കിട്ടി. നമുക്ക് എല്ലാത്തിനേക്കാളും പ്രധാനം മനസിന്റെ സന്തോഷമാണ്. ഇപ്പോൾ അതെനിക്ക് കിട്ടി. അതിനെപ്പറ്റി ഞാൻ പറഞ്ഞേപറ്റൂ.

രമേശ് പിഷാരടി എന്നെ വിളിച്ചിരിക്കുന്നു. ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞു. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരു സൂപ്പർ സ്റ്റാർ കേരളത്തിൽ ഉണ്ട്. അദ്ദേഹം എന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് ഞാൻ വളരെ ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഇല്ലെങ്കിൽ മലയാള സിനിമയിലോ, ഈ വീഡിയോയിലോ ബാല എന്ന വ്യക്തി ഇല്ല.

ഞങ്ങൾ തമ്മിൽ ഉള്ളത് വളരെ രസകരമായ ഒരു സംഭാഷണം ആയിരുന്നു. അദ്ദേഹത്തിന്റെ അനുമതി ഉണ്ടെങ്കിൽ ഞാനാ സംഭാഷണം എല്ലാവരെയും കേൾപ്പിക്കുന്നതാണ്. ഞാൻ വളരെ സന്തോഷവാനാണ്. അദ്ദേഹം വിളിച്ചിട്ട് എന്റെ കം ബാക്കിനെക്കുറിച്ച് ഒരുപാട് സംസാരിച്ചു. കൂടാതെ തിരിച്ചുവരവിനായി അദ്ദേഹം നല്ല ബൂസ്റ്റ് അപ്പ് നൽകുകയും ചെയ്തു. അതെനിക്ക് വളരെ സന്തോഷം നൽകി. അതുപോലെ നിങ്ങൾ എല്ലാവരും ആഗ്രഹിക്കുന്ന ബിഗ് ബി പാർട്ടി 2നെ പറ്റി ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. എനിക്ക് തോന്നുന്നു എല്ലാവർക്കും സന്തോഷം ആകുമെന്ന്. ഇനി മമ്മൂക്കയുടെ വിശേഷങ്ങൾ, ഞങ്ങളുടെ വിശേഷങ്ങൾ, നമ്മുടെ വിശേഷങ്ങൾ അടുത്തതായി കാണാം,’ ബാല പറഞ്ഞു.

Content Highlights: Actor Bala on Mammootty and Bilal 2