എറണാകുളം: സമൂഹമാധ്യമങ്ങളിലുടെ അപമാനിച്ചെന്ന മുന്‍ ഭാര്യയുടേയും മകളുടേയും പരാതിയില്‍ ചലച്ചിത്ര നടന്‍ ബാല അറസ്റ്റില്‍. കടവന്ത്ര പൊലീസാണ് ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ നിന്ന് നടനെ അറസ്റ്റ് ചെയ്തത്.
ബാലയ്‌ക്കൊപ്പം നടന്റെ സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. വൈകീട്ടോടെ ബാലയെ കോടതിയില്‍ ഹാജരാക്കും.
ബാലയ്‌ക്കെതിരെ മുന്‍ ഭാര്യ നല്‍കിയ പരാതി ഗൗരവമുള്ളതാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷവും ഭാര്യയേയും മകളേയും സമൂഹമാധ്യമങ്ങളിലൂടേയും മറ്റും ശല്യം ചെയ്തു എന്നതാണ് പരാതി.
എന്നാല്‍ ബാലയ്‌ക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബാലയുടെ അഭിഭാഷക പ്രതികരിച്ചു. നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ ബാല സ്‌റ്റേഷനില്‍ ഹാജരായേന എന്നും എന്നാല്‍ പൊലീസ് പുലര്‍ച്ചെ അവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.
കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്നും അഭിഭാഷക അറിയിച്ചിട്ടുണ്ട്. ബാലയുടെ മാനേജരായ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. മകളുമായി ബന്ധപ്പെട്ട് ബാല നടത്തിയ പരാമര്‍ശങ്ങളാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബാലയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
അതേസമയം ബാലയുടെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി മുന്‍ ഭാര്യ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ 14 വര്‍ഷമായി ബാലയുടെ ഭാഗത്ത് നിന്ന് വിവിധ രീതിയിലുള്ള അതിക്രമങ്ങള്‍ നേരിട്ടിരുന്നെന്നും എന്നാല്‍ അന്നൊക്കെ മകളെ കരുതിയാണ് ഒന്നും മിണ്ടാതിരുന്നതെന്നും അവര്‍ പറഞ്ഞു. മകളുടെ സ്‌കൂളില്‍പോയി ബാല പ്രശ്‌നം ഉണ്ടാക്കിയിരുന്നതായും വിവാഹമോചനത്തിലെ നിബന്ധനകള്‍ ബാല പാലിച്ചില്ലെന്നും അവര്‍ പറഞ്ഞു.
Content Highlight: Actor Bala got arrested