| Thursday, 8th December 2022, 5:29 pm

'സ്ത്രീകള്‍ക്ക് മാത്രം പ്രതിഫലം കൊടുത്തു'; ഷെഫീക്കിന്റെ സന്തോഷത്തില്‍ ഉണ്ണി മുകുന്ദന്‍ കാശ് തരാതെ വഞ്ചിച്ചെന്ന് ബാല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷെഫീക്കിന്റെ സന്തോഷത്തില്‍ അഭിനയിച്ചതിന് തനിക്കോ, സംവിധായകന്‍ അനൂപ് പന്തളത്തിനോ, മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കോ പ്രതിഫലമൊന്നും ഉണ്ണി മുകുന്ദന്‍ നല്‍കിയില്ലെന്ന് ബാല. എന്നാല്‍ നടിമാര്‍ക്കുള്ള തുക കൃത്യമായി നല്‍കിയെന്നും ബാല പറയുന്നു. സിനിമയുടെ ക്യാമറാപേഴ്‌സണുമായി നേരിട്ട് ഫോണില്‍ സംസാരിച്ചാണ് വണ്‍ ഇന്ത്യന്‍ മലയാളത്തിനോട് ബാല ഇക്കാര്യം വ്യക്തമാക്കിയത്.

‘നിങ്ങള്‍ക്ക് പൈസ തന്നിരുന്നോ എന്നാണ് ബാല ക്യാമറമാനോട് ഫോണില്‍ ചോദിക്കുന്നത്”എനിക്ക് ഒന്നും തന്നിട്ടില്ല. ഒരു ലക്ഷം രൂപ തരാനുണ്ട്. എന്റെ ഭാര്യയും മക്കളും ആശുപത്രിയിലാണ്. എനിക്ക് ഫ്ളൈറ്റ് ടിക്കറ്റ് എടുക്കാന്‍ പോലും കാശില്ലാതെ ഇരിക്കുകയാണ്. അവര്‍ തരുമെന്ന് പറഞ്ഞതിനാല്‍ ഞാന്‍ ചോദിക്കാന്‍ പോയിട്ടില്ലെന്ന് ‘, ക്യാമറപേഴ്‌സണ്‍ പറയുന്നു.

”സംവിധായകനും പ്രതിഫലം കൊടുത്തിട്ടില്ലെന്നാണ് പറഞ്ഞത്. എനിക്കും ഒറ്റ പൈസ പോലും തന്നിട്ടില്ല. പക്ഷേ സിനിമ ഇത്രയും വിജയമായി നല്ല ലാഭത്തില്‍ വിറ്റിരിക്കുകയാണ്. എല്ലാ ചാനലുകളിലും പോയി ബാല നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് ഉണ്ണി പറയുന്നുണ്ട്. നല്ല കച്ചവടം നടക്കുമ്പോള്‍ ഇങ്ങനെയാണോ വേണ്ടത്. പിന്നെ ഞാന്‍ അറിഞ്ഞ വിവരം വെച്ച് ആ സിനിമയിലുണ്ടായിരുന്ന സ്ത്രീകള്‍ക്കെല്ലാം കാശ് കൊടുത്തിട്ടുണ്ടെന്നാണ്.

എന്റെ അച്ഛന്‍ 426 സിനിമകള്‍ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പ്രേം നസീറിനെ അവതരിപ്പിച്ചത് എന്റെ മുത്തച്ഛനാണ്. ഉണ്ണി മുകുന്ദന്‍ ചെറിയൊരു പയ്യനാണ്. ഇങ്ങനെ ചതിക്കാന്‍ പാടില്ല. എല്ലാ ടെക്നീഷ്യന്മാരെയും കൊണ്ട് പണിയെടുപ്പിച്ചിട്ട് അവര്‍ക്ക് കാശ് കൊടുത്തില്ല. എന്നിട്ടവന്‍ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ കൊടുത്ത് ഒരു കാറ് വാങ്ങി. ഇക്കാര്യങ്ങളെല്ലാം ഇടവേള ബാബുവിനെ വിളിച്ച് പറഞ്ഞു. പരാതി കൊടുക്കാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.

എനിക്ക് ഒരു പൈസയും വേണ്ട, സിനിമയ്ക്ക് വേണ്ടി ബുദ്ധിമുട്ടിയ ബാക്കി എല്ലാവര്‍ക്കും പ്രതിഫലം കൊടുക്കണമെന്നാണ് ബാലയുടെ ആവശ്യം. സ്ത്രീകള്‍ക്ക് മാത്രമല്ല പൈസ കൊടുക്കേണ്ടത്. അതിന് വേറെ അര്‍ഥമുണ്ടെന്നും നടന്‍ പറയുന്നു. ഞാന്‍ വിചാരിച്ച ക്യാരക്ടറല്ല ഉണ്ണി മുകുന്ദന്റേത്. സിനിമയുടെ പിന്നണിയില്‍ വര്‍ക്ക് ചെയ്തവര്‍ക്കൊന്നും പ്രതിഫലം കൊടുക്കാതെ സിനിമയുടെ ലാഭത്തില്‍ നിന്നും അവന്‍ കാറ് വാങ്ങി.

എന്നെ ചതിച്ചോ കുഴപ്പമില്ല, പാവങ്ങളെ ചതിക്കരുത്. അവന്‍ ഇനിയും അഭിനയിച്ചോട്ടെ, സിനിമ നിര്‍മ്മിക്കാന്‍ നില്‍ക്കണ്ടെന്നാണ് പറയാനുള്ളത്. ഒരു കാലത്ത് ഇതിനെല്ലാം പ്രതിഫലം കിട്ടും,” ബാല പറഞ്ഞു.

ഉണ്ണി മുകുന്ദന്‍, ബാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. നവംബര്‍ 25ന് സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. കോമഡി റോളുമായിട്ടാണ് ബാല സിനിമയിലെത്തിയത്.

content highlight: actor bala against unnimukundhan

We use cookies to give you the best possible experience. Learn more