മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് തോന്നിയില്ല; മോഹന്‍ലാലും മുന്‍ ഡി.ജി.പിയും മോന്‍സന്റെ വീട്ടില്‍ പോയിട്ടുണ്ടല്ലോയെന്നും ബാല
Kerala News
മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് തോന്നിയില്ല; മോഹന്‍ലാലും മുന്‍ ഡി.ജി.പിയും മോന്‍സന്റെ വീട്ടില്‍ പോയിട്ടുണ്ടല്ലോയെന്നും ബാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th September 2021, 10:09 am

കൊച്ചി: പുരാവസ്തുവിന്റെ പേരില്‍ ആളുകളെ കബളിപ്പിച്ച് പണം തട്ടിയ മോന്‍സന്‍ മാവുങ്കലിനു വേണ്ടി ഇടപെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാല. മോന്‍സന്‍ കൊച്ചിയില്‍ തന്റെ അയല്‍വാസിയായിരുന്നുവെന്നും സൗഹൃദം ഉണ്ടായിരുന്നുവെന്നും ബാല മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

നാല് മാസം മുന്‍പത്തെ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നതെന്നും ബാല കൂട്ടിച്ചേര്‍ത്തു.

‘മോന്‍സന്റെ ജീവികാരുണ്യപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ഞാന്‍ അദ്ദേഹവുമായി സൗഹൃദത്തിലാകുന്നത്. അദ്ദേഹം തട്ടിപ്പു നടത്തുന്ന വ്യക്തിയാണെന്ന് തോന്നിയിട്ടില്ല. ഞാന്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല,’ ബാല പറഞ്ഞു.

മോന്‍സന്‍ മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ചു നല്‍കാന്‍ ബാധ്യസ്ഥനാണ്. താന്‍ മാത്രമല്ല മോഹന്‍ലാലും മുന്‍ ഡി.ജി.പിയുമടക്കമുള്ളവര്‍ മോന്‍സന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നും ബാല പറഞ്ഞു.

‘മോന്‍സന്‍ പിരിച്ചുവിട്ടതിന് ശേഷം ഡ്രൈവര്‍ അജിത് എന്നെ വിളിച്ചിരുന്നു. ശമ്പളം കിട്ടിയിട്ടില്ലെന്നൊക്കെ പറഞ്ഞു. അവര്‍ തമ്മിലുള്ള വഴക്ക് പരിഹരിച്ച് സ്നേഹത്തോടെ പോകാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അതില്‍ കൂടുതലൊന്നും ഞാന്‍ ചെയ്തിട്ടില്ല,’ ബാല പറഞ്ഞു.

നേരത്തെ മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത് നല്‍കിയ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ബാലയുടെ ഫോണ്‍ സംഭാഷണം പുറത്തായിരുന്നു.

അജിതിനെതിരെ മോന്‍സന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മോന്‍സന്റെ രഹസ്യങ്ങളെല്ലാം അറിയുന്ന അജിതും പൊലീസില്‍ പരാതിപ്പെട്ടു. തന്നെ മോശക്കാരനായി ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് മോന്‍സനെതിരെ പരാതി നല്‍കിയതെന്ന് അജിത് പറയുന്നു.

പത്ത് വര്‍ഷം പട്ടിയെപ്പോലെ പണിയെടുത്തതിനുള്ള പ്രതിഫലമായി തനിക്ക് നല്‍കിയ ബോണസ് കള്ളക്കേസുകളാണെന്ന് അജിത് ബാലയോട് പറയുന്നു.

ബാലയുടെ യൂട്യൂബ് ചാനലില്‍ മോന്‍സനെ അഭിമുഖം ചെയ്തിരുന്നു. ബാലയുടെ വിവാഹത്തിനടക്കം മോന്‍സന്‍ പങ്കെടുത്തിരുന്നു.

അതേസമയം മോഹന്‍ലാല്‍ മോന്‍സന്റെ വീട്ടിലെത്തിയതും ബാല വഴിയാണെന്ന് സൂചനയുണ്ട്. മോന്‍സന്റെ പക്കല്‍ പുരാവസ്തുശേഖരമുണ്ടെന്ന് ലാലിനോട് പറയുന്നത് താനാണെന്ന് ബാല പറയുന്നുണ്ട്.

പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സന്റെ തട്ടിപ്പ്.

തനിക്ക് കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മോന്‍സണ്‍ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയത്.

പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖ ചമച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്.

എന്നാല്‍ പരിശോധനയില്‍ ബാങ്കിലോ വിദേശത്തോ ഇയാള്‍ക്ക് അക്കൗണ്ടുകള്‍ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി തുടങ്ങിയവ തന്റെ കൈവശമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു.

ഇത് ചേര്‍ത്തലയിലെ ഒരു ആശാരി നിര്‍മ്മിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം തന്റെ കൈവശമുള്ളത് ഒറിജിനലല്ല, അതിന്റെ പകര്‍പ്പാണെന്ന് പറഞ്ഞു തന്നെയാണ് പുരാവസ്തുക്കള്‍ വിറ്റിരുന്നതെന്നാണ് മോന്‍സന്‍ നല്‍കിയ മൊഴി.

ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് ലഭിച്ച വെള്ളി നാണയങ്ങളും, മോശയുടെ അംശവടിയും കണ്ട മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ഇയാളെ കുടുക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Bala about Monson Mavungal