കോമഡി മാത്രം ചെയ്യുകയാണെങ്കില്‍ ഞാനായിരിക്കും സൂപ്പര്‍ സ്റ്റാറെന്ന് മമ്മൂക്ക പറഞ്ഞു, ചോക്ലേറ്റ് ബോയ് വിത്ത് ആക്ഷന്‍ എന്നാണ് എല്ലാവരും എന്നെ വിളിച്ചത്: ബാല
നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണിമുകുന്ദന്, മനോജ് കെ. ജയന്, ദിവ്യ പിള്ള, ബാല, ആത്മീയ രാജന് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ദിസ് ഈസ് റാങ്’ എന്ന സ്വന്തം ഡയലോഗുകളുമായി ബാല വരുന്ന സിനിമ കൂടിയാണ് ‘ഷെഫീക്കിന്റെ സന്തോഷം.’
ചിത്രത്തിന്റെ ട്രെയ്ലറിലെ തന്റെ അഭിനയം കണ്ട് മമ്മൂക്ക പറഞ്ഞ കാര്യങ്ങളെക്കുറിച്ച് പറയുകയാണ് ബാല. ചിത്രത്തില്‍ മുഴുനീള കോമഡി കഥാപാത്രമായാണ് താന്‍ എത്തുന്നതെന്നും ജീവിതത്തില്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് സിനിമയിലെയും തന്റെ കഥാപാത്രമെന്ന് ബാല പറഞ്ഞു. ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യം പറഞ്ഞത്.
”നായകനായിട്ടും വില്ലനായിട്ടും ഞാന്‍ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഷെഫീക്കിന്റെ സന്തോഷത്തില്‍ കൊമേഡിയനായിട്ടാണ് ചെയ്തത്. എനിക്ക് എല്ലാവരോടും ഒരു അപേക്ഷയുണ്ട്. അന്ന് ഞാന്‍ ബിഗ് ബിയില്‍ അഭിനയിച്ചപ്പോള്‍ ചോക്ലേറ്റ് ബോയ് വിത്ത് ആക്ഷന്‍ എന്നാണ് എല്ലാവരും പറഞ്ഞത്.
പക്കാ വില്ലനായിട്ടായിരുന്നു പിന്നീട് ഞാന്‍ പുതിയ മുഖത്തില്‍ ഇറങ്ങിയത്. അതുപോലെ ഇപ്പോള്‍ ഷെഫീക്കിന്റെ സന്തോത്തില്‍ പക്കാ കൊമോഡിയനായിട്ടാണ് ഞാന്‍ ഇറങ്ങിയിട്ടുള്ളത്. അതും ആളുകള്‍ സപ്പോര്‍ട്ട് ചെയ്യണം. പിഷാരടി ഇന്നലെ എന്നോട് അരമണിക്കൂര്‍ സംസാരിച്ചിരുന്നു.
മമ്മൂക്ക പിഷാരടിയോട് പറഞ്ഞ ഒരു കാര്യം ഇന്നലെ അദ്ദേഹം എന്നോട് പറഞ്ഞു. അടുത്ത ഒരു നാല് പടം ബാല കോമഡി മാത്രം ചെയ്യുകയാണെങ്കില്‍ അവനായിരിക്കും സൂപ്പര്‍ സ്റ്റാര്‍ എന്ന് മമ്മൂക്ക പറഞ്ഞു. അദ്ദേഹം പറഞ്ഞ ഈ കാര്യം പിഷാരടിയാണ് എന്നോട് പറഞ്ഞത്.
ജീവിതത്തില്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഷെഫീക്കിന്റെ സന്തോഷത്തില്‍ ഞാന്‍ ഉള്ളത്. എല്ലാവരും നല്ല അഭിപ്രായമാണ് എന്റെ അഭിനയത്തെക്കുറിച്ച് പറയുന്നത്. ശരിക്കും ഈ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. ജീവിതത്തില്‍ എന്ത് ഡയലോഗാണോ പറയുന്നത് അത് തന്നെയാണ് സിനിമയിലും പറഞ്ഞത്.
ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറിലാണ് ഷെഫീക്കിന്റെ സന്തോഷം ഒരുങ്ങുന്നത്. ചിത്രം നവംബര്‍ 25നാണ് റിലീസ് ചെയ്യുന്നത്. പ്രവാസിയായ ഷെഫീക്ക് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന് എത്തുന്നത്.
content highlight: actor bala about his performance in Shefeekkinte Santhosham movie