കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ബാലയും ഡോക്ടര്‍ എലിസബത്തും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
വിവാഹം ചെയ്യുന്നത് ഇതരമതത്തിലുള്ള പെണ്‍കുട്ടിയെ ആണെന്ന കാരണത്താല്‍ തന്റെ വിവാഹത്തില്‍ പങ്കെടുക്കാത്തവരുണ്ടെന്ന് പറയുകയാണ് ബാല. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ച് ബാല സംസാരിച്ചത്.
മിശ്രവിവാഹം ആയതുകൊണ്ട് സുഹൃത്തുക്കളില്‍ നിന്നോ കുടുംബത്തില്‍ നിന്നോ എതിര്‍പ്പ് ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അങ്ങനെ എതിര്‍ക്കുന്നവരെ താന്‍ തന്റെ കുടുംബത്തിന്റെ ഭാഗമായി കണ്ടിട്ടില്ലെന്നായിരുന്നു ബാലയുടെ മറുപടി.
ഈ കാലഘട്ടത്തില്‍ കൊറോണ പോലൊരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ പോലും ആളുകളുടെ ചിന്തയില്‍ മതം മാത്രമാണ് ഉള്ളത്. വിവാഹ ദിവസം പോലും മതത്തിന്റെ പേര് പറഞ്ഞ് ഒരു സെലിബ്രിറ്റി വന്നില്ല. അവരുടെ പേരെടുത്ത് പറയുന്നില്ല. ആരേയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ ഞങ്ങള്‍ക്ക് അങ്ങനെയൊരു വിശ്വാസമില്ല.
ബൈബിള്‍ എടുത്ത് നോക്കിയാല്‍ ജീസസ് പറയുന്നത് എല്ലാവരേയും സ്‌നേഹിക്കാനാണ്. നിങ്ങള്‍ മതം മാറുമോ എന്ന് ഞങ്ങളോട് ചിലര്‍ ചോദിച്ചു. ഞങ്ങള്‍ക്ക് മതമേയില്ലെന്നാണ് അവരോട് പറയാനുള്ളത്, ബാല പറഞ്ഞു.
സമൂഹത്തിന് തന്നെക്കൊണ്ടാവും പോലെ നന്മ ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളതെന്നും എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ പേരും മുഖവും ധൈര്യവും ഇല്ലാത്ത ചിലര്‍ വലിയ രീതിയിലുള്ള അധിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ബാല പറയുന്നു.
”എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന നന്മകളാണ് ഞാന്‍ ചെയ്യുന്നത്. അതിന് പോലും കമന്റിടുന്നു. ഇവരൊന്നും സ്വന്തം പോക്കറ്റില്‍ കിടക്കുന്ന പത്ത് രൂപ എടുത്ത് ആര്‍ക്കും കൊടുക്കില്ല. മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് ചുമ്മാ പറയുകയാണ്. പിന്നെ ചിലര്‍ ചോദിക്കും. നിങ്ങള്‍ നിങ്ങളുടെ മകളെ മറന്നോ എന്ന്. അത് അവര്‍ക്കാണോ അറിയുന്നത്. ആര്‍ക്കും അറിയില്ല. ഞാന്‍ എന്റെ മകളെ എത്രമാത്രം സ്‌നേഹിക്കുന്നു എന്ന്. എലിസബത്തിന്റെ മുന്നില്‍ വെച്ചാണ് ഞാന്‍ ഇത് പറയുന്നത്. മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് അവര്‍ക്ക് അറിയാത്ത കാര്യം സംസാരിക്കരുത്,” ബാല പറഞ്ഞു.
വിവാഹം കഴിക്കാന്‍ പോകുന്ന കാര്യം ബന്ധുക്കളോടൊന്നും നേരത്തെ പറഞ്ഞിരുന്നില്ലെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്നും ഇതാണ് പെണ്‍കുട്ടിയെന്നും പറഞ്ഞ് എലിസബത്തിനെ അമ്മയ്ക്ക് പരിചയപ്പെടുത്തുകയായിരുന്നെന്നും ബാല പറഞ്ഞു.