പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പഴ്‌സ് എന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കിയെന്ന് നടന്‍ ബൈജു. ഏഴ് ദിവസത്തെ ഡേറ്റ് തന്റെ കയ്യില്‍ നിന്നും വാങ്ങിയതാണെന്നും എന്നാല്‍ എന്തിനാണ് തന്നെ ഒഴിവാക്കിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ഒഴിവാക്കിയതിന്റെ കാരണം അന്വേഷിച്ചില്ലെന്നും അതൊന്നും സീരിയസായി എടുത്തിട്ടില്ലന്നും ബൈജു പറഞ്ഞു. തങ്ങള്‍ ചിന്തിക്കുന്നത് പോലെ എല്ലാവരും വരണമെന്ന് കരുതുന്നതാണ് പ്രശ്‌നമെന്നും പൈസയൊന്നും അധികം ധൂര്‍ത്തടിച്ച് കളയാത്ത ആളായത് കൊണ്ടാണ് ഇത്തരം സാഹചര്യങ്ങളില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചതെന്നും കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ബൈജു പറഞ്ഞു.
‘പ്രിയനെ പോലെയൊരാളുടെ അടുത്തൊന്നും എനിക്ക് ചാന്‍സ് ചോദിക്കേണ്ട ആവശ്യമില്ല. അത്രക്കും മാനസിക അടുപ്പമുണ്ട് നമ്മളൊക്കെ തമ്മില്‍. പുള്ളിയുടെ മനസില്‍ ഞാനുണ്ടെങ്കില്‍ ഉറപ്പായും എന്നെ വിളിക്കും. കൊറോണ പേപ്പേഴ്‌സ് എന്ന് പറയുന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു. എന്റെ കയ്യില്‍ നിന്നും ഏഴ് ദിവസത്തെ ഡേറ്റ് വരെ വാങ്ങിയിരുന്നു. പക്ഷെ സിനിമ വന്നപ്പോള്‍ അതില്‍ ഞാനില്ല. എന്തുകൊണ്ടാണെന്നൊന്നും എനിക്കറിയില്ല.
അതിന്റെ കാരണമൊന്നും അന്വേഷിക്കാന്‍ ഞാനും പോയില്ല. ഇതൊന്നും വലിയ സീരിയസ് കാര്യമായി എടുക്കാതിരുന്നാല്‍ മതി. എല്ലാവരും നമ്മള്‍ വിചാരിക്കുന്നത് പോലെയായിരിക്കണം എന്ന് ചിന്തിക്കുന്നിടത്താണ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത്. പൈസയൊന്നും അധികം ധൂര്‍ത്തടിച്ച് കളയാത്ത ഒരാളായത് കൊണ്ടാണ് എനിക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത്.
സമ്പത്ത് കൂടിയില്ലാത്ത അവസ്ഥയൊന്ന് ആലോചിച്ച് നോക്കിയേ. സമ്പത്ത് എന്ന് ഞാന്‍ ഉദ്ദേശിച്ചത് ദൈനംദിന ചിലവുകള്‍ക്കുള്ള പൈസയാണ്. ഒരു മാസം ജീവിക്കാന്‍ ഇത്ര രൂപ ആവശ്യമാണല്ലോ. ഓരോരുത്തരുടെയും ജീവിതരീതി ആശ്രയിച്ചാണ് ചെലവുകള്‍ വരുന്നത്. ആരും നമ്മളുടെ ഒപ്പം ഉണ്ടാവില്ല. സുഹൃത്തുക്കള്‍ക്കൊന്നും എന്റെ പ്രശ്‌നങ്ങളിലേക്ക് തിരിഞ്ഞ് നോക്കേണ്ട ആവശ്യമില്ല. തിരിഞ്ഞ് നോക്കാന്‍ ആരോടും ഞാന്‍ പറഞ്ഞിട്ടുമില്ല,’ ബൈജു പറഞ്ഞു.
content highlight: actor baiju talks about priyadarshan