| Wednesday, 21st December 2022, 5:42 pm

രഞ്ജിത്തിനെ കാണുമ്പോള്‍ എന്തായാലും ഞാന്‍ ചോദിക്കാം; ഐ.എഫ്.എഫ്.കെ വിവാദത്തില്‍ നടന്‍ ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഐ.എഫ്.എഫ്.കെ വേദിയില്‍ പ്രതിഷേധിച്ച ഡെലിഗേറ്റ്‌സിനെ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് നായകളോട് ഉപമിച്ച സംഭവം വലിയ വിവാദമായിരുന്നു. വാമനന്‍ എന്ന സിനിമയുടെ ഭാഗമായി നടത്തിയ പ്രസ്മീറ്റില്‍ ആ വിഷയത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ ബൈജു.

നാനൂറ് സീറ്റ് മാത്രമുള്ള തിയേറ്ററില്‍ എങ്ങനെയാണ് നാലായിരം പേര്‍ക്ക് സിനിമ കാണാന്‍ കഴിയുകയെന്നും, എത്രയൊക്കെ ശ്രമിച്ചാലും എന്തെങ്കിലുമൊക്ക പ്രശ്‌നങ്ങള്‍ സംഘാടനത്തില്‍ സംഭവിക്കുമെന്നുമായിരുന്നു ബൈജു പറഞ്ഞത്. രഞ്ജിത് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും, നേരില്‍ കാണുമ്പോള്‍ അദ്ദേഹത്തോട് ചോദിക്കാമെന്നും താരം പറഞ്ഞു.

‘എന്റെ വീടിന്റെ തൊട്ടടുത്താണ് ഈ പറയുന്ന ടാഗോര്‍ തിയേറ്ററൊക്കെ. എന്റെ ജീവിതത്തില്‍ ഇന്നുവരെ ഞാനൊരു ഫെസ്റ്റിവെലും കാണാന്‍ പോയിട്ടില്ല. എന്തായാലും ഒരു കാര്യം പറയാം എല്ലാ തവണത്തെക്കാളും ആളുകൂടുതലായിരുന്നു ഈ തവണ. എല്ലാ സ്ഥലങ്ങളിലും ഈ തിരക്ക് കാണാന്‍ കഴിയുമായിരുന്നു. എന്റെ അറിവ് വെച്ച് ആ തിയേറ്ററിനകത്ത് ഏതാണ്ട് നാനൂറ് സീറ്റ് മാത്രമേയുള്ളു. അവിടെ പിന്നെ നാലായിരം പേര് ചെന്നാല്‍ എങ്ങനെ സിനിമ കാണാന്‍ പറ്റും.

എത്രയൊക്കെ നന്നായിട്ട് നടത്താന്‍ ശ്രമിച്ചാലും ഇതുപോലെയുള്ള പാളിച്ചകള്‍ ഇന്നലെയും ഉണ്ടാകും നാളെയും ഉണ്ടാകും. പിന്നെ രഞ്ജിത് ആളുകളെ പട്ടിയോട് ഉപമിച്ച കാര്യം, പുള്ളി ഡെലിഗേറ്റ്‌സിനെ കുറിച്ചല്ലല്ലോ പറഞ്ഞത്, വേദിയില്‍ കയറിയപ്പോള്‍ കൂവിയതിനെ കുറിച്ചല്ലേ. അത് പുള്ളി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞതല്ലെ.

എന്തായാലും നിങ്ങള്‍ ചോദിച്ച സ്ഥിതിക്ക് രഞ്ജിത്തിനെ കാണുമ്പോള്‍ എന്തായാലും ഞാന്‍ ചോദിക്കാം. അതില്‍ കൂടുതല്‍ മറുപടിയൊന്നും അക്കാര്യത്തില്‍ എനിക്ക് പറയാന്‍ പറ്റില്ല,’ ബൈജു പറഞ്ഞു.

അതേസമയം പത്താന്‍ വിവാദത്തിലും ബൈജു പ്രതികരിച്ചിരുന്നു.

‘അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടെ. അതിലൊക്കെ ആര്‍ക്കാണിത്ര കുത്തിക്കഴപ്പ്. അവനവന്റെ കാര്യം നോക്കി മര്യാദക്ക് നടന്നാല്‍ പോരേ. എന്തിനാണ് മറ്റുള്ളവരിടുന്ന ഡ്രസ് നോക്കാന്‍ പോകുന്നത്. സ്വന്തം വീട്ടിലെ കാര്യമല്ല നോക്കുന്നത്. അപ്പുറത്തെ വീട്ടുകാരന്റെ ജനലിലൂടെ അവിടെ എന്താണ് നടക്കുന്നതെന്ന് എത്തിനോക്കുകയാണ്. അതൊന്നും നോക്കാതിരുന്നാല്‍ ഈ കഴപ്പങ്ങ് തീരും. അത്രേയുള്ളു.

അത് മാത്രമല്ല, ആ പാട്ടില്‍ ആ കളറിലുള്ള ഒരു ഡ്രസ് മാത്രമല്ലയിട്ടിരിക്കുന്നത്. ഒരേ ഡ്രസ് മാത്രമാണ് കാണിക്കുന്നതെങ്കില്‍ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് പറയാം. എന്നാല്‍ ഒരുപാട് വസ്ത്രങ്ങള്‍ ആ പാട്ടില്‍ മാറി മാറി വരുന്നുണ്ട്. ഇത്രയും പത്രക്കാരും ചാനലുകാരുമുള്ളത് കൊണ്ടാണ് ഞാന്‍ ഇത്രയും കുറച്ച് പറഞ്ഞത്. ബാക്കി ഞാന്‍ പിന്നെ പറയാം,’ എന്നുമാണ് താരം പ്രതികരിച്ചത്.

content highlight: actor baiju says his opinion about ranjith issue

We use cookies to give you the best possible experience. Learn more