DMOVIES
അങ്ങനെയൊരു എഗ്രിമെന്റ് ഉണ്ടെങ്കില്‍ എനിക്കും കൂടി കാണണം; നിര്‍മാതാവിന്റെ പരാതിയില്‍ പ്രതികരണവുമായി നടന്‍ ബൈജു സന്തോഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 03, 07:09 pm
Sunday, 4th October 2020, 12:39 am

കൊച്ചി: പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാവുന്നില്ല എന്നാരോപിച്ച് മരട് 357 എന്ന സിനിമയുടെ നിര്‍മാതാവ് നല്‍കിയ പരാതിയില്‍ പ്രതികരണവുമായി നടന്‍ ബൈജു സന്തോഷ്. നിര്‍മാതാവ് പറയുന്ന എട്ട് ലക്ഷം രൂപയുടെ എഗ്രിമെന്റ് അല്ല താന്‍ ഒപ്പിട്ടതെന്നും 20 ലക്ഷം രൂപയുടേത് തന്നെ ആയിരുന്നു എന്നും ബൈജു സന്തോഷ് പറയുന്നു. ഈ പ്രതിഫലത്തില്‍ നിന്ന് 5 ലക്ഷം രൂപ നിലവിലെ സാഹചര്യത്തില്‍ കുറയ്ക്കാന്‍ താന്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ നിര്‍മാതാവ് ഇതിനു തയ്യാറായില്ലെന്നും ബൈജു സന്തോഷ് പറഞ്ഞു.

‘മരടിന്റെ പ്രൊഡ്യൂസര്‍ പറയുന്നത് എട്ട് ലക്ഷം രൂപയ്ക്കാണ് ഞാന്‍ എഗ്രിമെന്റ് ഒപ്പു വെച്ചതെന്നാണ്. അങ്ങനെയൊരു എഗ്രിമെന്റ് ഉണ്ടെങ്കില്‍ അത് വെളിവാക്കണം. ആ എഗ്രിമെന്റ് എനിക്കും കൂടി കാണണം. കാരണം ഞാന്‍ അങ്ങനെയൊരു എഗ്രിമെന്റില്‍ ഒപ്പിട്ടിട്ടില്ല. ഇനി 20 ലക്ഷം രൂപയുടെ എഗ്രിമെന്റിനകത്ത് വൈറ്റ്‌നര്‍ ഉപയോഗിച്ച് മായ്ച്ച് കളഞ്ഞിട്ട് എട്ട് ലക്ഷം എന്നു മാറ്റിയിട്ടുണ്ടോ എന്നെനിക്കറിയില്ല. അത് കാണുമ്പോള്‍ മനസ്സിലാവും. എട്ട് ലക്ഷം രൂപയുടെ എഗ്രിമെന്റ് കാണിച്ചാല്‍ പ്രൊഡ്യൂസര്‍ പറയുന്നതു പോലെ അനുസരിക്കാന്‍ ഞാന്‍ തയ്യാറാണ്. മറിച്ചാണെങ്കില്‍ ഞാന്‍ പറയുന്ന പൈസ തരേണ്ടി വരും,’ ബൈജു സന്തോഷ് പറഞ്ഞു. ഫേസ്ബുക്കില്‍ പുറത്തിറക്കിയ വീഡിയോയിലൂടെയാണ് നടന്റെ പ്രതികരണം.

ഒപ്പം പടത്തിന് ഒരു പ്രമോഷന്‍ കൂടി ലഭിക്കുമെന്ന് കരുതിയാണ് പ്രൊഡ്യൂസര്‍ ഇത്തരത്തിലൊരു വിവാദമുണ്ടാക്കുന്നതെന്നും ബൈജു സന്തോഷ് പറഞ്ഞു.

‘ പിന്നെ ഈ പ്രൊഡ്യൂസര്‍ ആളൊരു ബുദ്ധിമാനാണ്, ഇപ്പോള്‍ ഇതു വെച്ചൊരു വിവാദമുണ്ടാക്കിയാല്‍ പടത്തിനു ഒരു നല്ല പ്രമോഷന്‍ കൂടി ലഭിക്കുമല്ലോ, നല്ല കാര്യം തന്നെ, നടക്കട്ടെ,’ ബൈജു സന്തോഷ് പറഞ്ഞു.

ബൈജു സന്തോഷ് പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് മരട് 357 എന്ന സിനിമയുടെ നിര്‍മാതാവ് നിര്‍മാതാക്കളുടെ സംഘടനയില്‍ പരാതി നല്‍കിയിരുന്നു. പ്രതിഫലം നല്‍കാതെ ബൈജു ഡബ്ബിംഗ് ചെയ്യില്ലെന്ന് പറഞ്ഞതായും നിര്‍മ്മാതാവിന്റെ പരാതിയില്‍ ഉണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: actor Baiju Santhosh react to allegation of producer