കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ബൈജു സന്തോഷ് മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. തിരുവനന്തപുരം വെള്ളയമ്പലം ഭാഗത്തുവെച്ചായിരുന്നു അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റതായും പിന്നാലെ താരത്തിനെതിരെ പൊലീസ് കേസെടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇപ്പോഴിതാ സംഭവദിവസം നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുവന്നിരിക്കുകയാണ് ബൈജു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു ബൈജു വിശദമാക്കിയത്. തന്റെ ഭാഗത്ത് നിന്ന് അഹങ്കാരമായിട്ടുള്ള സംസാരം ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ പൊതുസമൂഹത്തിനോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.
ഫേസ്ബുക്ക് വീഡിയോയില്‍ ബൈജു സന്തോഷ് പറഞ്ഞവാക്കുകള്‍;
ഞായറാഴ്ചത്തെ എന്റെ ആക്‌സിഡന്റുമായി ബന്ധപ്പെട്ട് ചില ധാരണകളും ചില തെറ്റിദ്ധാരണകളും സോഷ്യല്‍മീഡിയ വഴി പരക്കുകയുണ്ടായി. അതിലെ യഥാര്‍ത്ഥ സംഭവം എന്താണെന്ന് പൊതുസമൂഹത്തെ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.
ഞായറാഴ്ച ഞാന്‍ കവടിയാര്‍ ഭാഗത്തുനിന്നും വെള്ളയമ്പലം ഭാഗത്തേക്ക് വരികയായിരുന്നു. ഒരു 65 കിലോമീറ്റര്‍ സ്പീഡ് ഉണ്ടാകാം. വെള്ളയമ്പലം ഭാഗത്ത് നിന്ന് മ്യൂസിയം ഭാഗത്തേക്ക് പോകാന്‍ ആയിരുന്നു എന്റെ പ്ലാന്‍. പക്ഷെ വെള്ളയമ്പലം ജങ്ഷനില്‍ എത്താറയതും എന്റെ വണ്ടിയുടെ ടയര്‍ പഞ്ചറായി.
അങ്ങനെ എന്റെ കൈയ്യില്‍ നിന്നും വണ്ടിയുടെ കണ്‍ട്രോള്‍ പോയി. തിരിക്കാന്‍ നോക്കിയെങ്കിലും വണ്ടി തിരിഞ്ഞില്ല. അങ്ങനെയാണ് ഒരു സ്‌കൂട്ടറുകരന്റെ ദേഹത്ത് തട്ടിയത്. അപ്പോള്‍ തന്നെ ഞാന്‍ വണ്ടിയില്‍ നിന്നും ഇറങ്ങി ആ ചെറുപ്പകാരനോട് സംസാരിക്കുകയും ആശുപത്രിയില്‍ പോകണോ എന്നൊക്കെ തിരക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ഒടിവോ ചതവോ മുറിവോ ഇല്ലെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്.
കൂടാതെ അയാള്‍ ഇന്നലെ തനിക്ക് പരാതി ഇല്ലെന്ന് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തു. പൊലീസുകാര്‍ ആരും എന്നെ സഹായിച്ചിട്ടൊന്നുമില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചക്ക് അവര്‍ കേസ് എടുത്തിട്ടുണ്ട്. പിന്നെ ഞാന്‍ അടിച്ചു പൂസായിരുന്നു, മദ്യപിച്ചു മദോന്മത്തന്‍ ആയിരുന്നു എന്നൊക്കെയുള്ള ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വരും.
ആളുകള്‍ വായിക്കണമെങ്കില്‍ ഇങ്ങനെയുള്ള പൊടിപ്പും തൊങ്ങലുകളും വേണമല്ലോ. അതുമാത്രമല്ല ഞാന്‍ ഒരു ചാനലുകാരനോട് ചൂടാകുന്നതായി നിങ്ങള് കണ്ടിട്ടുണ്ടാകും. ആ സമയത്ത് കുറച്ച് ഇരുട്ടായിരുന്നു. ആരോ ദൂരെ നിന്ന് വീഡിയോ എടുക്കുന്നത് കണ്ടു. ഇരുട്ടായത് കൊണ്ട് ഞാന്‍ കണ്ടിരിന്നില്ല. അപ്പോഴാണ് ഞാന്‍ ചൂടായത്.
അത് ഏത് ചാനലായിരുന്നെന്ന് ഞാന്‍ കണ്ടിരുന്നില്ല. ഇരുട്ടത് ഏഷ്യാനെറ്റ് ആയിരുന്നെന്ന് ഞാന്‍ കണ്ടില്ല. വഴിയെ പോകുന്ന പോയ ആരോ വീഡിയോ എടുത്തുവെന്ന് കരുതിയാണ് ഞാന്‍ ചൂടായത്. ഇവിടുത്തെ എല്ലാ നിയമങ്ങളും എല്ലാവരെയും പോലെ അനുസരിക്കാന്‍ ഞാനും ബാധ്യസ്ഥനാണ്. എനിക്ക് കൊമ്പൊന്നുമില്ല. അങ്ങനെ ചിന്തിക്കുന്ന ആളുമല്ല ഞാന്‍.
എന്റെ കൂടെ ഏതോ ഒരു സ്ത്രീ ഉണ്ടായിരുന്നെന്നോ പെണ്‍കുട്ടി ഉണ്ടായിരുന്നെന്നോയുള്ള മറ്റു ചില വാര്‍ത്തകള്‍ വന്നത് കണ്ടു. അത് മറ്റാരുമല്ല, എന്റെ സ്വന്തം കസിന്റെ മകള്‍ ആയിരുന്നു. എന്റെ മകളുടെ അതേ പ്രായം തന്നെയായിരുന്നു അവള്‍ക്കും.
ഞങ്ങളുടെ ഒപ്പം യു.കെയില്‍ നിന്നും വന്ന ഒരു സുഹൃത്തും ഉണ്ടായിരുന്നു. സോഷ്യല്‍മീഡിയ വഴി, എന്റെ ഭാഗത്ത് നിന്ന് അഹങ്കാരമായിട്ടുള്ള സംസാരമുണ്ടായതായി ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ പൊതുസമൂഹത്തിനോട് ക്ഷമ ചോദിക്കുന്നു. എന്നെ സ്‌നേഹിക്കുന്നവര്‍ എന്നെ മനസിലാക്കുമെന്ന് വിചാരിക്കുന്നു.