| Monday, 6th March 2023, 11:54 pm

എവിടെ തിരിഞ്ഞാലും ദൈവങ്ങളോ, ഒന്നാണെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നു: ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ ചെറുപ്പത്തല്‍ തന്നെ സിനിമയിലേക്ക് വന്നയാളാണ് നടന്‍ ആണ് ബൈജു സന്തോഷ്. താരത്തിന്റെ വ്യത്യസ്ത അഭിനയ ശൈലിയും, ശബ്ദവുമാണ് മലയാളികള്‍ക്കിടയില്‍ താരത്തെ പ്രിയങ്കരനാക്കിയത്. ഇടക്ക് സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും അടുത്തകാലത്ത് വലിയ തിരിച്ചുവരവ് നടത്താന്‍ അദ്ദേഹത്തിനായിരുന്നു.

ഇപ്പോഴിതാ തന്റെ ദൈവസങ്കല്‍പ്പത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടന്‍ ബൈജു. മനുഷ്യര്‍ക്കെല്ലാം ഒരു ദൈവമാണെങ്കില്‍ താന്‍ വിശ്വാസിയായേനെയെന്നും ഒരോരുത്തര്‍ക്കും ഓരോ ദൈവമുണ്ടാകുന്നതിനെ വിശ്വസിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ബൈജുവിന്റെ പ്രതികരണം.

‘ഞാന്‍ ചോദിച്ചോട്ടെ, ഒരു മാനവരാശിക്ക് മൂന്ന് ദൈവങ്ങളോ. ദൈവം എന്ന് പറയുന്നത് ഒരാളേ പാടുള്ളു. മനുഷ്യര്‍ക്കെല്ലാം ഒരു ദൈവമാണെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നു. ഇത് ഒരു വിഭാഗത്തിന് ഒരു ദൈവം. വേറെ വിഭാഗത്തിന് വേറെ ദൈവം. അല്ലാത്ത വിഭാഗത്തിന് വേറെ കുറേ ദൈവങ്ങള്‍. ഇത് എന്ത് ദൈവങ്ങളാണ്. എവിടെ തിരിഞ്ഞാലും ദൈവങ്ങളോ,’ ബൈജു പറഞ്ഞു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പഴ്സ് എന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കിയെന്നും ബൈജു ഈ അഭിമുഖത്തില്‍ പറഞ്ഞു. ഏഴ് ദിവസത്തെ ഡേറ്റ് തന്റെ കയ്യില്‍ നിന്നും വാങ്ങിയതാണെന്നും എന്നാല്‍ എന്തിനാണ് തന്നെ ഒഴിവാക്കിയതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നെ ഒഴിവാക്കിയതിന്റെ കാരണം അന്വേഷിച്ചില്ലെന്നും അതൊന്നും സീരിയസായി എടുത്തിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ചിന്തിക്കുന്നത് പോലെ എല്ലാവരും വരണമെന്ന് കരുതുന്നതാണ് പ്രശ്നമെന്നും പൈസയൊന്നും അധികം ധൂര്‍ത്തടിച്ച് കളയാത്ത ആളായത് കൊണ്ടാണ് ഇത്തരം സാഹചര്യങ്ങളില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചതെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.

‘പ്രിയനെ പോലെയൊരാളുടെ അടുത്തൊന്നും എനിക്ക് ചാന്‍സ് ചോദിക്കേണ്ട ആവശ്യമില്ല. അത്രക്കും മാനസിക അടുപ്പമുണ്ട് നമ്മളൊക്കെ തമ്മില്‍. പുള്ളിയുടെ മനസില്‍ ഞാനുണ്ടെങ്കില്‍ ഉറപ്പായും എന്നെ വിളിക്കും. കൊറോണ പേപ്പേഴ്സ് എന്ന് പറയുന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു. എന്റെ കയ്യില്‍ നിന്നും ഏഴ് ദിവസത്തെ ഡേറ്റ് വരെ വാങ്ങിയിരുന്നു. പക്ഷെ സിനിമ വന്നപ്പോള്‍ അതില്‍ ഞാനില്ല. എന്തുകൊണ്ടാണെന്നൊന്നും എനിക്കറിയില്ല.

അതിന്റെ കാരണമൊന്നും അന്വേഷിക്കാന്‍ ഞാനും പോയില്ല. ഇതൊന്നും വലിയ സീരിയസ് കാര്യമായി എടുക്കാതിരുന്നാല്‍ മതി. എല്ലാവരും നമ്മള്‍ വിചാരിക്കുന്നത് പോലെയായിരിക്കണം എന്ന് ചിന്തിക്കുന്നിടത്താണ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത്. പൈസയൊന്നും അധികം ധൂര്‍ത്തടിച്ച് കളയാത്ത ഒരാളായത് കൊണ്ടാണ് എനിക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത്,’ ബൈജു പറഞ്ഞു.

Content Highlight: Actor Baiju is open about his concept of God

We use cookies to give you the best possible experience. Learn more