| Monday, 28th March 2022, 3:22 pm

ദേഷ്യം വന്നാല്‍ മമ്മൂക്ക ഫോണ്‍ ഒക്കെ വലിച്ചെറിഞ്ഞെന്നിരിക്കും, പക്ഷേ ആ സെക്കന്റില്‍ തന്നെ കൂളാകും; ലാലേട്ടന്റെ രീതി വ്യത്യസ്തമാണ്: ബൈജു എഴുപുന്ന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനായും നിര്‍മാതാവായും മലയാള സിനിമയ്‌ക്കൊപ്പം ദീര്‍ഘകാലമായി സഞ്ചരിക്കുന്ന വ്യക്തിയാണ് ബൈജു എഴുപ്പുന്ന. വില്ലന്‍കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെത്തി, പിന്നീട് കോമഡി കഥാപാത്രങ്ങളടക്കം കൈകാര്യം ചെയ്ത് മലയാള സിനിമയില്‍ സജീവമായി തുടരുകയാണ് അദ്ദേഹം.

മമ്മൂട്ടി നായകനായ മധുരരാജയും മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ആറാട്ടിലും മുഴുനീള വേഷം കൈകാര്യം ചെയ്യാന്‍ ബൈജുവിന് സാധിച്ചിട്ടുണ്ട്.

മമ്മൂട്ടിക്കൊപ്പം മോഹലിനുമൊപ്പം ഇപ്പോഴും മികച്ച കഥാപാത്രങ്ങള്‍ കിട്ടുന്നതിന്റെ സന്തോഷത്തിലാണ് ബൈജു എഴുപുന്ന. ഇരുവരുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു എഴുപുന്ന.

‘എഴുപുന്ന തരകനില്‍ വെച്ചു തുടങ്ങിയതാണ് മമ്മൂക്കയുമായിട്ടുള്ള ബന്ധം. മമ്മൂക്കയെ കുറിച്ച് പറഞ്ഞാല്‍ അദ്ദേഹം ഒരു അവതാരമാണ്. എല്ലാവരേയും ഇഷ്ടമാണെങ്കിലും മമ്മൂക്ക അദ്ദേഹത്തിന്റെ കൂടെ കൊണ്ടുനടക്കുന്ന കുറച്ചുപേരുണ്ട്. അതില്‍പ്പെട്ട ഒരു ആളായിട്ട് ഒരുപാട് സ്ഥലങ്ങളില്‍ എനിക്ക് മമ്മൂക്കയുടെ കൂടെ പോകാന്‍ പറ്റിയിട്ടുണ്ട്.

മമ്മൂക്ക 70ാം വയസിലേക്ക് കടന്നപ്പോള്‍ അദ്ദേഹത്തിന്റെ മൂന്നാറിലെ വീട്ടിലെത്തി ആദ്യമായി ആശംസകള്‍ അറിയിക്കുന്ന ഒരാളുകൂടിയാണ് ഞാന്‍. നീ എന്തിനാണ് ഇത്രയും ദൂരം വന്നതെന്നൊക്കെ അദ്ദേഹം അന്ന് ചോദിച്ചിരുന്നു. അതേപോലെ മമ്മൂക്കയ്ക്ക് ചില ഭക്ഷണമൊക്കെ ഉണ്ടാക്കിക്കൊടുക്കാന്‍ എനിക്ക് പറ്റിയിട്ടുണ്ട്.

ഒരാള്‍ക്ക് ഒരു വിഷമം ഉണ്ടായാല്‍ അത് മനസിലാക്കി അതിനൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കാന്‍ മമ്മൂക്കയ്ക്ക് സാധിക്കാറുണ്ട്. പുറത്തുനിന്ന് കാണുന്നവര്‍ക്ക് അദ്ദേഹത്തെ കുറിച്ച് പലതും തോന്നും. പക്ഷേ ഭയങ്കര സിന്‍സിയറാണ്. മമ്മൂക്ക ചില സമയങ്ങളില്‍ സീരിയസ് ആയിട്ടിരിക്കും.

ദേഷ്യം വന്നാല്‍ മമ്മൂക്ക ഭയങ്കരമായിട്ട് അത് പ്രകടിപ്പിക്കും. ഫോണ്‍ ഒക്കെ വലിച്ചെറിഞ്ഞെന്നുവരും. എന്നാല്‍ ആ സെക്കന്റില്‍ തന്നെ അത് പോകും. വലിയ തിരമാല പോലെ വന്ന് തിരിച്ചുപോകുന്ന പോലെ

മമ്മൂക്ക അദ്ദേഹത്തിന്റെ സ്‌നേഹം പ്രകടിപ്പിക്കുന്നത് വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം വിളമ്പിത്തന്നുകൊണ്ടാണ്. ഒരുപാട് ഭക്ഷണം അങ്ങനെ കഴിച്ചിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ കുറേ ഷര്‍ട്ടുകള്‍ എനിക്ക് തന്നിട്ടുണ്ട്. അതൊക്കെ അദ്ദേഹത്തിന്റെ സ്‌നേഹമാണ്, ബൈജു എഴുപുന്ന പറഞ്ഞു.

എന്നാല്‍ ലാലേട്ടന്‍ ഇതില്‍ നിന്നും വ്യത്യസ്തനാണ്. ചിലപ്പോള്‍ സീരിയസ് ആണെങ്കിലും അത് പുറത്തു കാണിക്കില്ല. ഒരുപക്ഷേ കാരവനിന്റെ ഉള്ളിലായിരിക്കും അത് കാണിക്കുന്നത്. ലാലേട്ടനെ അങ്ങനെ ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. കീര്‍ത്തിചക്രയിലൊക്കെ അഭിനയിക്കുന്ന സമയത്ത് ഞങ്ങള്‍ 45 ദിവസത്തോളം ഒരുമിച്ചാണ്. ആറാട്ടിലും അങ്ങനെ തന്നെ. ഇതാണോ ലാലേട്ടന്‍ എന്ന് നമുക്ക് തോന്നിപ്പോകും. താന്‍ മോഹന്‍ലാല്‍ എന്ന വലിയ നടനാണെന്നും തനിക്ക് ഇത്രയും ഫാന്‍സുണ്ടെന്നും ലോകം മുഴുവന്‍ അറിയുന്ന ആളാണ് താനെന്നും ഒന്നും അദ്ദേഹത്തിന് അറിയില്ല.

കൊച്ചു കുട്ടികളെപ്പോലെ ഭയങ്കര കളിയും ചിരിയും തമാശയുമൊക്കെയാണ്. എന്താണ് പറയുക, നമ്മള്‍ പറയില്ലേ പുള്ളിക്ക് പുള്ളിയുടെ വില മനസിലാകുന്നില്ല എന്ന്. അതുപോലെയാണ്. അത്ഭുതം തോന്നാറുണ്ട്. മലയാളികളായ എല്ലാവര്‍ക്കും മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ഇഷ്ടമാണ്, ബൈജു എഴുപുന്ന പറഞ്ഞു.

Content Highlight: Actor Baiju Ezhupunna About Mammootty and Mohanlal

We use cookies to give you the best possible experience. Learn more