| Sunday, 26th February 2023, 3:27 pm

ഇത്രനാള്‍ കാത്തുസൂക്ഷിച്ച റെപ്യൂട്ടേഷന്‍ തകരുമെന്ന് ശങ്കരാടി ചേട്ടന്‍ കരുതി; എന്നെ വിളിച്ച് പൂര തെറിയായിരുന്നു: ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപാട് സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ശങ്കരാടി. അദ്ദേഹത്തെ ഒരിക്കല്‍ കബളിപ്പിച്ച അനുഭവം പങ്കുവെക്കുകയാണ് നടന്‍ ബൈജു. പണ്ടത്തെ നടന്മാരാരും മദ്യപിച്ചിട്ട് അഭിനയിക്കില്ലെന്നും ശങ്കരാടി ഷൂട്ടുള്ളപ്പോള്‍ മദ്യപിക്കില്ലെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്നും ബൈജു പറഞ്ഞു.

അദ്ദേഹത്തിന് ഷൂട്ട് ഇല്ലാത്ത ദിവസം താന്‍ മദ്യ കുപ്പി കൊടുത്തുവെന്നും അദ്ദേഹം കുടിച്ച് കഴിഞ്ഞപ്പോള്‍ തന്റെ റൂമില്‍ നിന്നും ശങ്കരാടിയെ വിളിച്ചുവെന്നും ബൈജു പറഞ്ഞു. ഷൂട്ടിങ് സെറ്റില്‍ നിന്നാണ് പെട്ടെന്ന് വരണം നിങ്ങള്‍ക്ക് ഷോട്ടുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞുവെന്നും കേട്ട് ശങ്കരാടി ആകെ പേടിച്ചു പോയെന്നും ബൈജു പറഞ്ഞു. കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ബൈജു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ശങ്കരാടി ചേട്ടനെ ഞാന്‍ പറ്റിച്ചിട്ടുണ്ട്. വടകര ഷൂട്ട് ചെയ്ത ഒരു പടത്തില്‍ ജഗദീഷാണ് അതിലെ ഹീറോ. മലബാറില്‍ നിന്നൊരു മണിമാരന്‍ എന്നായിരുന്നു സിനിമയുടെ പേര്. പക്ഷെ ആ സിനിമ ഇറങ്ങിയില്ല. അവിടെ അന്ന് ശങ്കരാടി ചേട്ടന് ഷൂട്ടിങ് ഇല്ലായെന്ന് അവര്‍ പറഞ്ഞു.

ഷൂട്ടിങ് ഇല്ലാത്ത സമയത്ത് വൈകുന്നേരം ചേട്ടന്‍ രണ്ടെണ്ണം കഴിക്കാറുണ്ട്. ഞാനും ചേട്ടനോട് രണ്ടെണ്ണം അടിച്ചാലോയെന്ന് ചോദിച്ചു. അങ്ങനെ ചേട്ടന്റെ മുറിയിലേക്ക് ഞാന്‍ ഒരു കുപ്പിയുമായിട്ട് ചെന്നു. അദ്ദേഹം ഒരിക്കലും മദ്യപിച്ചിട്ട് സിനിമയില്‍ അഭിനയിച്ചിട്ടില്ല. പഴയ ആളുകള്‍ക്ക് ആര്‍ക്കും അങ്ങനെ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.

കുപ്പിയും കൊടുത്ത് ഞാന്‍ എന്റെ റൂമില്‍ പോയി അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. പ്രൊഡക്ഷന്‍ മാനേജരാണ്, ചേട്ടന് ഷോട്ട് ഉണ്ട് വേഗം വരണമെന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും ഫോണ്‍ താഴെ വീണു. ആകെ പേടിച്ച് പോയിട്ടുണ്ട്.

കാരണം എങ്ങനെ അഭിനയിക്കുമെന്നാണ് അദ്ദേഹം ആലോചിക്കുന്നത്. ഇത്രയും കാലം ഞാന്‍ കാത്ത് സൂക്ഷിച്ച എന്റെ റെപ്യൂട്ടേഷന്‍ ഇന്ന് ഇവിടെ തകരുമോയെന്നാണ് അദ്ദേഹം കരുതുന്നത്. അന്ന് എന്നെ വിളിച്ച് പൂരതെറിയായിരുന്നു. ഞാനാണ് വിളിച്ചതെന്ന് ഞാന്‍ അവസാനം അദ്ദേഹത്തോട് പറഞ്ഞു,” ബൈജു പറഞ്ഞു.

content highlight: actor baiju about shankaradi

We use cookies to give you the best possible experience. Learn more