| Friday, 21st April 2023, 1:26 pm

ആ നടന് കാരവാന്‍ എന്ന് കേള്‍ക്കുന്നതേ വെറുപ്പാണ്; പലരുടെയും സൗഹൃദം കുറഞ്ഞ് പരസ്പരം മിണ്ടാതെയായി: ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ തമ്മിലുള്ള സൗഹൃദം കുറഞ്ഞിട്ടുണ്ടെന്ന് നടന്‍ ബൈജു. ആര്‍ട്ടിസ്റ്റുകള്‍ പരസ്പരം സംസാരിക്കുന്നത് കുറഞ്ഞുവെന്നും കാരവാനിന്റെ വരവോട് കൂടിയാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒരോരുത്തരും ഒരോ റൂമില്‍ ഇരിക്കുകയാണെന്നും അഭിനയിക്കുമ്പോഴുള്ള സംസാരങ്ങള്‍ മാത്രമേ എല്ലാവരും തമ്മില്‍ ഇപ്പോള്‍ നടക്കുന്നുള്ളുവെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.

”സിനിമയില്‍ ഇന്ന് സൗഹൃദം കുറഞ്ഞു. ആര്‍ട്ടിസ്റ്റുകള്‍ പരസ്പരം മിണ്ടാതിരിക്കാനുള്ള കാരണം കാരവാനാണ്. ഒരോരുത്തരും ഒരോ റൂമില്‍ ഇരിക്കുകയാണ്. അഭിനയിക്കുമ്പോഴുള്ള സംസാരങ്ങള്‍ മാത്രമേ എല്ലാവരും തമ്മില്‍ ഉള്ളു. എനിക്ക് സ്വന്തമായിട്ട് കാരവാനില്ല. അത് പിന്നെ കെട്ടി ചുമന്ന് നടക്കണ്ടെ.

സെറ്റില്‍ ചെല്ലുമ്പോള്‍ കാരവാനില്‍ ഒരു റൂം തരാറുണ്ട്. അതുമതി, ഇപ്പോള്‍ അതിന്റെ ആവശ്യമേയുള്ളു. കാരവാന്‍ ഉപയോഗിക്കാത്ത ഒരാള്‍ ഇന്ദ്രന്‍സ് ചേട്ടനാണ്. അദ്ദേഹത്തിന് കാരവാന്‍ എന്ന് കേള്‍ക്കുന്നത് തന്നെ വെറുപ്പാണ്.

ഇപ്പോഴത്തെ സിനിമകളില്‍ കുറേ മാറ്റങ്ങളുണ്ട്. പ്രൊഡക്ഷന്‍ കോസ്റ്റ് ഒരുപാട് കൂടി. സിനിമകളുടെ കഥകളില്‍ ഒക്കെ വലിയ മാറ്റം വന്നിട്ടുണ്ട്. ഇന്നത്തെ സിനിമകള്‍ കുറച്ചു കൂടെ റിയലിസ്റ്റിക്കായി. പഴയ തമാശകള്‍ കേട്ടാല്‍ ഇപ്പോള്‍ ആരും ചിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതൊക്കെ തന്നെയാണ് വലിയ മാറ്റം,”ബൈജു പറഞ്ഞു.

സംയുക്തയും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തിയ ബൂമറാംഗ് ആണ് ബൈജുവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. മനു സുധാകരനാണ് ചിത്രം സംവിധാനം ചെയ്തത്.

ചെമ്പന്‍ വിനോദ്, ഡെയിന്‍ ഡേവിസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫെബ്രുവരി 24 നായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

content highlight: actor baiju about movie

We use cookies to give you the best possible experience. Learn more