| Sunday, 24th October 2021, 1:19 pm

ഇനിയും അടികൊള്ളാതെ മുന്നോട്ട് പോകണമെന്ന് ആഗ്രഹമുണ്ട്; വാണി വിശ്വനാഥിനൊപ്പമുള്ള സിനിമയുടെ ടൈറ്റില്‍ ലോഞ്ചില്‍ ബാബുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ നായിക വാണി വിശ്വനാഥ് സിനിമയിലേയ്ക്ക് തിരിച്ചുവരികയാണ്. ഭര്‍ത്താവും നടനുമായ ബാബുരാജിന്റെ നായികയായാണ് വാണി സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

‘ദി ക്രിമിനല്‍ ലോയര്‍’ എന്ന് പേരിട്ടിരിക്കുന്ന ക്രൈം ത്രില്ലര്‍ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് തിരുവനന്തപുരത്തുവെച്ച് നടന്നിരുന്നു.

വാണിയുടെ തിരിച്ചുവരവില്‍ ഒപ്പമഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് ബാബുരാജ് പറഞ്ഞു.

”കഥാപശ്ചാത്തലമെല്ലാം വളരെയധികം മനസിലാക്കിയ സിനിമയാണിത്. ഇതില്‍ എനിക്കും ഒരു വേഷം ചെയ്യാന്‍ പറ്റിയതില്‍ വളരെ സന്തോഷം.

വാണിയുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ട്. എല്ലാവരുടെ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കണം,” ബാബുരാജ് പറഞ്ഞു.

സിനിമയില്‍ ഒരുപാട് തല്ലുകൊണ്ടിട്ടുള്ള ആളാണ് താനെന്നും ഇനിയങ്ങോട്ട് അടികൊള്ളാതെ മുന്നോട്ട് പോകണമെന്ന് ആഗ്രഹമുണ്ടെന്നും ബാബുരാജ് തമാശരൂപേണ പറഞ്ഞു.

”നിരവധി പടങ്ങളില്‍ വളരെയധികം തല്ലുകൊണ്ടിട്ടുണ്ട്. സിനിമയിലുള്ള ഇടി കൂടാതെ അല്ലാത്ത തരത്തിലുള്ള പല പ്രശ്‌നങ്ങളും നമ്മള്‍ നേരിടുന്ന സമയമാണിത്.

ഈ സമയത്ത് ജോജി പോലുള്ള ഒരു സിനിമ വന്നതും അത് വിജയിച്ചതും അതിന് ശേഷമുണ്ടായ മാറ്റങ്ങളും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ്.
ഇനിയും അടികൊള്ളാത്ത രീതിയില്‍ മുന്നോട്ട് പോകണമെന്ന് ഭയങ്കരമായ ആഗ്രഹമുണ്ട്,” താരം കൂട്ടിച്ചേര്‍ത്തു.

വീണ്ടും മലയാളി പ്രേക്ഷകരെ കാണാന്‍ പോകുന്നതില്‍ സന്തോഷമുണ്ടെന്നും തിരിച്ചുവരവ് നല്ലൊരു കഥാപാത്രത്തിലൂടെയാണെന്നത് കൂടുതല്‍ സന്തോഷം പകരുന്നെന്നുമായിരുന്നു വാണി വിശ്വനാഥ് പ്രതികരിച്ചത്. തിരിച്ചുവരവില്‍ തന്നെ പിന്തുണയ്ക്കണമെന്നും താരം ആരാധകരോട് ആവശ്യപ്പെട്ടു.

നവാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉമേഷ് എസ്.മോഹനാണ്. തേര്‍ഡ് ഐ മീഡിയ മേക്കേഴ്സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Baburaj talks about his next movie with Vani Viswanath

Latest Stories

We use cookies to give you the best possible experience. Learn more