മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രജ. 2001ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നടന്‍ ബാബുരാജ് ഒരു പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.
ചെറിയ വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന സമയത്താണ് കുറേ ഡയലോഗുകളുള്ള വലിയൊരു വേഷം തനിക്ക് പ്രജയിലൂടെ ലഭിച്ചതെന്ന് പറയുകയാണ് ബാബുരാജ്. തനിക്ക് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ശമ്പളവും ഈ സിനിമയില്‍ തന്നുവെന്നും ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.
”ജോഷി സാറിന്റെ പടങ്ങളില്‍ അതിന് മുമ്പും ഞാനുണ്ടായിട്ടുണ്ട്. പക്ഷെ പ്രജയിലേക്ക് എന്നെ വിളിച്ചപ്പോള്‍ ഞാനത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സാധാരണ ഏതെങ്കിലുമൊരു വേഷമായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്.
ഞാനവിടെ ചെന്നപ്പോള്‍ പൊലീസിന്റെ ഡ്രസൊക്കെ പിടിച്ച് ആളുകള്‍ പോകുന്നുണ്ട്. അപ്പൊ ഞാന്‍ വിചാരിച്ചത് ഒരു എസ്.ഐ, അല്ലെങ്കില്‍ ഏതെങ്കിലുമൊരു പൊലീസുകാരന്റെ റോളായിരിക്കും എന്നാണ്.
അങ്ങനെ നിന്നപ്പോഴാണ് സ്റ്റാറുകളൊക്കെയുള്ള ഒരു ഭയങ്കര കോസ്റ്റിയൂം കൊണ്ടുവന്നത്. അത് എനിക്കായിരുന്നു. നോക്കിയപ്പോള്‍ ഡി.ഐ.ജി. ആള്‍ക്കാരുടെ തല്ല് കൊള്ളാന്‍ തന്നെയായിരിക്കുമെന്ന് വിചാരിച്ച് ഞാനത് ഇട്ടു.
അത് കഴിഞ്ഞപ്പോള്‍ സ്‌ക്രിപ്റ്റ് വന്നു. ഞാന്‍ നോക്കിയപ്പോള്‍ ജോസഫ് മടച്ചേരി എന്ന എന്റെ കഥാപാത്രത്തിന് നാല് പേജ് ഡയലോഗ്. എന്റെ കിളി അപ്പൊത്തന്നെ പോയി. ദൈവമേ എന്നും പറഞ്ഞ് ഞാന്‍ വിറച്ചുപോയി. ഇത് ഇട്ടോണ്ട് പോണോ എന്നായി. കാരണം ആദ്യമായിട്ടാണല്ലോ.
അപ്പൊത്തന്നെ രണ്‍ജി പണിക്കര്‍ ചേട്ടന്‍ വന്നു. എടാ കറക്ട് മീറ്ററാ, അതങ്ങ് പറഞ്ഞാമതി എന്ന് പറഞ്ഞു. എന്റെ ദൈവമേ, ഒരു ടേക്ക്, രണ്ട് ടേക്ക്, മൂന്ന് ടേക്ക്, നാല് ടേക്ക്, അഞ്ച് ടേക്ക്… ഞാന്‍ എവിടെയെങ്കിലുമൊക്കെ തെറ്റിക്കും. അങ്ങനെ 11 ടേക്ക് കഴിഞ്ഞപ്പോള്‍ ഓക്കെ പറഞ്ഞിട്ട് ബ്രേക്കായി. ഭക്ഷണത്തിന്റെ ശേഷം അടുത്ത ടേക്കിലേക്ക് പോയി.
വൈകീട്ട് റൂമില്‍ പോയിട്ടും എനിക്കെന്തോ അസ്വസ്ഥത. ഇത്രയും വലിയ വേഷം കിട്ടിയിട്ടും നന്നായി ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന തോന്നല്‍. എന്നിട്ട് ഞാനാ ഡയലോഗ് മുഴുവനിരുന്ന് പഠിച്ചു. ഇനി ഒന്നൂടെ ജോഷി സാര്‍ വന്ന് പറഞ്ഞാലോ എന്ന് എനിക്ക് മനസില്‍ തോന്നി.
പിറ്റേന്ന് കാലത്ത് ചെന്നപ്പോള്‍ തന്നെ, എടാ നമുക്ക് ആ സീന്‍ ഒന്നൂടെ എടുക്കാം എന്ന് ജോഷി സാര്‍ പറഞ്ഞു. ഞാന്‍ റെഡി സാര്‍ എന്ന് പറഞ്ഞു. ഫസ്റ്റ് ടേക്ക് തന്നെ ഓക്കെ. അതാണ് പ്രജ.
പിന്നെ ശമ്പളത്തിന്റെ കാര്യം. എനിക്ക് തരാമെന്ന് പറഞ്ഞിരുന്ന ശമ്പളത്തിന്റെ ഇരട്ടി പൈസയാണ് തന്നത്. ചേട്ടാ ചെക്കില്‍ തെറ്റിയതാണോ എന്ന് ഞാന്‍ ചോദിച്ചു. അല്ലെടാ, അതിരുന്നോട്ടെ എന്ന് പറഞ്ഞു. അങ്ങനെ കുറേ അനുഭവങ്ങളുള്ള ഒരു സിനിമയാണത്,” ബാബുരാജ് പറഞ്ഞു.
Content Highlight: Actor Baburaj shares an experience from the movie Praja with Mohanlal