വഞ്ചനാ കേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍. അടിമാലി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. റിസോട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്ന കേസിലാണ് ബാബുരാജിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തികരിക്കുന്നത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ബാബുരാജ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാവുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കല്‍ പരിശോധനകള്‍ നടത്തി ബാബുരാജിനെ കോടതിയില്‍ എത്തിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ അടിമാലി സി.ഐ ബാബുരാജില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 4ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നടന് നോട്ടീസ് നല്‍കിയിരുന്നു. മൂന്നാര്‍ ആനവിരട്ടിക്ക് സമീപം കമ്പിലൈന്‍ ഭാഗത്ത് 22 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതാണ് നടന്‍ നടത്തി വന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടന്‍ ക്ലബ്ബ് എന്ന സ്ഥാപനം.
ഇതില്‍ 5 കെട്ടിടങ്ങള്‍ക്ക് മാത്രമാണ് പള്ളിവാസല്‍ പഞ്ചായത്ത് നമ്പറിട്ട് നല്‍കിയിരുന്നത്. സ്ഥലത്തിന്റെ പട്ടയം നിലവിലെ ചട്ടങ്ങള്‍ പ്രകാരം നല്‍കിയിട്ടുള്ളതല്ലന്ന് വ്യക്തമായ സാഹചര്യത്തില്‍ റവന്യൂവകുപ്പ് ഇവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് റിസോര്‍ട്ട് നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
തുടര്‍ന്ന് 2020 ഫെബ്രുവരി 26ന് 40 ലക്ഷം രൂപ ഡിപ്പോസിറ്റും മാസം 3 ലക്ഷം രൂപ വാടകയും പ്രകാരം റിസോര്‍ട്ടിന്റെ നടത്തിപ്പ് മാര്‍ച്ച് 15 മുതല്‍ തനിക്ക് നല്‍കാമെന്ന് കാണിച്ച് ബാബുരാജ് കരാര്‍ തയാറാക്കിയെന്നും ഇതിനെ തുടര്‍ന്ന് രണ്ട് ഗഡുക്കളായി താന്‍ 40 ലക്ഷം രൂപ നല്‍കിയെന്നും പരാതിക്കാരനായ അരുണ്‍കുമാര്‍ വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് കരാര്‍ പ്രകാരം മുന്നോട്ട് പോകാന്‍ സാധിച്ചില്ല. ഇതെത്തുടര്‍ന്ന് താന്‍ നല്‍കിയ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.
CONTENT HIGHLIGHT: ACTOR BABURAJ ARRESTED