| Thursday, 26th August 2021, 3:43 pm

ലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമൊപ്പമായിരുന്നു വാണിയുടെ ഡിസ്ട്രിബ്യൂഷന്‍ വാല്യു; ബാബുരാജ് പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ മികച്ച താരജോഡികളിലൊന്നാണ് ബാബുരാജ്-വാണി വിശ്വനാഥ്. നിരവധി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചിട്ടുള്ള ഇരുവരും പ്രണയത്തിനൊടുവില്‍ വിവാഹിതരാവുകയായിരുന്നു.

ഇപ്പോള്‍ വ്യക്തിജീവിതത്തിലെ വിശേഷങ്ങളും വാണിയുടെ തിരിച്ചുവരവും സംബന്ധിച്ച് മനസ്സ് തുറക്കുകയാണ് ബാബുരാജ്. ഫ്ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇനിയും സിനിമ ചെയ്യണ്ടേയെന്ന് താന്‍ ചോദിക്കാറുണ്ടെന്നും വാണിക്ക് സമയമായെന്ന് തോന്നുമ്പോള്‍ സിനിമയിലേക്ക്് തിരിച്ച് വരുമെന്നും താനും അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും ബാബുരാജ് പറയുന്നു.

”ഞാന്‍ ഇടയ്ക്ക് ചോദിക്കാറുണ്ട് വാണി നമുക്ക് ഒരു സിനിമ ചെയ്യണ്ടേയെന്ന്. സമയമാവട്ടെ എന്നാണ് വാണി മറുപടി നല്‍കാറ്. വാണിക്ക് സമയമായി എന്ന് തോന്നുമ്പോള്‍ വരട്ടെ. ഞാനും അതിന് കാത്തിരിപ്പാണ്.”

മലയാളത്തില്‍ ഒരു സമയത്ത് ആക്ഷന്‍ നായികയായി തിളങ്ങിയ വാണി വിശ്വനാഥിന് ഇപ്പോള്‍ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പോലും മടിയാണെന്നും നടന്‍ പറഞ്ഞു.

”ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പോലും വാണിയ്ക്ക് മടിയാണ്. കഴിഞ്ഞ മാസം ഫേസ്ബുക്കില്‍ വാണിയ്ക്കൊപ്പം ഞാനൊരു ചിത്രം പങ്കുവെച്ചിരുന്നു. നിറഞ്ഞ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. അന്ന് മക്കളും ഞാനും നിര്‍ബന്ധിച്ചപ്പോള്‍ പോസ് ചെയ്ത ഫോട്ടോയാണത്. എന്നിട്ടത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കരുതെന്ന് പറഞ്ഞിരുന്നു,” ബാബുരാജ് പറഞ്ഞു.

വാണി അഭിനയിച്ചിരുന്ന സമയത്തെ അവരുടെ സൂപ്പര്‍താര പദവിയെക്കുറിച്ചും ഫിറ്റ്നസിലുള്ള ഭാര്യയുടെ ശ്രദ്ധയെ കുറിച്ചും ബാബുരാജ് മനസുതുറന്നു ”ഗ്യാംഗ് എന്ന സിനിമ വാണിയെ വെച്ച് ഞാന്‍ ചെയ്യുമ്പോള്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ നടന്മാര്‍ക്കൊപ്പം ഡിസ്ട്രിബ്യൂഷന്‍ വാല്യു ഉണ്ടായിരുന്ന നടിയായിരുന്നു വാണി. അന്ന് 35 ലക്ഷം രൂപയാണ് മലയാളത്തില്‍ വാണിയുടെ ഡിസ്ട്രിബ്യൂഷന്‍ റേറ്റ്. അത് കൂടാതെ തമിഴ്, തെലുങ്ക്, കന്നട ഭാഷകള്‍ വേറെയും.

ഇന്നും ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കുന്ന ഒരാളാണ് വാണി. എന്നും വാണിയാണ് എന്റെ സൂപ്പര്‍സ്റ്റാര്‍,” താരം പറഞ്ഞു.

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി എന്നീ സിനിമകളിലും വാണി അഭിനയപാടവം തെളിയിച്ചിട്ടുണ്ട്. മാന്നാര്‍ മത്തായി സ്പീക്കിംഗ്, ദ കിംഗ്, നഗരവധു, ചിന്താമണി കൊലക്കേസ് എന്നിവ മലയാളത്തില്‍ അഭിനയിച്ച ചില ചിത്രങ്ങളാണ്.

2002ലാണ് ബാബുരാജും വാണി വിശ്വനാഥും വിവാഹിതരാകുന്നത്. വിവാഹശേഷം വാണി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ആര്‍ച്ച, അദ്രി എന്നിവര്‍ മക്കളാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

 ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Baburaj About Wife Vani Viswanath

We use cookies to give you the best possible experience. Learn more