| Thursday, 27th April 2023, 1:12 pm

നിര്‍മാതാക്കള്‍ പറയുന്നതിലും കാര്യമുണ്ട്, ശ്രീനാഥിന്റെ കാര്യത്തില്‍ തീരുമാനം അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍: ബാബുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കിനെ തുടര്‍ന്ന് അമ്മ സംഘടനയില്‍ ചേരുന്നതിനുള്ള അപേക്ഷ നടന്‍ ശ്രീനാഥ് ഭാസി നല്‍കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ശ്രീനാഥ് ഇതുവരെയും സംഘടനകളുടെ ഭാഗമായിരുന്നില്ല.

ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് നടന്‍ ബാബുരാജ്. അമ്മയില്‍ അംഗത്വം നേടുന്നതിനുള്ള അപേക്ഷ ശ്രീനാഥ് നല്‍കിയിട്ടുണ്ടെന്നും അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അമ്മയിലെ അംഗത്വത്തിനായുള്ള അപേക്ഷ ശ്രീനാഥ് നല്‍കിയിട്ടുണ്ട്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുക. ജൂണ്‍ 25ന് സംഘടനയുടെ ജനറല്‍ ബോഡിയാണ്. അതിന് മുന്‍പ് ഒരു കമ്മിറ്റി ഉണ്ടാവേണ്ടതാണ്. അതിന്റെ തീയതി തീരുമാനിച്ചിട്ടില്ല. അതില്‍ ഈ വിഷയം മുന്നോട്ട് വരും.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സംയുക്തമായ തീരുമാനം ആണല്ലോ മൂന്ന് സിനിമ കഴിഞ്ഞവര്‍ ഏതെങ്കിലും ഒരു സംഘടനയുടെ കീഴില്‍ വരണം എന്നത്. നിര്‍മാതാക്കളുടെ കരാറില്‍ തന്നെ വ്യക്തികളുമായല്ല മറിച്ച് അവര്‍ക്ക് അംഗത്വമുള്ള സംഘടനയുമായാണ് ഉടമ്പടി.

ഒരു അഭിനേതാവിന് സുരക്ഷ ഉറപ്പാക്കാന്‍ സംഘടന വേണം. നിര്‍മാതാക്കള്‍ പറയുന്നതിലും കുറേ കാര്യങ്ങളുണ്ട്. അതേസമയം അമ്മയിലെ അംഗത്വത്തിനായി നേരത്തേ അപേക്ഷ നല്‍കിയിട്ടുള്ള വേറെയും താരങ്ങളുണ്ട്. ഇവരുടെ അംഗത്വക്കാര്യവും അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിക്കും,’ ബാബുരാജ് പറഞ്ഞു.

ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നീ താരങ്ങളോട് സഹകരിക്കാനില്ലെന്ന് അടുത്തിടെ അമ്മ ഉള്‍പ്പെടെയുള്ള സംയുക്ത സിനിമാ സംഘടനകള്‍ അറിയിച്ചിരുന്നു. മയക്കുമരുന്നിന് അടിമകളായ നടന്മാരുമായി സഹകരിക്കില്ലെന്നും ഇത്തരക്കാരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംഘടനകള്‍ അറിയിച്ചു.

content highlight: actor baburaj about sreenath bhasi issue

We use cookies to give you the best possible experience. Learn more