സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചിട്ട് മറ്റൊരു നടന്റെ നമ്പര്‍ ചോദിച്ചാല്‍ ആരും കൊടുക്കില്ല; നിലനില്‍ക്കാനുള്ള ഓട്ടത്തില്‍ ഒരുപാട് പേര് ഇല്ലാതായി: ബാബുരാജ്
Entertainment news
സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചിട്ട് മറ്റൊരു നടന്റെ നമ്പര്‍ ചോദിച്ചാല്‍ ആരും കൊടുക്കില്ല; നിലനില്‍ക്കാനുള്ള ഓട്ടത്തില്‍ ഒരുപാട് പേര് ഇല്ലാതായി: ബാബുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th December 2022, 3:30 pm

തന്റെ കൂടെ സിനിമയില്‍ എത്തിയിട്ട് ഇപ്പോഴും നിലനില്‍ക്കുന്നത് അബു സലീം മാത്രമാണെന്ന് ബാബുരാജ്. സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഏതെങ്കിലും നടന്റെ നമ്പര്‍ ചോദിച്ചാല്‍ ഇന്നത്തെ കാലത്ത് ആരും കൊടുക്കില്ലെന്നും സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നും ബാബുരാജ് പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ നോക്കീട്ട് എന്റെ കൂടെ സമകാലീനനായിട്ട് അബു സലീം മാത്രമെയുള്ളൂ. എത്രയോ പേര് എന്റെയൊക്കെ കൂടെ സിനിമയില്‍ വന്നിരുന്നു. ആ ഓട്ടത്തില്‍ ഇപ്പോള്‍ നില നില്‍ക്കുന്നത് അബു സലീം മാത്രമാണ്.

അബുവിന്റെ പേര് എടുത്ത് പറയാന്‍ ഒരു കാരണമുണ്ട്. ഇപ്പോള്‍ എന്നോട് അബു സലീമിന്റെ നമ്പര്‍ ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ കൊടുക്കും. അവനും അതുപോലെയാണ്. ആരെങ്കിലും എന്റെ നമ്പര്‍ ചോദിച്ചാല്‍ അവനും കൊടുക്കും.

സിനിമയില്‍ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചിട്ട് അബുവിന്റെ നമ്പര്‍ ചോദിച്ചാല്‍ ഇന്നത്തെ കാലത്ത് ആരും കൊടുക്കില്ല. കാരണം രണ്ട് പേരും ഒരേ വേഷമാണല്ലോ ചെയ്യുന്നത്. അന്ന് അങ്ങനെയൊന്നുമില്ല. ഞങ്ങള്‍ ഒരേ ചങ്ങാത്തത്തില്‍ പോകുന്നവരായിരുന്നു.

സിനിമയുടെ പിന്നാലെ നിലനില്‍ക്കാനുള്ള ഓട്ടത്തില്‍ ഒരുപാട് പേര് പൂര്‍ണമായും ഇല്ലാതായി. കാരണം പിടിച്ച് നില്‍ക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഞാന്‍ സിനിമയില്‍ നില്‍ക്കുന്നത് അതില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടല്ല.

അന്നെനിക്ക് കാറുണ്ട്. പക്ഷെ കാര്‍ ഞാന്‍ ദൂരെ മാറ്റിയിട്ട് നടന്നിട്ടായിരുന്നു ചെല്ലുക. കാരണം എ.സി കാര്‍ ഉണ്ടെന്നറിഞ്ഞാല്‍ പിന്നെ എന്നെ ആരും സിനിമയിലേക്ക് വിളിക്കില്ല,” ബാബുരാജ് പറഞ്ഞു.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡാണ് ബാബു രാജിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. ഡിസംബര്‍ 29ന് ചിത്രം ഒ.ടി.ടി റിലീസ് ചെയ്യുമെന്നാണ് അല്‍ഫോണ്‍സ് അറിയിച്ചത്. ആമസോണ്‍ പ്രൈമിലാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് ആരംഭിക്കുന്നത്.

content highlight: actor baburaj about film industry