| Friday, 12th May 2023, 10:02 pm

അമ്മയില്‍ നിന്ന് എന്നെ പുറത്താക്കേണ്ടത് എങ്ങനെയെന്ന് ഞാന്‍ തന്നെയാണ് പറഞ്ഞുകൊടുത്തത്: ബാബുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമ്മ സംഘടനയില് നിന്ന് പുറത്താക്കപ്പെട്ട ആളായിരുന്നു താനെന്ന് നടന്‍ ബാബുരാജ്. പ്രൊഡ്യൂസര്‍ സാന്ദ്ര തോമസിനൊപ്പം സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് തന്നെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കിയതിനെയും തിരിച്ചെടുത്തതിനെയും കുറിച്ച് സംസാരിച്ചത്. മണിയുമായുള്ള പ്രശ്‌നത്തിന്റെ പേരിലായിരുന്നു തന്നെ പുറത്താക്കിയതെന്നും എങ്ങനെയാണ് പുറത്താക്കേണ്ടത് എന്ന് താന്‍ തന്നെയാണ് ഭാരവാഹികള്‍ക്ക് പറഞ്ഞു കൊടുത്തത് എന്നും ബാബുരാജ് പറഞ്ഞു.

‘സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ട ആളാണ് ഞാന്‍. എന്നെ എങ്ങനെയാണ് പുറത്താക്കേണ്ടത് എന്ന് പറഞ്ഞ് കൊടുത്തത് ഞാനായിരുന്നു. ആര്‍ട്ടിസ്റ്റുകളുടെ സംഘടനയും ആര്‍ട്ടിസ്റ്റുകളുമെല്ലാം വളരെ ഇന്നസെന്റാണ്. അതിപ്പോ, മമ്മൂക്കയായാലും ലാലേട്ടനായാലും സുരേഷേട്ടനായാലും ഇവരൊക്കെ ഉള്ളില്‍ വളരെ ശുദ്ധരാണ്. എന്നെ തിരിച്ചെടുത്തത് ഇതിനേക്കാള്‍ വലിയ രസമാണ്. അന്ന് ഇന്നസെന്റ് പ്രസിഡന്റും മോഹന്‍ലാല്‍ സെക്രട്ടറിയുമാണ്.

മഹാസമുദ്രം എന്ന സിനിമ ചെയ്യുമ്പോഴാണ് എന്നെ തിരിച്ചെടുത്തത്. ആ സിനിമയുടെ ഷൂട്ടിങ്ങില്‍ ഒരു ബോട്ടില്‍ വെച്ച് ഫൈറ്റ് ചെയ്യുന്ന സമയത്താണ് എന്നെ തിരിച്ചെടുക്കാനുള്ള ചര്‍ച്ച നടക്കുന്നത്. ഫൈറ്റ് ചെയ്ത് അവശനായിരിക്കുന്ന സമത്ത്, അയിലക്കറിയും കൂട്ടി ഭക്ഷണം കഴിക്കുമ്പോഴാണ് ഇന്നസെന്റ് ചേട്ടന്‍ ചോദിക്കുന്നത്, നിനക്ക് സംഘടനയിലേക്ക് തിരിച്ചു വരേണ്ടേ എന്ന്. ഞാന്‍ പറഞ്ഞു വേണം, ഉടന്‍ തന്നെ അദ്ദേഹം ലാലിനോട് ചോദിച്ചു, ലാലേ ഇവനെ നമുക്ക് തിരിച്ചെടുക്കേണ്ടേ എന്ന്. അദ്ദേഹവും പറഞ്ഞു വേണമെന്ന്.

അപ്പോള്‍ തന്നെ ഇന്നസെന്റ് അപേക്ഷ എഴുതാന്‍ വേണ്ടി പറഞ്ഞു. ഞാന്‍ അവിടെയുണ്ടായിരുന്ന അസോസിയേറ്റിനോട് ഒരു വെള്ളക്കടലാസ് വാങ്ങി അപേക്ഷ എഴുതി. അപേക്ഷയും വളരെ രസകരമായിരുന്നു. ഒരു മുടിയനായ പുത്രനെന്ന പോലെ കണക്കാക്കി എന്നെ സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു എന്നായിരുന്നു അപേക്ഷ. അത് വായിച്ച ശേഷം ഇരുവും അതു മതിയെന്ന് പറഞ്ഞു. അടുത്ത മീറ്റിങ്ങിലാണ് എന്നെ തിരിച്ചെടുക്കുന്നത്. ആ മീറ്റിങ്ങിലെ ഊണിന് മുമ്പ് തിരിച്ചെടുക്കണമെന്നായിരുന്നു എന്റെ ആവശ്യം. കാരണം ഞങ്ങളുടെ സദ്യ അത്രയും ഗംഭീരമായിരുന്നു.

മണിയുമായുള്ള പ്രശ്‌നത്തിന്റെ പേരിലായിരുന്നു എന്നെ പുറത്താക്കിയത്. തിരിച്ചെടുക്കുന്ന യോഗത്തില്‍ മണി പ്രസംഗിച്ചത്, ബാബുരാജിനെ തിരിച്ചെടുക്കുന്നുണ്ടെങ്കില്‍ ഊണിന് മുമ്പ് തിരിച്ചെടുക്കണമെന്നായിരുന്നു. അങ്ങനെ 11 മണിക്ക് എന്നെ തിരിച്ച് വിളിക്കുകയും മധുസാര്‍, സുകുമാരിച്ചേച്ചി ഇവരൊക്കെ കണ്ണ് നിറഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ മാപ്പ് പറഞ്ഞില്ല എന്നതായിരുന്നു എന്നെ പുറത്താക്കാനുണ്ടായ കാരണം. ഇവരുടെയൊക്കെ കണ്ണ് നിറഞ്ഞുള്ള നില്‍പ് കണ്ടപ്പോള്‍ ഞാന്‍ അവിടെ വെച്ച് മാപ്പ് പറഞ്ഞു. അത്രയേയൊള്ളൂ ഞങ്ങളുടെ സംഘടന. എന്നെ പുറത്താക്കിയെങ്കിലും ഞാന്‍ ആ സംഘടനയെ കുറ്റം പറയില്ല.

CONTENT HIGHLIGHTS: Actor Baburaj about being kicked out from A.M.M.A 

We use cookies to give you the best possible experience. Learn more