ജോഷിയുടെ സംവിധാനത്തില്‍ 2001ല്‍ പുറത്തിറങ്ങിയ സിനിമയാണ് പ്രജ. രണ്‍ജി പണിക്കറുടെ തിരക്കഥയിലെ നീണ്ട ഡയലോഗുകളായിരുന്നു സിനിമയുടെ പ്രധാന സവിശേഷത.
മോഹന്‍ലാല്‍, ഐശ്വര്യ ഭാസ്‌കര്‍, കൊച്ചിന്‍ ഹനീഫ, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് ബാബുരാജ് എത്തിയിരുന്നത്. സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നടന്ന സംഭവങ്ങള്‍ പങ്കുവെക്കുകയാണ് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ്.
‘ ഞാന്‍ ഈ മീറ്റര്‍ എന്ന വാക്കൊക്കെ കേള്‍ക്കുന്നത് തന്നെ ആദ്യമായിട്ടാണ്. പ്രജ എന്ന സിനിമയിലൊക്കെ എനിക്ക് നീണ്ട ഡയലോഗുണ്ട്. ഓരോ പ്രാവശ്യവും ഡയലോഗ് പറയുമ്പോള്‍ ഞാന്‍ ഞെട്ടും. ആദ്യം ഞാന്‍ കരുതി വേറേ ആര്‍ക്കെങ്കിലും പറയാനുള്ള ഡയലോഗ് ആയിരിക്കുമെന്ന്.
അങ്ങനെ ഞാന്‍ ഡയലോഗ് ഒക്കെ പറഞ്ഞു കഴിയുമ്പോള്‍ ചേട്ടന്‍(രണ്‍ജി പണിക്കര്‍) വന്നു പറയും, എടാ നിന്റെ മീറ്ററൊക്കെ കറക്ടാണ് എന്ന്. അപ്പോള്‍ ഞാന്‍ ഓര്‍ത്തു മീറ്റര്‍ എന്നൊക്കെ പറയുന്ന സാധനമുണ്ടോ എന്ന്,’ ചിരിച്ചുകൊണ്ട് ബാബുരാജ് പറഞ്ഞു.
ജീത്തു ജോസഫിന്റെ കൂമനിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും ബാബുരാജ് സംസാരിച്ചു.
‘ഞാന്‍ ഇതുവരെ അഭിനയിച്ചത് ഇടികൊള്ളുന്ന ഓഫീസറായിട്ടാണ്. എന്നാല്‍ ഈ സിനിമയില്‍ ഞാന്‍ നല്ല ഓഫീസറാണ്. അതുകൊണ്ട് നല്ല ഓഫീസര്‍ എങ്ങനെയാവും എന്ന സംശയം എനിക്കുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ഇടക്ക് ജീത്തു സാറിനോട് ചോദിക്കും ഇത് എങ്ങനെ ആണെന്ന്. എന്നാല്‍ സാര്‍ പറയും ഇത് മതി ഓക്കെ ആണെന്ന്,’ താരം പറഞ്ഞു.
ഈ മാസം തിയേറ്ററുകളിലെത്തിയ കൂമനാണ് ബാബുരാജിന്റെ ഏറ്റവും പുതിയ ചിത്രം. സി.ഐ. ഹരിലാല്‍ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിച്ചത്. ആസിഫ് അലി നായകനായ കൂമനില്‍ ജാഫര്‍ ഇടുക്കി, രണ്‍ജി പണിക്കര്‍, ഹന്ന കോശി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
content highlight: actor babu raj about praja movie