| Saturday, 29th April 2023, 4:33 pm

ഇഷ്ടപ്പെട്ടാല്‍ അവരെ മമ്മൂക്ക കുറേ കാലം കൂടെ കൊണ്ട് നടക്കും, സിനിമകളോടുള്ള ത്വര കാണുമ്പോള്‍ ഒരു പ്രചോദനമാണ്: ബാബു രാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടന്‍ ബാബുരാജ്. മമ്മൂട്ടി നിരവധി സിനിമകളില്‍ തന്നെ സജസ്റ്റ് ചെയ്യുന്നതിനേക്കുറിച്ചും അദ്ദേഹത്തിനൊപ്പം സ്റ്റണ്ട് സീനുകളില്‍ അഭിനയിച്ചതിനേക്കുറിച്ചുമാണ് ബാബു രാജ് പറഞ്ഞത്. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”രാജമാണിക്യം മമ്മൂക്ക തന്ന വേഷമാണ്. മമ്മൂക്കക്ക് അങ്ങനൊരു ക്വാളിറ്റിയുണ്ട്. ഇഷ്ടപ്പെട്ടാല്‍ അവരെ മമ്മൂക്ക കുറേ കാലം കൂടെ കൊണ്ട് നടക്കും. അദ്ദേഹം നേരിട്ടാണ് എന്നെ അതിലെ വേഷത്തിലേക്ക് വിളിക്കുന്നത്. ആ സിനിമ ഹിറ്റായി തിയേറ്ററില്‍ ഓടുമ്പോള്‍ ഞാന്‍ മമ്മൂക്കയെ വിളിച്ചിരുന്നു.

ഇക്ക പടം നന്നായി ഓടുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ നീ കണ്ടോയെന്ന് ചോദിച്ചു. കണ്ടെന്ന് പറഞ്ഞപ്പോള്‍ എന്ത് തോന്നിയെന്ന് ചോദിച്ചു. പടം ഹിറ്റാവുമെന്ന് തോന്നുന്നു എന്ന് ഞാന്‍ മറുപടി പറഞ്ഞു. എടാ ഹിറ്റാവും എന്ന് തോന്നുന്നു എന്നല്ല പടം ഹിറ്റാണ് എന്ന് അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ കൂടെ ഒരുപാട് സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഫൈറ്റ് ചെയ്യുമ്പോള്‍ എന്നെയും രഘുവേട്ടനെയും ഭയങ്കര വിശ്വസമാണ്. കാരണം ഞങ്ങള്‍ ഒന്നും ചെയ്യില്ലെന്ന് അദ്ദേഹത്തിന് അറിയാം.

മമ്മൂക്ക നിങ്ങള്‍ സൂപ്പറാക്കി എന്നൊക്കെ പറഞ്ഞാല്‍ പിന്നെ അദ്ദേഹം തകര്‍ക്കും. അദ്ദേഹമാണ് എന്റെ ഊര്‍ജം. കാരണം ഇപ്പോഴും സിനിമകളോടുള്ള ത്വര കാണുമ്പോള്‍ അത് ഒരു പ്രചോദനമാണ്,” ബാബുരാജ് പറഞ്ഞു.

പഴയ സിനിമകളില്‍ സ്ഥിരമായി വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നത് കൊണ്ട് കുട്ടികള്‍ തന്നെ കാണുമ്പോള്‍ ഓടി മറയാറുണ്ടെന്നും അത് വിഷമം ഉണ്ടാക്കിയതിനേക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.

”സ്ഥിരമായിട്ട് വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് ഒക്കെ എന്നെ പേടിയായിരുന്നു. എന്നെ കാണുമ്പോള്‍ ആ പരിസരത്ത് വരില്ലായിരുന്നു. അത് എനിക്ക് വിഷമം ഉണ്ടാക്കും. കാരണം പോസിറ്റീവ് ചെയ്യുന്ന കഥാപാത്രങ്ങളെ ആയിരുന്നു കുട്ടികള്‍ക്ക് ഇഷ്ടം.

അതിനേക്കുറിച്ച് ക്യാപ്റ്റന്‍ രാജു ചേട്ടനും എന്നോട് പറഞ്ഞിട്ടുണ്ട്. ഭയങ്കരമായിട്ട് ശാപം കിട്ടുന്ന സംഭവമാണ് നമ്മള്‍ ചെയ്യുന്നതെന്നും ആളുകള്‍ അറിയാതെ നമ്മളെ ശപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ നമ്മള്‍ ചെയ്യുന്ന കഥാപാത്രം ആളുകളില്‍ ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുന്നത് കൊണ്ടാണല്ലോ അത്തരം റെസ്പോണ്‍സ്. അതുകൊണ്ട് ചെയ്യുന്ന കഥാപാത്രം അതിന്റെ തീവ്രതയില്‍ ചെയ്യണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വില്ലനെ കണ്ട് ആളുകള്‍ ചിരിക്കരുതല്ലോ,” ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

content highlight: actor babu raj about mammootty

Latest Stories

We use cookies to give you the best possible experience. Learn more